വെറുമൊരു റൂമർ അല്ല സത്യം തന്നെ; വിജയിയെ നായകനാക്കി ചിത്രമൊരുക്കാൻ വെട്രിമാരൻ, ചരിത്രം പിറക്കും എന്ന് ആരാധകർ

30

തമിഴിലെ പുതുനിര സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനാണ് വെട്രിമാരൻ. ഇതിനോടകം തന്നെ നാല് ദേശീയ അവാർഡുകൾ കരസ്ഥമാക്കി കഴിഞ്ഞ വെട്രിമാരൻ. ധനുഷ് നായകനായ ‘ആടുകളം’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ വെട്രിമാരന്റെ വിസാരണൈ എന്ന ചിത്രം ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമെന്ന ഖ്യാതിയും നേടിയെടുത്തിരുന്നു.

ഇപ്പോഴിതാ തമിഴ് സിനിമയിൽ ഏറെ ആരാധകരുള്ള നടനായ ദളപകി വിജയിയും വെട്രിമാരൻ ഒന്നിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദളപതി വിജയിയെ നായകനാക്കി വെട്രിമാരൻ ഒരു ചിത്രം ചെയ്യാൻ പദ്ധതിയിടുന്നതായി നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.

Advertisements

ഇരുഭാഗങ്ങളിൽ നിന്നും ഈ വാർത്തയ്ക്കൊരു ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാഞ്ഞതുകൊണ്ടുതന്നെ ഇത് വെറുമൊരു റൂമർ എന്നപേരിൽ പലരും തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, താൻ വിജയിയെ നായകനാക്കി തീർച്ചയായും ഒരു ചിത്രമൊരുക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ.

വിജയ് ചിത്രം ആരംഭിക്കുന്നതിന് മുൻപേ, നടൻ സൂരിയെ നായകനാക്കിയുള്ള ഒരു കൊച്ചു ചിത്രവും, അതിന് ശേഷം, സൂര്യ നായകനാകുന്ന വാടിവാസൽ എന്ന ചിത്രവും വെട്രിമാരന് പൂർത്തിയാക്കേണ്ടതുണ്ട്. ഒരു പക്ഷേ, ഒരു ധനുഷ് ചിത്രവും ഇതിനിടയിൽ വെട്രിമാരൻ ഒരുക്കാൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അങ്ങനെയെങ്കിൽ, അടുത്ത വർഷം അവസാനമോ, അല്ലേൽ 2022 തുടക്കത്തിലോ മാത്രമേ വിജയ് ചിത്രം ആരംഭിക്കാൻ സാധ്യതയുള്ളൂ എന്ന് കരുതാം. വിജയിയും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. പുറത്തിറങ്ങാൻ തയ്യാറായി ഇരിക്കുന്ന ലോകേഷ് കനകരാജ് ഒരുക്കിയ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം, സൺ പിക്ചേഴ്സ് നിർമ്മിച്ച് എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തത് അഭിനയിക്കുക.

വിജയ് മുരുഗദോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ തുപ്പാക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും ഇതെന്നറിയുന്നു. ഇതിനിടെ, കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ചിത്രത്തിൽ നിന്നും പിന്മാറി എന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

വിജയിയുടെ സൂപ്പർഹിറ്റ് ചിത്രമായ മെർസൽ നിർമ്മിച്ച ശ്രീ തേനൻദൽ ഫിലിംസ് ആയിരിക്കും അതിനുശേഷമുള്ള വിജയ് ചിത്രം നിർമ്മിക്കുക എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ആ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്ന കാര്യം ഇതുവരെ തീരുമാനം ആയിട്ടില്ല.

ഇപ്പോഴൊന്നും ഉറപ്പിച്ച് പറയാൻ കഴിയില്ലേലും, ഒരുപക്ഷേ സൗകര്യം ഒത്തുവന്നാൽ, വെട്രിമാരൻ തന്നെ ആ ചിത്രം സംവിധാനം ചെയ്‌തേക്കാം. എന്തായാലും, അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട വെട്രിമാരൻ സംവിധാനം ചെയ്യുന്നൊരു ചിത്രത്തിൽ, വിജയ് നായകനായ് വരുന്നു എന്നറിഞ്ഞത് മുതൽ ആരാധകർ ആവേശത്തിലാണ്. ഈ ചിത്രം സാധ്യമാകുന്നെേതാ ചരിത്രം പിറക്കും എന്നത് ഉറപ്പാണ്.

Advertisement