മലയാളികൾ മറക്കാൻ ഇടയില്ലാത്ത അഭിനയ പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അഭിനേതാവ് മാത്രമല്ല സംവിധായകനും കൂടിയായിരുന്നു അദ്ദേഹം. 2010 ലാണ് കൊച്ചിൽ ഹനീഫ അസുഖത്തെ തുടർന്ന് നമ്മെ വിട്ട് പിരിയുന്നത്. ഫെബ്രുവരി 2 ന് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞ് 13 വർഷം തികയുകയാണ്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾ പങ്ക് വെച്ചുക്കൊണ്ടുള്ള ഇന്നസെന്റിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാലന്റെ യാത്ര അന്തിക്കാട് വഴിയാണ് എന്ന പുസ്തകത്തിലാണ് ഇന്നസന്റ് കൊച്ചിൻ ഹനീഫയെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ; മമ്മൂട്ടി, കൊച്ചിൻ ഹനീഫ, മനോജ് കെ ജയൻ എന്നിവർക്കൊപ്പം താനും സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. പരസ്പരം പരിഹസിച്ചും തമാശകൾ പറഞ്ഞുമൊക്കെ സംഭാഷണം നീണ്ടു. അങ്ങനൊരു ദിവസം ‘ബൈബിൾ ഏത് ഭാഷയിലാണ് എഴുതിയതെന്ന്’, മമ്മൂട്ടി ചോദിച്ചു.
ആദ്യം ചോദിച്ചത് ഹനീഫയോട് ആയിരുന്നു. അറിയില്ലെന്ന് മറുപടി പറഞ്ഞു. അവസാനം ചോദ്യം എന്നോടായി. കൂട്ടത്തിലെ ഏക ക്രിസ്ത്യാനി ഞാൻ ആണല്ലോ.മമ്മൂട്ടി എന്നെ തറപ്പിച്ച് നോക്കി. എനിക്ക് ഉത്തരം അറിയില്ലെന്ന് ഞാൻ പറഞ്ഞു. മമ്മൂട്ടി ഗൂഢമായി ചിരിച്ചു എന്നിട്ട് ഹീബ്രുഭാഷയിലാണ് ബൈബിൾ എഴുതിയതെന്ന് പറഞ്ഞു. പെട്ടെന്ന് കൊച്ചിൻ ഹനീഫ എഴുന്നേറ്റ് ചെന്ന് മമ്മൂട്ടിക്ക് ഷേക്ക് ഹാൻഡ് കൊടുത്തു.
ഇവരെല്ലാം കൂടി എന്നെ കളിയാക്കിയപ്പോൾ ഞാൻ അതിന് വിശദീകരണം നല്കി. ‘ഹനീഫേ, ഹീബ്രുഭാഷയിലാണ് ബൈബിൾ എഴുതിയതെന്ന് അറിയുന്ന കുറച്ച് പേർ ഉണ്ടാകും. എന്നാൽ അവരെയൊന്നും ആർക്കും അറിയില്ല. ബൈബിൾ ഹീബ്രു ഭാഷയിലാണ് എഴുതിയതെന്ന് അറിയാത്ത എന്നെ ഒരുവിധം മലയളികൾക്കെല്ലാം അറിയാം. അതാണെന്റെ കളി’, എന്ന് ഞാനും പറഞ്ഞു. ഇത് കേട്ടതോടെ ഞാനൊരു ഭയങ്കരൻ തന്നെ എന്ന ഭാവത്തിലായി ഹനീഫ. എനിക്ക് ഷേക്ക് ഹാൻഡ് തരാൻ ആയി എഴുന്നേറ്റതും മമ്മൂട്ടി ഒന്ന് തറപ്പിച്ചുനോക്കി.
അദ്ദേഹം കൈ പെട്ടെന്ന് പൊള്ളിയത് പോലെവലിച്ചു. ഹനീഫയ്ക്ക് ഷേക്ക് ഹാൻഡ് കൊടുക്കാനായി നീട്ടിയ എന്റെ കൈ അന്തരീക്ഷത്തിൽ തങ്ങി നിന്നു. എനിക്കങ്ങനെ ഷെയ്ക്ക് ഹാൻഡ് തരാതെ എന്റെ ഹനീഫ നേരത്തെ പോയി. ലഭിക്കാതെ പോയ ആ ഷെയ്ക്ക് ഹാൻഡിനെയോർത്ത് ഞാൻ ഇന്നും വേദനിക്കുന്നു എന്നും ഇന്നസെന്റ് തന്റെ പുസ്തകത്തിൽ തുറന്ന് പറയുന്നുണ്ട്.