സിനിമയിലും സീരിയലിലെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് സീമ ജി നായര്‍. ഇന്നും അഭിനയരംഗത്ത് തുടരുന്നു ഈ താരം. അഭിനയത്തിനൊപ്പം തന്നെ ചാരിറ്റി പ്രവര്‍ത്തനവും ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി പേരെയാണ് സീമ സഹായിച്ചിട്ടുള്ളത്.
തന്റെ കയ്യില്‍ ലക്ഷങ്ങള്‍ ഒന്നുമുണ്ടായിട്ടല്ല. എന്നാല്‍ പലരുടെയും സഹായത്തോടെയാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്ന് സീമ പലതവണ പറഞ്ഞിട്ടുണ്ട്. സീമയുടെ നന്മ പ്രവൃത്തികളെ നിറഞ്ഞ മനസ്സോടെയാണ് മലയാളികള്‍ ഏറ്റെടുത്തിട്ടുള്ളത്.
ഏറ്റവും ഒടുവിലായി അമ്മാളു അമ്മ എന്ന ആരാധികയെ മമ്മൂക്കയുടെ മുന്നിലെത്തിച്ച സീമയുടെ നല്ല മനസ്സിന് കൈയ്യടിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
പറവൂരുള്ള അമ്മാളുഅമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായി കാണുന്നുവെന്ന് സീമ ജി നായര്‍ പ്രതികരിച്ചു. മമ്മൂക്കയോട് നമുക്കുള്ള ആരാധനയൊന്നും ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോഴാണ് മനസ്സിലായതെന്നും സീമ പറയുന്നു.
മമ്മൂക്കയുടെ ഏത് സിനിമ വന്നാലും ഫസ്റ്റ് ഷോ കാണാന്‍ അമ്മ തിയ്യേറ്ററിലുണ്ടാവും. സിനിമകളുടെ പോസ്റ്ററുകളുടെ നടുവിലാണ് ഉറക്കമെന്നും ഒടുവില്‍ മമ്മൂക്കയെ നേരില്‍ കണ്ട് അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ ആ അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നുവെന്നും സീമ പറയുന്നു.
സീമ ജി നായരുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘ഈ നല്ല ദിവസത്തില്‍ ഒരുപാട് സന്തോഷത്തോടെ ഈ നല്ല ഫോട്ടോ നിങ്ങള്‍ക്കായി തരുന്നു.പറവൂരെ അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം. രണ്ടുമൂന്നു വര്‍ഷത്തിലേറെയായി അമ്മയുടെ ഈ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ടായിരുന്നു.
യാദൃച്ഛികമായി പറവൂര്‍ നിന്ന് രാധിക അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു എന്നെ കോണ്ടാക്ട് ചെയ്തു. കുറച്ചു ലിങ്കും അയച്ചു തന്നു. ഞാന്‍ പിഷാരടിയോടു ഈ കാര്യം പറഞ്ഞു. അമ്മയുടെആഗ്രഹം സാധിക്കാനായി അങ്ങനെ വഴി തെളിഞ്ഞു. സത്യം പറയട്ടെ അദ്ദേഹത്തോട് നമുക്കുള്ള ആരാധന ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോളാണ് മനസിലായത്.
മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാന്‍ ‘അമ്മ ഉണ്ടാവും. തീയറ്ററുകളില്‍ ഒട്ടിക്കുന്ന പോസ്റ്ററുകളുടെ നാടുവിലാണുറക്കം. ആ അമ്മയുടെ മനസ്സ് നിറഞ്ഞു മമ്മൂക്ക യാത്ര ആക്കുമ്പോള്‍ ഒറ്റ ആഗ്രഹം ആണ് അമ്മക്കുണ്ടായിരുന്നത്.
ഇനി കുറെ അമ്പലങ്ങളില്‍ നേര്‍ച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാന്‍ ഉള്ള നേര്‍ച്ചയായിരുന്നു അത്’, എന്നാണ് അമ്മാളു അമ്മയെ കുറിച്ച് സീമ ജി നായര്‍ പറഞ്ഞത്.