മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ജാഫര്‍ ഇടുക്കി. ഇന്ന് സിനിമാരംഗത്ത് ഏറെ തിരക്കുള്ള നടന്‍ കൂടിയാണിദ്ദേഹം. സിനിമയിലെ തുടക്കകാലത്ത് ചെറിയ വേഷങ്ങളായിരുന്നു താരം ചെയ്തിരുന്നത്.

എന്നാല്‍ പിന്നീട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ചുരുളി, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം പ്രശംസനീയമായിരുന്നു. മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബ്ന്ധപ്പെട്ട ഉയര്‍ന്ന പേരുകളില്‍ ജാഫറിന്റേതുമുണ്ടായിരുന്നു.
ഇപ്പോഴിതാ അതേപ്പറ്റി തുറന്ന് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി. കലാഭവന്‍ മണിയുമായി തനിക്ക് നല്ല സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും ആ സംഭവത്തിന് പിന്നാലെ തനിക്ക് കുറേക്കാലത്തേക്ക് സിനിമകളൊന്നുമില്ലായിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിച്ചതിന് ശേഷമേ നല്‍കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് ഒരു വ്യക്തിയുടെ ജീവന്‍ തന്നെ തകര്‍ക്കുമെന്നും താനും അനുഭവിച്ചിട്ടുണ്ടെന്നും കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഒന്നരക്കൊല്ലമാണ് താന്‍ വീട്ടിലിരുന്നതെന്നും ജാഫര്‍ ഇടുക്കി പറയുന്നു.
നുണ പരിശോധന, നാര്‍ക്കോ അനാലിസിസ് എന്നിവെയെല്ലാം കടന്നുപോയി. തനിക്കിപ്പോള്‍ ശരീരവേദനയാണെന്നും റേഡിയേഷനടിച്ചിട്ട് മുട്ടുവേദനയാണെന്നും കുറേപേര്‍ തന്നെ ദ്രോഹിച്ചു, ഒരാളെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ അവര്‍ക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ടെന്ന കാര്യം ആലോചിക്കണമെന്നും ജാഫര്‍ ഇടുക്കി പറയുന്നു.









