മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സർവ്വകാല റെക്കോർഡ് ചിത്രം ഭീഷ്മ പർവ്വത്തിലെ ആകാശം പോലെ എന്ന ഗാനത്തിന്റെ വീഡിയോ സോംഗ് പുറത്തിറങ്ങി. യുവ താരങ്ങളായ ശ്രീനാഥ് ഭാസിയും അനഘയുമാണ് ഈ ഗാനരംഗത്തിൽ എത്തിയിരിക്കുന്നത്.
ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വന്നപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പടം പുറത്തിറങ്ങിയപ്പോഴും ഈ ഗാന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അനഘയുടം ശ്രീനാഥ് ഭാസിയും ഒത്തുള്ള ചൂടൻ രംഗങ്ങൾ തന്നെയാണ് ഗാനം യുവാക്കളുടെ ഇടയിൽ ഹരമായി മാറാൻ കാരണമായത്. പ്രേക്ഷകർ കാത്തിരുന്ന ഭീഷ്മ പർവ്വത്തിലെ ഒരു പാട്ട് കൂടിയാണ് ആകാശം പോലെ.
മനോഹരമായ ഈ മെലഡിക്ക് വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹംസിക അയ്യർ, കപിൽ കപിലൻ എന്നിവർ ചേർന്നുമാണ്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസി, അനഘ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനത്തിലൂടെ എടുത്തു കാണിച്ചിരിക്കുന്നത്.
മാർച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പർവ്വത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിയ സിനിമ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. അമൽ നീരദ് ആയിരുന്നു ഭീഷ്മ പർവ്വത്തിന്റെ സംവിധായകൻ.
ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമലും ഒന്നിച്ച സിനിമകൂടിയാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിക്ക് പുറമേ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
മുഖ്യധാരാ സിനിമയിൽ കൾട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിച്ചത്. ബിഗ് ബിയുടെ തുടർച്ചയായ ബിലാൽ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാൽ വലിയ കാൻവാസും നിരവധി ഔട്ട്ഡോർ സീക്വൻസുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ അസാധ്യമായതിനാൽ ആ ഇടവേളയിൽ ഭീഷ്മ പർവ്വം ചെയ്യുകയായിരുന്നു.