ലൂസിഫറിലെ വരിക വരിക സഹജരേ എന്ന ഗാനത്തിന് എതിരെ പ്രതിഷേധം

41

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വരിക വരിക സഹജരേ എന്ന ഗാനം വികലമായി അവതരിപ്പിച്ചുയെന്ന ആരോപണവുമായി ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ് രംഗത്ത്.

ചിത്രത്തിന്റെ തിരകഥകൃത്ത് കൂടിയ മുരളി ഗോപിയാണ് ഗാനം പാടിയിരിക്കുന്നത്. അതേസമയം അംശി നാരായണ പിള്ള രചിച്ച് ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ യഥാര്‍ത്ഥ ഗാനത്തിന്റെ ചടുലതയും മാര്‍ച്ച് പാസ്റ്റിന്റെ സ്വഭാവവും മാറ്റി ഓര്‍ക്കസ്ട്രേഷനില്‍ വരെ മാറ്റം വരുത്തിയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഈ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

Advertisements

ഇത് ദീപക് ദേവിന്റെ സ്ഥിരം പരിപാടിയാണെന്നും ആരുടെയെങ്കിലും ഏതെങ്കിലുമൊക്കെ പാട്ടുകള്‍ ഇത്തരത്തില്‍ നേരത്തെയും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ദേവരാജന്‍ ഈണം നല്‍കിയ ഗാനത്തെ വികലമാക്കുകയാണ് ചെയ്തതെന്ന് ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ് ആരോപിക്കുന്നു.

ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതാണ്. ലൂസിഫറിലെ ഗാനത്തിന് ദേവരാജന്‍ മാഷാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നുണ്ട്.

ഓര്‍ക്കസ്ട്രേഷനും റിപ്പീറ്റേഷനുമെല്ലാം മാറ്റി ഉപയോഗിക്കാന്‍ അനുവാദം ആവശ്യമുണ്ട്. ഇത്തരമൊരു അനുവാദം ദേവരാജന്‍ മാഷിന്റെ കുടുംബത്തില്‍ നിന്നും എടുത്തിട്ടില്ല. എന്നാല്‍ അവരെയോ ലൂസിഫര്‍ എന്ന സിനിമയെയോ ഈ വിഷയത്തില്‍ വിവാദത്തിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ് വിശദീകരിക്കുന്നു.

ദേവരാജന്‍ സ്മാരക ട്രസ്റ്റ് പ്രതിനിധികള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ ‘കേവലം മലയാളികളുടെ ഒരു രീതിയാണ് ഇത്. ഒന്നിനെയും അംഗീകരിക്കില്ല’ എന്നായിരുന്നു ദീപക് ദേവിന്റെ പ്രതികരണമെന്നും അവര്‍ പറയുന്നു.

അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളികള്‍ ഒന്നടങ്കം അംഗീകരിച്ച ഗാനമാണ് ഇതെന്നായിരുന്നു അവരുടെ മറുപടി. ദേവരാജന്‍ മാഷ് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് കേസ് പോകുമായിരുന്നെന്നും അവര്‍ പറയുന്നു. ബിജു നാരായണന്‍ ഒരിക്കല്‍ മാഷിന്റെ ചില ഗാനങ്ങള്‍ ഓര്‍ക്കസ്ട്രേഷനോ ഒന്നും മാറ്റാതെ അതേപടി ആലപിച്ചിരുന്നു.

എന്നാല്‍ ദേവരാജന്‍ മാഷ് ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. എന്നാല്‍ ബിജു നാരായണന്‍ ആയതുകൊണ്ടും അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പ് ചോദിച്ചത് കൊണ്ടുമാണ് ഇതില്‍ നിന്നും പിന്മാറിയതെന്നും ട്രസ്റ്റിലെ ഒരു അംഗം വിശദീകരിച്ചു.

Advertisement