നെൽസൺ ദിലീപ് കുമാർ ഒരുക്കന്ന വിജയ് ചിത്രത്തിന് ശേഷം പ്രേക്ഷകർ കെജിഎഫിനെ മറക്കും: ഉറപ്പുനൽകി അണിയറ പ്രവർത്തകർ

31

തമിഴകത്തിന്റെ ദളപതി വിജയ് മാസ്റ്റർ എന്ന സൂപ്പർ ഹിറ്റിന് ശേഷം നായകനായെത്തുന്ന പുതിയ ചിത്രം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ദളപതി 65 എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ഈ ചിത്രം മികച്ച ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. കെജിഎഫിനേക്കാൾ മികച്ച ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൽ വിജയ് വ്യത്യസ്തമായ ലുക്കിൽ ആയിരിക്കുമെന്നും പറയപ്പെടുന്നു.

Advertisements

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും ദളപതി 65 എന്നും ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ കണ്ടതിന് ശേഷം ആരാധകർ കെജിഎഫിനെ മറക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു. കെജിഎഫിനായി സംഘട്ടനങ്ങൾ ഒരുക്കിയ അൻപറിവാണ് ദളപതി 65 നായി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.

അൻപുമണി, അറിവുമണി എന്നീ ഇരട്ടസഹോദരന്മാർ ചേർന്നറിയപ്പെടുന്ന പേരാണ് അൻപറിവ്. ഇതുക്ക് താനേ ആസൈപ്പെട്ടൈ ബാലകുമാരാ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അൻപറിവ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉൾപ്പടെയുളള ഭാഷകളിൽ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.

സോളോ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളത്തിലും പ്രവർത്തിച്ചു. കെ ജി എഫ് പാർട്ട് 1 ലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. അതേസമയം ദളപതി 65ൽ പൂജ ഹെഗ്ഡെ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ അണിയറപ്രവർത്തകരിൽ നിന്ന് യാതൊരു ഔദ്യോഗിക വിവരവും പുറത്തുവന്നിട്ടില്ല. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ചിത്രത്തെപ്പറ്റി മറ്റു വിവരങ്ങൾ ലഭ്യമല്ല.

അതേ സമയം ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ വിജയിയുടെ കരിയറിലെ തന്നെ വൻവിജയം ആയി മാറിയിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ തിയ്യറ്റർ റിലീസായെത്തിയ മാസ്റ്റർ തീയ്യറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു.

മക്കൾ ശെൽവൻ വിജയ് സേതുപതിയുടെ വില്ലൻ വേഷവും ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു. മാളവിക മോഹൻ ആണ് മാസ്റ്ററിൽ വിജയിക്ക് നായികയായി എത്തിയത്.

Advertisement