ദുബായ്-അബുദാബി യാത്ര വെറും 12 മിനിറ്റില്‍

17

കോട്ടയം :അബുദാബിക്കും ദുബായിക്കും ഇടയില്‍ ഇന്നവേഷന്‍ കേന്ദ്രം വരുന്നു.അതിവേഗ യാത്രയ്ക്കുള്ള ഹൈപ്പര്‍ലൂപ് പദ്ധതിയുടെ ഗവേഷണങ്ങള്‍ക്കും ആസൂത്രണത്തിനും ഉള്‍പ്പെടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണിത്. സീഹ് അല്‍ സിദൈറ മേഖലയില്‍ നിര്‍മിക്കുന്ന തന്ത്രപ്രധാന കേന്ദ്രത്തിനുള്ള ധാരണാപത്രത്തില്‍ കലിഫോര്‍ണിയയിലെ ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും (ടിടി) അബുദാബിയിലെ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസും ഒപ്പുവച്ചു.

പത്തുകിലോമീറ്റര്‍ പാത നിര്‍മാണത്തിന്റെ ആദ്യഘട്ടം അടുത്തവര്‍ഷം തുടങ്ങി 2020 എക്‌സ്‌പോയ്ക്കു മുന്നോടിയായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്ന് ഹൈപ്പര്‍ലൂപ് ടിടി ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു. അല്‍ദാര്‍ ഗ്രൂപ്പ് അല്‍ഗദീറില്‍ നിര്‍മിക്കുന്ന 1000 കോടി ദിര്‍ഹത്തിന്റെ പാര്‍പ്പിട പദ്ധതിക്കു സമീപമാണ് ഹൈപ്പര്‍ലൂപ് കേന്ദ്രം വരിക. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. വെറും 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റര്‍ താണ്ടി ദുബായില്‍ നിന്ന് അബുദാബിയിലെത്താം. ഇരുദിശയിലുമായി മണിക്കൂറില്‍ 10,000 പേര്‍ക്കു യാത്ര ചെയ്യാനാകും. ദുബായിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു രൂപകല്‍പന ചെയ്ത ഹൈപ്പര്‍ലൂപ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുഎസിലെ നെവാദ മരുഭൂമിയില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

Advertisements

യുഎഇയെ പോലെ പുരോഗമനപരമായി ചിന്തിക്കുന്ന രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതാണ് ലോകത്തിലെ ഏറ്റവും വേഗം കൂടിയ ഈ ഗതാഗത സംവിധാനമെന്ന് ഹൈപ്പര്‍ലൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഡിര്‍ക് അല്‍ബോണ്‍ പറഞ്ഞു. വിപ്ലവകരമായ ഗതാഗത സംവിധാനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് തലാല്‍ അല്‍ ധിയബി പറഞ്ഞു.

Advertisement