കുറേപ്പേർ ബൊക്കെ തരും വേറെ കുറേപ്പേർ കല്ലെറിയും, ബൊക്കെ സ്വീകരിക്കുക മറ്റേത് മറക്കുക: തന്നെ ട്രോളിയവർക്ക് ചുട്ട മറുപടിയുമായി ആനി

237

മലയാള സിനിമാ ലോകത്ത് നായികയായി തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന താരസുന്ദരിയാണ് നടി ആനി. തിരക്കഥാകൃത്തും സംവിധായകനും നയനുമായ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

1993 ൽ ആയിരുന്നു ആനി നായികയായി എത്തിയത്. പിന്നീട് മൂന്നു വർഷം കൊണ്ട് ഈ നടി ഏകദേശം പതിനാറോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. അതിനു ശേഷം സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച ആനി അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു.

Advertisements

എന്നാൽ മിനിസ്‌ക്രീൻ അവതാരകയായി 2015 ആനി തിരിച്ചു വന്നു. സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുന്ന ആനിയുടെ പ്രോഗ്രാം വളരെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ആനീസ് കിച്ചൻ എന്ന ആ ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ഈ നടി സമൂഹമാധ്യമങ്ങളിൽ സമീപകാലത്ത് കൂടുതൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

അതിനു മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ ആനി. ആ ഷോയിലെ ആനിയുടെ പല അഭിപ്രായങ്ങളും പാരമ്പര്യവാദത്തിൽ ഊന്നിയതും സ്ത്രീവിരുദ്ധവും ആണെന്ന് വിമർശനം വന്നു. നടി നിമിഷാ സജയനും ആയുള്ള അഭിമുഖത്തിൽ താൻ മേക്കപ്പ് ഉപയോഗിക്കാറില്ലെന്നു നിമിഷ പറഞ്ഞപ്പോൾ സിനിമാ നടിമാർ അപ്പിയറൻസിൽ ഏറെ ശ്രദ്ധിക്കണമെന്ന് ആനി അഭിപ്രായപ്പെട്ടതിനേയും സോഷ്യൽ മീഡിയ വിമർശിച്ചു.

എന്നാൽ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താൻ ചെയ്തത് എന്നും അഭിനയിക്കുന്ന കാലത്ത് മേക്കപ്പ് ഇടാതെ അഭിനയിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താനും ഏറെ ആഗ്രഹിച്ചിട്ടുണ്ട് എന്നും ആനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുതിയ തലമുറ ഏറെ പരീക്ഷണങ്ങൾക്ക് തയ്യാറാവുന്നവർ ആണെന്നും നിമിഷ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ കൂടുതൽ അറിയാനുള്ള താൽപ്പര്യം കൊണ്ട് കേട്ടിരിക്കുകയാണ് ഉണ്ടായതെന്നും ആനി പറഞ്ഞു.

നിമിഷയുമായുള്ള അഭിമുഖം മുഴുവൻ കണ്ടതിനു ശേഷമാണ് ആളുകൾ ട്രോളിയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നെന്നും ചില ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ചിട്ടാണ് ആളുകൾ ട്രോളിയതെന്നും ആനി ചൂണ്ടിക്കാട്ടി. ഇന്നത്തെ കുട്ടികളുടെ സ്വാതന്ത്ര്യം ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, ഒട്ടേറെ നിയന്ത്രണങ്ങൾക്കിടയിൽ വളർന്നു വന്ന തനിക്ക് ആ കാലത്ത് ഉണ്ടായിരുന്നില്ലായെന്നും ആനി വിശദീകരിച്ചു.

ആനിയുടെ വാക്കുകൾ ഇങ്ങനെ:

ദൈവം എന്നെ ലൈംലൈറ്റിൽ നിൽക്കാൻ അനുവദിച്ചത് മൂന്നുവർഷക്കാലമാണ്. ഞാൻ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ ഗുരുക്കന്മാരിൽ നിന്നും ഞാൻ മനസ്സിലാക്കിയത് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് ലെജൻഡ്‌സ് ആണെന്നാണ്. എന്റെ പരിമിതമായ അറിവിൽ ലെജൻഡ്സ് അങ്ങനെ ചെയ്യുന്നത് ആ ക്യാരക്ടറിനെ അത്രമാത്രം ഉൾക്കൊണ്ട് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ അവർക്ക് കഴിയും എന്ന ഉറപ്പുള്ളതു കൊണ്ടാണ്.

ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾ മേക്കപ്പ് ഇല്ലാതെയാണ് അഭിനയിക്കുന്നത് എന്ന് കേട്ടപ്പോൾ ശരിക്കും എനിക്ക് അതിശയമാണ് തോന്നിയത്. സാധാരണക്കാരുടെ ഇടയിൽ ആർട്ടിസ്റ്റ് എന്നാൽ സിനിമയിലെന്ന പോലെ ജീവിതത്തിലും എല്ലായ്‌പ്പോഴും മേക്കപ്പ് ചെയ്ത് മാത്രം പൊതുവേദിയിൽ വരുന്ന ഒരു ഗ്രൂപ്പ് ആളുകൾ ആണെന്നുള്ള വിചാരം പണ്ടു മുതലേ ഉണ്ടായിരുന്നു.

അങ്ങനെയുള്ള തെറ്റിദ്ധാരണകൾ മാറ്റാനും മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കുട്ടികൾ നമ്മുടെ ഇൻഡസ്ട്രിയൽ ഉണ്ട് എന്നൊരു ഇൻഫർമേഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് അന്നത്തെ ആ പ്രോഗ്രാമിലൂടെ ഞാൻ ശ്രമിച്ചത്.

ഒരിക്കൽ പോലും ഞാൻ ആ പ്രോഗ്രാമിൽ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. മുഴുവൻ കാണാതെ ഇങ്ങനെയുള്ള ട്രോളുകൾ ഇറങ്ങുന്നത് കാണുമ്പോൾ സാധാരണ സ്ത്രീ എന്ന നിലയിൽ വിഷമം ഉണ്ട്. പക്ഷേ ഞാൻ അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് ശ്രമിക്കുന്നത്. ആ ട്രോൾ ഉണ്ടാക്കിയ ആളോട് എനിക്ക് ദേഷ്യവും ഇല്ല. ഞാൻ കാരണം ഒരാളെങ്കിലും പ്രശസ്തനാവുന്നെങ്കിൽ അത് നല്ലതല്ലേ? പക്ഷേ സാധാരണയായി നമ്മളൊക്കെ പറയുന്ന നാട്ടുവർത്തമാനം എന്ന രീതിയിൽ ഞാൻ പറഞ്ഞതെല്ലാം വല്ലാതെ വളച്ചൊടിച്ചു. ഇതിൽ കൂടുതൽ എനിക്ക് ഒന്നും അതേപ്പറ്റി പറയാനില്ല.

ഞാൻ ഒരു ജോയിന്റ് ഫാമിലിയിൽ വളർന്നയാളാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള എല്ലാ അമ്മമാരും ഒരു കുടുംബം എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്നു എന്ന് ഞാൻ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു. എന്റെ അമ്മ എന്നെ പഠിപ്പിച്ചത് എപ്പോഴും സ്ത്രീകൾ ഭർത്താവിനെക്കാൾ കുറച്ചു താഴ്ന്ന് നിൽക്കണം എന്നാണ്. ഞാൻ അനുസരിക്കുന്നതും അതാണ്. അതിൽ ഇപ്പോഴും എനിക്ക് ഒരു കുറ്റബോധവും ഇല്ല.

എന്നാൽ ഇന്നത്തെ കുട്ടികൾ സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ നിൽക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. അവർ അങ്ങനെ മുന്നോട്ടു പോകട്ടെ. പിന്നെ ഏട്ടൻ എപ്പോഴും പറയുന്നത് ഓരോ കാര്യം നമ്മൾ ചെയ്യുമ്പോഴും കുറേപ്പേർ നമുക്ക് ബൊക്കെ തരും വേറെ കുറേപ്പേർ കല്ലെറിയും. ബൊക്കെ സ്വീകരിക്കുക. മറ്റേത് മറക്കുക എന്നാണെന്നും ആനി പറയുന്നു.

Advertisement