42 വയസായിട്ടും മഞ്ജു നിന്ന് ചിരിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു, വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

47

വിവാഹത്തിന് മുമ്പും വിവാഹമോചനത്തിന് ശേഷവുമായിട്ടുള്ള 2 വരവുകളിലുമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഗംഭീര വേഷങ്ങൾ ചെയ്ത മലയാള സിനിമയിലെ നമ്പർ വൺ നായികയാണ് മഞ്ജു വാര്യർ.
മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും യുവ നടിമാർക്ക് വെല്ലുവിളിയാണ് മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ.

കലോൽസവ വേദിയിൽനിന്നും മോഹൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി മഞ്ജു വാര്യർ അരങ്ങേറ്റം കുറിച്ചു.

പിന്നീട് ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച മഞ്ജുവാര്യർ തന്റെ ആദ്യ നായകനായ ദിലീപിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു. എന്നാൽ നീണ്ട 14 വർഷത്തിന് ശേഷം മഞ്ജു വാര്യർ പഴയതിനേക്കൾ ശക്തയായി തിരിച്ചു വരികയായിരുന്നു.

ഇതിനിടെ ദിലീപുമായുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴുകയും ഇരുവരും വേർപിരിയുകയും ആയിരുന്നു. 2014 ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവ് ഗംഭീരമാക്കിയ താരത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

പിന്നീട് ഇങ്ങോട്ട് താരത്തിന്റെ മികച്ച വേഷങ്ങളും സിനിമകളും വീണ്ടും പിറവിയെടുക്കുകയായിരുന്നു. യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി അഭിനയിച്ചു വരുന്ന മഞ്ജു തമിഴകത്തിന്റെ സൂപ്പർ താരം ധനുഷിന് ഒപ്പം അസുരൻ എന്ന സിനിമയിലും നായികയായി എത്തി. ഇപ്പോൾ ബോളിവുഡിലേക്കും എത്തുകയാണ് താരം.

അതേ സമയം ഇക്കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പുത്തൻ സ്‌റ്റൈലിഷ് ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒറ്റ നോട്ടത്തിൽ 18 കാരി എന്ന് ഏവർക്കും തോന്നിപ്പോകുന്ന കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാൽ ഈ കൂട്ടത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തെ താഴ്ത്തി കെട്ടുന്ന തരത്തിലുള്ള കമെന്റ് കളുമായി രംഗത്ത് എത്തിയിരുന്നു മഞ്ജു മുഴുവൻ മെയ്ക്കപ്പ് ആണെന്നും ശാലീന സുന്ദരി ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയു നടിയുമായ കാവ്യ മാധവൻ തന്നെ ആണെന്നായിരുന്നു ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്.

എന്നാൽ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകി മഞ്ജുവിനെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചുള്ള ഡോക്ടർ ഷിംന അസീസ് കുറിച്ച കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

തനിക്ക് വേണ്ടി ഒരു ആയുസുകളഞ്ഞ പെണ്ണിനെ വലിച്ചെറിഞ്ഞ് മൂന്നാം ദിവസം വെറുത്തിടെ കൂടെ പൊറുതി തുടങ്ങിയാലും ആണുങ്ങളെ പിന്തുണക്കുന്ന ഇരട്ട താപ്പൻ സമൂഹമാണ്. 42വയസായിട്ടും മഞ്ജു നിന്ന് ചിരിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു, അത് അവരുടെ ചെറുപ്പം കണ്ടിട്ടുള്ള അസൂയ അല്ല മറിച്ച് പൊരുതി തോൽപിച്ച അരക്കെട്ടുറപ്പിച്ച വ്യവസ്ഥിതികളെ തോൽപ്പിക്കാൻ ധൈര്യമായി മുന്നിട്ടിറങ്ങുമെന്നുള്ള ഭയം കൊണ്ടാണ് എന്നാണ് ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ചത്

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം ഇങ്ങനെ:

ശരിക്കും പറഞ്ഞാൽ ആ ബ്ലാക്ക് സ്‌കർട്ടും ഷർട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചർച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോരാൻ അങ്ങേയറ്റം സ്ട്രഗിൾ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ. സിനിമാനടന്റെ ഭാര്യ ആയാലും വേറെ ഏതൊരുത്തനെ സഹിക്കുന്നോളായാലും ഇനി എനിക്ക് വയ്യ’എന്നുറപ്പിച്ച് ഇറങ്ങിപ്പോന്ന് കഴിഞ്ഞാൽ അവളോട് സമൂഹം എജ്ജാതി ദ്രോഹങ്ങളാണ് ചെയ്യുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

അവരെക്കുറിച്ച് കഥ കെട്ടി ചമക്കാൻ എക്സ് ഭർത്താവും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരും ഒക്കെ തമ്മിൽ കോമ്പറ്റീഷൻ ആയിരിക്കും. ‘ആ മക്കളെ ഓർത്തൂടായിരുന്നോ അവൾക്ക്’ എന്ന ക്ലീഷേ ചോദ്യവും ഉറപ്പ്. മക്കൾക്ക് നൂറ് രൂപയുടെ കളർബോക്സ് വാങ്ങുന്നേന് കണക്ക് പറയുന്നവനായിരിക്കും ചിലപ്പോ മേൽ പറഞ്ഞ ബീജദാതാവ്.

അതൊക്കെ ആർക്കറിയണം, ആണല്ലേ ആണെപ്പോഴും ശരിയും പെണ്ണെപ്പോഴും പിശകുമായ ലോകമാണ് ഈ 2021ലും. നേരെ മറിച്ച് പെണ്ണിനെ കളയുന്ന ആണിന് ചോദ്യോമില്ല ഉത്തരോമില്ല, ഒരു തേങ്ങേം കാണില്ല. തനിക്ക് വേണ്ടി ഒരായുസ്സ് കളഞ്ഞ പെണ്ണിനെ വലിച്ചെറിഞ്ഞ് മൂന്നിന്റന്ന് അയാൾ വേറൊരുത്തീടെ കൂടെ പൊറുതി തുടങ്ങിയാലും, ആണുങ്ങളല്ലേ മിടുക്കൻമാരായാൽ അങ്ങനാ എന്ന് ഇതേ ഇരട്ടത്താപ്പൻ സമൂഹം പറയും.

ഇങ്ങനെയൊക്കെയായിട്ടും, 42 വയസ്സായിട്ടും മഞ്ജു വാര്യർ നിന്ന് ചിരിക്കുമ്പോ ചിലർക്കെല്ലാം പൊള്ളുന്നതേ, അവരുടെ ചെറുപ്പം കണ്ടിട്ട് അസൂയ തോന്നീട്ടല്ല. അവർ പൊരുതി തോൽപ്പിച്ച ചില അരക്കിട്ടുറപ്പിച്ച വ്യവസ്ഥിതികളെ തോൽപ്പിക്കാൻ ബോധമുള്ള പെണ്ണുങ്ങൾ ധൈര്യത്തോടെ മുന്നിട്ട് വരുമെന്ന് ഭയന്നിട്ടാണ്.

തങ്ങളുടെ സുഖങ്ങൾക്കായി ചവിട്ടി പിടിക്കുന്നിടത്തെ സഹനം വലിച്ചെറിഞ്ഞ് കളഞ്ഞ് പെണ്ണുങ്ങൾ ജീവിച്ച് തുടങ്ങുമോ എന്ന ആധിയിൽ നിന്നുമുണ്ടാകുന്ന ഉള്ളിലെ ആന്തലിൽ നിന്നാണ്.
അത് കൊണ്ട് തന്നെ കറുത്ത മിഡിയും വെള്ള ഷൂസുമൊന്നുമല്ല വിഷയം, മഞ്ജു വാര്യരുമല്ല വിഷയം. അവരുടെ ചിരിയിലെ തെളിച്ചമാണ്. ഗ്രേറ്റ് കിച്ചനിന്റെ ക്ലൈമാക്സിൽ നിമിഷ സജയൻ റീലിൽ കാണിച്ചതിന്റെ റിയൽ ലൈഫ് വേർഷൻ.

ജീവിക്കാൻ തീരുമാനിച്ചിറങ്ങിയ പെണ്ണിന്റെ ചിരി…

അതേ സമയം കൈനിറയെ ചിത്രങ്ങളുമായി ലേഡി സൂപ്പർ സ്റ്റാർ തിരക്കിലാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിട്ട ദി പ്രീസ്റ്റാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചതുർമുഖം, കയറ്റം, മരക്കാർ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.