സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം

4

കോട്ടയം : ആദ്യസിനിമ പ്രദര്‍ശനത്തിന് സൗദി അറേബ്യയില്‍ ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ ലോകോത്തര തിയറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കായാണ് ആദ്യപ്രദര്‍ശനം നടന്നത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ തന്നെ പ്രേക്ഷകര്‍ തിയറ്ററിലെത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് അല്‍ അവ്വനാധ് ഉദ്ഘാടനം ചെയ്തു. ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുമുണ്ടായിരുന്നു. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാന്‍തര്‍’ ആണ് ബുധനാഴ്ച പ്രദര്‍ശിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രദര്‍ശനം തുടരും. പൊതുജനങ്ങള്‍ക്ക് മേയ് മാസം മുതലാണ് സിനിമ ഹാള്‍ തുറന്നു കൊടുക്കുക. ടിക്കറ്റ് വില്‍പന ഈമാസം അവസാനത്തോടെ തുടങ്ങും. സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് അല്‍ അവ്വനാധ് ഉദ്ഘാടനം ചെയ്യുന്നു അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയാണ് തിയറ്റര്‍ സജ്ജീകരിച്ചത്.

സിംഫണി കണ്‍സേര്‍ട്ട് ഹാള്‍ എന്ന നിലയില്‍ നിര്‍മിച്ച സംവിധാനമാണ് തിയറ്റര്‍ ആക്കി മാറ്റിയത്. എ.എം.സിയുടെ മേല്‍നോട്ടത്തില്‍ ലോകോത്തര നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കിയ തിയറ്ററില്‍ 620 സീറ്റുകളാണ് സജ്ജമാക്കിയത്. തുകല്‍ സീറ്റുകളാണ് മുഴുവനും. മെയിന്‍ ഹാളും ബാല്‍ക്കണിയുമായി രണ്ട് തട്ടുകളിലാണ് സീറ്റുകള്‍ സംവിധാനിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള മാര്‍ബിള്‍ ബാത്‌റൂമുകളാണിവിടെ.രണ്ടു മാസത്തിനകം ഇതേ സമുച്ചയതത്തില്‍ മൂന്നു സ്‌ക്രീനുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യമെങ്ങും 40 തിയറ്ററുകള്‍ നിലവില്‍ വരും.

Advertisements

മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മിച്ച സൂപ്പര്‍ഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയില്‍ റിലീസ് ചെയ്ത ‘ബ്ലാക് പാന്‍തര്‍’. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് ആന്‍ഡ് മോഷന്‍ പിക്‌ചേഴ്‌സ് ആണ് വിതരണക്കാര്‍. മാറുന്ന സൗദിയടെ ചരിത്രത്തിലെ സുപ്രധാന സംഭവമായാണ് സിനിമാശാലകളുടെ തുടക്കത്തെ വിലയിരുത്തുന്നത്. വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക മേഖലയില്‍ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു

Advertisement