മുടിയൊക്കെ വെട്ടി അന്ന് ഞാൻ വേറെ സ്റ്റൈലാണ്, എന്നെ നോക്കി അദ്ദേഹം ചോദിച്ചത് ഇങ്ങനെ: മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് പൊന്നമ്മ ബാബു

44

മലയാള സിനിമയിൽ സഹനടിയായും അമ്മനടിയായും ചേച്ചിയായും ഒക്കെ തിളങ്ങിയ താരമാണ് നടി പൊന്നമ്മ ബാബു. നാടക രംഗത്തുനിന്നാണ് പൊന്നമ്മ ബാബു സിനിമയിൽ എത്തിയത്. അമ്മയായും ചേച്ചിയായും നെഗറ്റീവ് ഷേഡുളള മറ്റു കഥാപാത്രങ്ങളും നടിയുടെ കരിയറിൽ പുറത്തിറങ്ങി.

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുളള സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ പ്രധാന്യമുളള റോളുകൾ പൊന്നമ്മ ബാബു ചെയ്തു. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങളും ചെയ്ത് നടി പ്രേക്ഷക പ്രശംസ നേടി. മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിലേക്ക് എങ്ങനെ അവസരം ലഭിച്ചു എന്ന് പറയുകയാണ് പൊന്നമ്മ ബാബു ഇപ്പോൾ

Advertisements

ടോക്സ് ലെറ്റ് മീ ടോക്ക് എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി യുടെ വെളിപ്പെടുത്തൽ.
പൊന്നമ്മ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

കളിവീട് എന്ന സിനിമ കഴിഞ്ഞാണ് ലോഹിതദാസ് സാർ ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിലുണ്ട്, പോയി കാണണമെന്ന് സിബി മലയിൽ സാർ എന്നോട് പറയുന്നത്. സല്ലാപം നൂറാം ദിവസമായ സമയത്ത് മമ്മൂക്കയുടെ ചേച്ചി ആയിട്ട് അഭിനയിക്കാൻ ഒരാള് വേണം എന്ന് ലോഹി സാർ സിബി സാറിനോട് പറഞ്ഞിരുന്നു.

അങ്ങനെ സിബി സാറാണ് പൊന്നമ്മ ബാബു എന്ന ഒരാളുണ്ട്, ലോഹി വിളിച്ച് കാണ് എന്ന് പറഞ്ഞത്. ലോഹി സാർ എന്നോട് ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ വരാൻ പറഞ്ഞു. അവിടെ എത്തിയ ശേഷം ലോഹി സാർ എന്റെ കണ്ണിലോട്ട് കുറെ നേരം നോക്കി നിന്നു. അപ്പോ എന്റെ മുടി ഒകെ അന്ന് വെട്ടി വേറെ സ്റ്റൈലായിട്ട് കിടക്കുവാണ്.

അങ്ങനെ സാറ് കുറെ എന്നെ നോക്കി, പിന്നെ പറഞ്ഞു ഞങ്ങളുടെ ഒകെ കണ്ണിൽ നിന്ന് മറഞ്ഞ് ഇത്രയും കാലം എവിടെ ആയിരുന്നു എന്ന്. നമുക്ക് ഒരു വേഷം ചെയ്തുകളയാം അല്ലെ എന്ന് എന്നോട് ലോഹി സാറ് പറഞ്ഞു. പിന്നെ ഡയലോഗ് ഒകെ നന്നായി പറയുമല്ലോ എന്നും ചോദിച്ചു.

ആ പറയാം സാറെ എന്ന് മറുപടി കൊടുത്തു. നാടകം അല്ലെ അപ്പോ മോശമാവില്ല നമുക്ക് അറിയാം. പക്ഷേ കഥാപാത്രത്തിന്റെ ഭാഷ വളളുവനാടൻ ശൈലിയാ, കോട്ടയം അല്ല, ലോഹി സാറ് പറഞ്ഞു. കുഴപ്പമില്ല സാറെ ഞാനത് പറയാം എന്ന് ഞാൻ പറഞ്ഞു. ഭാഷ പ്രശ്‌നമില്ലെന്ന് ലോഹി സാറിനോട് പറഞ്ഞെങ്കിലും എന്റെ മനസിൽ ആകെ ഒരു തേങ്ങലായി.

കാരണം ഞാൻ തനി പാലാ കോട്ടയം കാരിയാ. എനിക്ക് ആ ഭാഷയാണ് വരാറുളളത് അങ്ങനെ വസ്ത്രങ്ങളുടെ അളവ് കൊടുത്തിട്ട് പോവാൻ ലോഹി സാറ് പറഞ്ഞു. അന്ന് എന്താ എന്റെ വേഷമെന്ന് ഞാൻ ചോദിച്ചു. മമ്മൂട്ടിയുടെ ചേച്ചിയാണെന്ന് ലോഹി സാറ് പറഞ്ഞു. അന്ന് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഇന്നും അതോർക്കുമ്പോൾ എനിക്ക് രോമാഞ്ചം വരും. മമ്മൂക്കയെ അതുവരെ നേരിൽ കണ്ടിട്ടില്ല. സ്‌ക്രിനീലാണ് കണ്ടത്. മമ്മൂക്കയെയും ലാലേട്ടനെയും ഇഷ്ടമാണ്. മമ്മൂക്കയുടെ ചേച്ചി എന്നത് സ്വപ്നത്തിലാണോ നേരാണോ എന്ന് ആലോചിരിക്കുവാണ്. കുറെ ദിവസം ഇക്കാര്യങ്ങൾ ഓർത്ത് ഉറക്കം വന്നില്ല.

പിന്നെ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു. ഉദ്യാനപാലകൻ എന്ന സിനിമ എനിക്ക് ബ്രേക്ക് നൽകി.മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടുവെന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.

Advertisement