മോഹൻലാലിന്റേതടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്തിട്ടും എന്ത് കൊണ്ട് ഒരു കാർ വാങ്ങിയില്ല: തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്

40

മലയാളത്തിലെ കുടംബ സിനിമകളുടെ അമരക്കാരമനാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഗ്രാമീണ ഭംഗി തുളുമ്പുന്ന, കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിൽ എന്നും മുൻ പന്തിയിലുള്ള സത്യൻ അന്തിക്കാട് തന്റെ ഒരു പൂർവ്വകാല അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഇപ്പോൾ.

താൻ സ്വന്തമായി പുതിയ ഒരു കാർ വാങ്ങുന്നതിന് മുമ്പുള്ള ഒരു സംഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ബസ് യാത്രകൾ നൽകിയ സ്മരണകളിലേക്ക് ആഴ്ന്നിറങ്ങുന്ന സത്യൻ അന്തിക്കാട് ഒരു തനി മലയാളിയെ ഓർമ്മിപ്പിക്കുകയാണ് തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ

Advertisements

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ നിന്നുമുള്ള ആ രസകരമായ സംഭാഷണം ഇങ്ങനെ:

മുറ്റത്ത് കിടക്കുന്ന പഴയ മാരുതി കണ്ട് ഈയിടെ വീട്ടിൽ വന്ന ഒരു അതിഥി ചോദിച്ചു: ‘ഇതാണോ ആദ്യം വാങ്ങിയ കാർ? അതെ, എത്ര വർഷമായിട്ടുണ്ടാവും? മുപ്പതു വർഷം കഴിഞ്ഞു. ‘തലയണമന്ത്ര’ത്തിന്റെ ജോലികൾ നടക്കുന്ന സമയത്താണ്.

അതിഥിക്ക് അദ്ഭുതം! അപ്പോൾ, നാടോടിക്കാറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും സന്മനസ്സുള്ളവർക്ക് സമാധാനവും വരവേല്പും പൊന്മുട്ടയിടുന്ന താറാവുമൊക്കെ സംവിധാനം ചെയ്യുന്ന കാലത്ത് കാറില്ലേ?’
‘ഇല്ല.’ ഞാൻ പറഞ്ഞു. അന്തിക്കാടുനിന്ന് എവിടെ പോകാനും ഇഷ്ടം പോലെ ബസ് ഉണ്ടല്ലോ, കാർ ഒരു അത്യാവശ്യഘടകമല്ലായിരുന്നു.’

പറഞ്ഞത് സത്യമാണ്. സ്വന്തമായി ഒരു കാർ എന്നത് അന്തസ്സിന്റെ പ്രതീകമായി ഒരിക്കലും തോന്നിയിട്ടില്ല. മാത്രമല്ല, ബസ് യാത്രകൾ രസമുള്ള ഒരുപാട് അനുഭവങ്ങൾ തന്നിട്ടുമുണ്ട്.

ഒരിക്കൽ തൃശ്ശൂരിലെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് അന്തിക്കാട്ടേക്കുള്ള കെകെ മേനോൻ ബസിലിരിക്കുകയാണ് ഞാൻ. പുറപ്പെടാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു നിറയുന്നതേയുള്ളൂ. ഒരു മുറുക്കാൻ വിൽപ്പനക്കാരൻ മുറുക്കാൻ ചുരുട്ടിവെച്ച കുട്ടയുമായി ബസിൽ കയറി.

‘ഇനിയാർക്കാ മുറുക്കാൻ കിട്ടാത്തത്? ആളുകൾ അതു ശ്രദ്ധിക്കുന്നില്ല. മുറുക്കാൻ കിട്ടാത്തവരുണ്ടെങ്കിൽ മടിക്കാതെ ചോദിച്ചുവാങ്ങണം. വണ്ടി പുറപ്പെട്ടിട്ട് കിട്ടിയില്ലെന്ന് പരാതി പറയരുത്. പെട്ടെന്ന് എന്റെ മുന്നിലെ സീറ്റിലിരുന്ന ഒരു നാട്ടിൻ പുറത്തുകാരൻ വിളിച്ചു പറഞ്ഞു:

എനിക്കു കിട്ടിയില്ല വിൽപ്പനക്കാരൻ അയാൾക്ക് മുറുക്കാൻ നൽകി. കിട്ടിയ ഉടനെ അയാളത് വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. വിൽപ്പനക്കാരൻ കാശിന് കൈനീട്ടിയപ്പോൾ മുറുക്കിക്കൊണ്ടിരുന്നവനൊന്നു ഞെട്ടി.
അപ്പോൾ ഇത് ഫ്രീയല്ലേ’ അയാൾ വിചാരിച്ചത് ആ ബസിൽ ടിക്കറ്റിനോടൊപ്പം സൗജന്യമായി മുറുക്കാൻ കൂടി കിട്ടുമെന്നാണ്.

അത്രയും വിശ്വസിപ്പിക്കുന്ന വിധത്തിലായിരുന്നു ‘ഇനിയാർക്കാ മുറുക്കാൻ കിട്ടാത്തത്’ എന്ന ചോദ്യം. പ്രാകിക്കൊണ്ട് മടിക്കുത്തിൽ നിന്ന് അയാൾ കാശെടുത്ത് കൊടുക്കുന്ന രംഗം ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

വ്യത്യസ്ത സ്വഭാവക്കാരായ ഒരുപാടാളുകൾ കയറുന്ന ബസിൽ നിന്ന് ഇതുപോലെ എന്തെങ്കിലുമൊക്കെ എനിക്കു ലഭിക്കാറുണ്ടായിരുന്നു. കാർ വാങ്ങാതിരുന്നത് ബസ് യാത്രയോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല കേട്ടോ. അന്നൊക്കെ സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു സന്തോഷമെന്നും സത്യൻ അന്തിക്കാട് പറയുന്നു.

Advertisement