ഏറെ ഭാഗങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞു, പക്ഷേ ധനുഷിന്റെ വടചെന്നൈ 2 റിലീസാവില്ല; കാരണം ഇതാണ്

45

തമിഴകത്തിന്റെ സൂപ്പർ താരം ധനുഷിന്റെ ഏറെ ചർച്ചയായ വട ചെന്നൈയ്ക്ക് രണ്ടാംഭാഗമില്ല. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതം പറയുന്ന സിനിമയുടെ ആദ്യഭാഗത്തിനൊടുവിൽ രണ്ടാംഭാഗത്തിനു വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകരോടു പറയുന്നുമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ രണ്ടാംഭാഗത്തിൽ നിന്നു പിന്മാറുകയാണെന്ന് അണിയറപ്രവർത്തകർ അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളിൽ നിന്നുണ്ടായ എതിർപ്പിനെത്തുടർന്നാണ് സംവിധായകൻ വെട്രിമാരൻ സിനിമയുടെ ചിത്രീകരണം ഉപേക്ഷിച്ചത്.

Advertisements

സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയതിനു പിന്നാലെ വടക്കൻ ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. അതിനാൽ രണ്ടാംഭാഗം അതേ സ്ഥലത്തുതന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് വെട്രിമാരൻ ഇതിൽ നിന്നു പിന്മാറിയത്.

കൂടാതെ ആദ്യഭാഗത്തിൽ വേഷമിട്ട ചില അഭിനേതാക്കൾ മറ്റ് സിനിമകളുടെ തിരക്കിലുമാണ്.
50 കോടിയിലേറെ വരുമാനം നേടിയ സിനിമയുടെ 20 ശതമാനത്തിലേറെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരുന്നു. വട ചെന്നൈ’ എന്നാൽ വടക്കൻ ചെന്നൈ എന്നാണ് അർഥം. വെട്രിമാരൻ നാലാമത് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.

കാരംസ് കളിക്കാരനാണ് ഇതിൽ ധനുഷിന്റെ അൻപ് എന്ന കഥാപാത്രം. അമീർ, ആൻഡ്രിയ ജെറമിയ, ഐശ്വര്യാ രാജേഷ് തുടങ്ങിയവരാണു മറ്റു പ്രമുഖതാരങ്ങൾ. കഴിഞ്ഞവർഷം ഒക്ടോബറിലാണ് വട ചെന്നൈ റിലീസ് ചെയ്തത്.

ധനുഷിനെ നായകനാക്കി വെട്രിമാരൻ അസുരൻ എന്ന സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരാണ് നായിക. അസുരന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement