വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ പിള്ള. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട്. മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തിൽ തുടക്കം കുറിച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ് ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു, പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു.
മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ദിവ്യ പിള്ള തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ദുബായിലാണ് ജനിച്ചതും വളർന്നതും എങ്കിലും ജീവിതരീതികളിൽ മലയാളിത്തം ദിവ്യ പിള്ള വിട്ടുകളഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദിവസങ്ങളിലെ എണ്ണ തേച്ചുകുളിയും അമ്പലദർശനവും ദിവ്യയുെട ജീവിതത്തിന്റെ ഭാഗമായിരുന്നു. സൗന്ദര്യ സംരക്ഷണത്തിലാകട്ടെ നാടൻ രീതികളായിരുന്നു ദിവ്യയ്ക്കു പ്രിയം.
തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഫുൾ ക്രെഡിറ്റ് ദിവ്യ നൽകുന്നത് അമ്മ ചന്ദ്രികാ പിള്ളയ്ക്കാണ്.അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ബ്യൂട്ടി ടിപ്സ്സ വെളിപ്പെടുത്തുകയാണ് ദിവ്യ പിള്ള ഇപ്പോൾ.
എന്റെ അമ്മ നഴ്‌സ് ആയിരുന്നു നമ്മുടെ ചർമത്തിനു എന്തു വേണം, വേണ്ട എന്നതിനെക്കുറിച്ചൊക്കെ അമ്മയ്ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. സൗന്ദര്യ സംരക്ഷണത്തിൽ അമ്മയുടേതായ ഒട്ടേറെ ടിപ്‌സ് ഉണ്ട്. ദുബായിൽ വെള്ളിയാഴ്ച ആണല്ലോ പൊതുഅവധി. അന്ന് എണ്ണ തേച്ചുകുളിക്കണമെന്ന് അമ്മയ്ക്കു നിർബന്ധമാണ്.
ആദ്യം ശരീരം മുഴുവൻ എണ്ണ തേച്ചു പിടിപ്പിക്കും. പിന്നെ കടലമാവ്, മഞ്ഞൾ, പയറുപൊടി പാൽ, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് ശരീരം മുഴുവൻ പുരട്ടും. പത്ത് മിനിറ്റ് കഴിഞ്ഞാണ് കുളിക്കുക. തലയിൽ എണ്ണ പിടിച്ച ശേഷം കുറച്ചു നേരത്തേയ്ക്ക് പിന്നി കെട്ടിവയ്ക്കും.
കോളജിൽ പോകുന്നതു വരെ എല്ലാ വെള്ളിയാഴ്ചയും ഈ ശീലം ഉണ്ടായിരുന്നു. അതിൽ മുടക്കം വരുത്താൻ അമ്മ സമ്മതിച്ചിരുന്നില്ല. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിൽ കല്ലുപ്പ് പൊടിച്ചതു യോജിപ്പിച്ച് ദേഹം മുഴുവൻ പുരട്ടും. സ്‌ക്രബ് പോലെ. ശേഷം മുകളിൽ പറഞ്ഞ കൂട്ട് സോപ്പ് പോലെ തേയ്ക്കും. ശരീരത്തിലെ എണ്ണമയം മുഴുവൻ പോകും. മൃദുവാകുകയും ചെയ്യും.
പയർ പൊടിക്കുപകരം ഓട്‌സ് പൊടിച്ചതും ഉപയോഗിക്കും. ചെറുപ്പത്തിൽ അമ്മ െചയ്തുതരുമായിരുന്ന കുറെ പൊടിക്കൈകൾ ഉണ്ട്. റോസാപ്പൂ കഴുകി വെള്ളത്തിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം അരച്ചെടുത്ത് ചുണ്ടിൽതേയ്ക്കും. ബീറ്റ്‌റൂട്ട് അരച്ച് മുഖത്ത് പുരട്ടുമായിരുന്നു. ഇങ്ങനെ ചെയ്താൽ കവിളിനു നല്ല റോസ് നിറം ലഭിക്കും.
ചർമം ക്ലീൻ ആവുകയും ചെയ്യും. ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കും. മുഖത്തിലെയും ശരീരത്തിലെയും കരുവാളിപ്പു മാറാൻ ഉരുളക്കിഴങ്ങ് സഹായിക്കും. പഴുത്ത പപ്പായ ഉടച്ചെടുത്ത് മുഖത്തു പുരട്ടും. മുടിയിൽ തൈര് തേയ്ക്കും. എണ്ണ ചൂടാക്കി, അതിൽ ഉള്ളിയും കുരുമുളകും ഇട്ട ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കും. ചെറിയ ഉള്ളി അരച്ചതു തലയിൽ പുരട്ടിയ ശേഷം മസാജ് ചെയ്യും.
ഇത് മുടി കൊഴിച്ചിൽ മാറ്റും. പുരികം കൊഴിച്ചിൽ മാറാൻ ആവണക്കെണ്ണ പുരട്ടുമായിരുന്നു. വീട്ടിൽ എന്താണോ ഉള്ളത് അതാണ് അമ്മ ഉപയോഗിച്ചിരുന്നത്. അല്ലാതെ സൗന്ദര്യസംരക്ഷണത്തിനായി വില കൂടിയ ഉൽപന്നങ്ങൾ വാങ്ങാറില്ലായിരുന്നു. അൽപ്പം മുതിർന്ന ശേഷം പിന്നെ അമ്മയ്ക്കു പിടി കൊടുക്കാതെയായി. എന്നാലും ആഴ്ചയിൽ രണ്ടു തവണ കടലമാവ്, പയറുപൊടി എന്നിവ ഉപയോഗിച്ചുള്ള തേച്ചു കുളി മുടക്കാറില്ല.
പിന്നെ വെളിച്ചെണ്ണയും ഉപ്പും കൊണ്ടുള്ള ബോഡി സ്‌ക്രബും. മുടിയിലെ വരൾച്ച മാറാൻ തൈരും മുട്ടയുടെ മഞ്ഞയും യോജിപ്പിച്ച് മുടിയിൽ തേയ്ക്കും. പിന്നെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയും. മുടി നല്ല സോഫ്റ്റ് ആകും. ഷാംപൂ സ്ഥിരം ബ്രാൻഡ് ഇല്ല. പുതിയ ബ്രാൻഡ് കണ്ടാൽ അതും പരീക്ഷിക്കും. ഷൂട്ടിങ്ങിനിടെ സൺടാൻ വന്നാൽ ഉരുളക്കിഴങ്ങ് പേസ്റ്റ് പുരട്ടും. ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ തൈര് തക്കാളിയും നല്ലതാണ്. താമസിക്കുന്നിടത്ത് എന്താണോ ലഭ്യമായത് അത് ഉപയോഗിക്കും.
ബ്രാൻഡഡ് മേക്കപ്പ് ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. ചർമം സെൻസിറ്റീവ് ആണ്. അതിനാൽ നല്ല ഉൽപന്നങ്ങൾ മാത്രമെ ഉപയോഗിക്കൂ. മേക്കപ്പ് കളയാൻ വെളിച്ചെണ്ണയാണ് എന്റെ ചർമത്തിന് ചേരുന്നത്. പിന്നെ ഫേയ്‌സ് വാഷ് കൊണ്ടു മുഖം വൃത്തിയാക്കും. എന്നും രാത്രി കിടക്കുന്നതിനു മുൻപ് കുളി കഴിഞ്ഞ് ശരീരത്തിൽ മോയിസ്ചറൈസർ പുരട്ടും. മുഖത്ത് മോയിസ്ചറൈസറും സീറവും പുരട്ടിയ ശേഷം
ഫേയ്‌സ് റോളർ കൊണ്ട് മുഖത്തിലും കഴുത്തിലും മസാജ് ചെയ്യും. ബ്യൂട്ടി പാർലറിൽ കെരാറ്റിൻ ട്രീറ്റ്‌മെന്റ് ചെയ്യാനും മുടി മുറിക്കാനും പോകും. ത്രെഡ്ഡിങ് ഒക്കെ സ്വന്തമായി ചെയ്യും. പെഡിക്യൂർ, മാനിക്യൂർ എന്നിവ മാസത്തിൽ രണ്ടു തവണ ചെയ്യാറുണ്ടെന്നും താരം പറയുന്നു.