മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഷാഫി. സൂപ്പർ താരങ്ങളേയും യുവനിരയേയും ഒക്കെ വെച്ച് ഷാഫി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും എന്ന സുപ്പർഹിറ്റ് ചിത്രത്തിലാണ് കോട്ടയം കുഞ്ഞച്ഛന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി ഒരു കംപ്ലീറ്റ് ഹ്യൂമർ കഥാപാത്രം ചെയ്യുന്നത്.
ലാലിനൊപ്പമുള്ള മമ്മൂട്ടിയുടെ ശിവൻ എന്ന കഥാപാത്രം മുൻ മാതൃകകളില്ലാത്ത വിധം വേറിട്ട കഥാപാത്രമായിരുന്നു. തൊമ്മനായി രാജൻ പി ദേവും തൊമ്മന്റെ വളർത്തു മക്കളായി മമ്മൂട്ടിയും ലാലും നിറഞ്ഞു നിന്ന സിനിമ ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച സിനിമയുടെ ആദ്യകാല കാസ്റ്റിംഗിനെക്കുറിച്ച് സംവിധായകൻ ഷാഫി ഒരിക്കൽ തുറനന്നു പറഞ്ഞിരുന്നു.
മുമ്പ് ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൊമ്മനും മക്കളും എന്ന സിനിമയുടെ ആദ്യ കാസ്റ്റിങിനെക്കുറിച്ച് ഷാഫി മനസ്സ് തുറന്നത്. ഷാഫിയുടെ വാക്കുകൾ ഇങ്ങനെ:
തൊമ്മനും മക്കളും എന്ന ചിത്രം ആദ്യം ആലോചിച്ചത് അന്നത്തെ യുവനിരയെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ റോളിൽ പൃഥ്വിരാജും ലാലിന്റെ റോളിൽ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി.
അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും മമ്മുക്ക ചെയ്യാമെന്ന് ഏൽക്കുന്നതും. അതിലെ ഹ്യൂമറൊക്കെ അന്നത്തെ യുവ താരങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വിധമാണ് എഴുതിയിരുന്നത്. മമ്മുക്കയും, ലാലേട്ടനും വന്നപ്പോൾ ഞങ്ങൾ അവരുടെ രീതിയിലേക്ക് മാറ്റിയെഴുതിയില്ല.
പക്ഷേ എന്നിട്ടും മമ്മുക്കയും ലാലേട്ടനും അത് ചെയ്തപ്പോൾ യുവതാരങ്ങൾ ചെയ്യുന്നതിനേക്കാൾ മുകളിൽ പോയി. അത് അവരുടെ എക്സ്പീരിയൻസിന്റെ ഗുണമാണതെന്നും ഷാഫി വെളിപ്പെടുത്തിയിരുന്നു.