വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഷഫ്‌ന കാണിച്ച ധൈര്യമാണ് ഞങ്ങളുടെ ജീവിതം ഇവിടെവരെ എത്താൻ കാരണം ; ആ പന്ത്രണ്ടു ദിവസം അനുഭവിച്ച വിഷമങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല : പ്രണയകഥ തുറന്ന് പറഞ്ഞ് സജിൻ

173

മിനിസ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും പ്രണയനായകനാണ് സജിൻ. ദാമ്പത്യം എട്ടു വർഷം പിന്നിടുന്ന വേളയിൽ ഇതെല്ലാം ആലോചിക്കുമ്പോൾ രസകരമായി തോന്നുന്നുണ്ട്. പക്ഷേ അന്ന് അങ്ങനെ ആയിരുന്നില്ലെന്ന് സജിൻ പറയുന്നു. ഈ പ്രണയദിനത്തിൽ തന്റെ പ്രണയകഥ പ്രിയതാരം ഔരു സ്വകാര്യ മാധ്യമത്തിനോട് പങ്കുവച്ചിരിയ്ക്കുകയാണ്.

സുഹൃത്തുക്കൾക്കൊപ്പം ഭഗവാൻ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയപ്പോഴാണ് ഷഫ്‌നയെ ആദ്യമായി കാണുന്നത്. ഷഫ്‌ന ആ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യം കാരണം ഞാൻ ഒഡിഷനുകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പിന്നീട് ഷഫ്‌ന നായികയായ പ്ലസ്ടു എന്ന സിനിമയിൽ ഒരു വേഷം ചെയ്തു. അപ്പോഴാണ് അവളെ വീണ്ടും കണ്ടത്.

Advertisements

ആ സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എനിക്ക് ഷഫ്‌നയോട് ഇഷ്ടം തോന്നി. സിനിമയുടെ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും എനിക്ക് അവളോടുള്ള പ്രണയം സീരിയസ് ആയിത്തുടങ്ങിയിരുന്നു. ഞാൻ അത് തുറന്നു പറഞ്ഞു. കേട്ടപ്പോൾ ഇതൊക്കെ വേണോ എന്ന ഭാവമായിരുന്നു അവൾക്ക്. എന്നാൽ ഒടുവിൽ അവൾക്കും എന്നോട് ഇഷ്ടം തോന്നി.

മനസ്സിൽ ഇഷ്ടം ഉണ്ടെന്നല്ലാതെ ഇത് എങ്ങോട്ടു പോകുമെന്നോ എന്തായിത്തീരുമെന്നോ ഒരു ധാരണയും അന്ന് ഉണ്ടായിരുന്നില്ല. വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പ്രായമായിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞു ഷഫ്‌ന തിരുവനന്തപുരത്തേക്കും ഞാൻ തൃശൂരിലേക്കും മടങ്ങി. പിന്നെ ഫോൺ വിളികൾ മാത്രമായി ആശ്രയം. വല്ലപ്പോഴും ഞാൻ തിരുവനന്തപുരത്ത് പോയി അവളെ കാണും. ഷഫ്‌നയുടെ വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ ഇനി കാത്തിരുന്നാൽ ശരിയാകില്ല എന്നു തോന്നി. അങ്ങനെയാണ് വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.

ALSO READ
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

അവളെ കാണണമെങ്കിൽ ഞാൻ തൃശൂരിൽനിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യണം. ആ യാത്രകൾ ഒരിക്കലും മറക്കാനാവില്ല. അന്ന് എനിക്ക് കാര്യമായ ജോലിയൊന്നുമില്ല. കിട്ടുന്ന പണം തിരുവനന്തപുരം വരെ പോയി വരാൻ സൂക്ഷിച്ചു വയ്ക്കും.

കാറിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അവളുടെ വീട്ടിൽ അറിയാതെ നോക്കുകയും വേണമല്ലോ. അവളെ കണ്ടു മടങ്ങും. പിന്നെ അടുത്ത തവണ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ രസമായി തോന്നുമെങ്കിലും അന്ന് അതൊന്നും അത്ര എളുപ്പമായിരുന്നില്ല.

എന്തു വന്നാലും ഒന്നിച്ചു ജീവിക്കണം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നു. അതുകൊണ്ട് ഒന്നിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നില്ല. പക്ഷേ എങ്ങനെ എന്നുള്ളതായിരുന്നു ഭയപ്പെടുത്തിയത്. ഞങ്ങൾ രണ്ടു മതത്തിൽ നിന്നുള്ളവർ ആയതുകൊണ്ട് വീട്ടുകാർ അറിയുമ്പോൾ പ്രശനം ഉണ്ടാകുമെന്ന് ഉറപ്പാണ്.

എങ്കിലും പ്രണയത്തിൽ പെൺകുട്ടി ശക്തമായ തീരുമാനം എടുത്താൽ ഒന്നിക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. അത് പെൺകുട്ടിയുടെ ധൈര്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്തുവന്നാലും എന്നോടൊപ്പം ഉണ്ടാകുമെന്ന് ഷഫ്‌ന ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിലായിരുന്നു പിന്നീടുള്ള ജീവിതം. വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഷഫ്‌ന കാണിച്ച ധൈര്യമാണ് ഞങ്ങളുടെ ജീവിതം ഇവിടെവരെ എത്താൻ കാരണം.

വിവാഹം റജിസ്റ്റർ ചെയ്യുന്നതു വരെ പ്രണയം രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. എതിർപ്പുകൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായില്ല. എന്നാൽ അന്യമതത്തിൽപ്പെട്ട എന്നെ വിവാഹം കഴിക്കാൻ ഷഫ്‌നയുടെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് വിവാഹം റജിസ്റ്റർ ചെയ്തതിനുശേഷം വീട്ടിൽ പറഞ്ഞാൽ മതി എന്ന് തീരുമാനിച്ചത്. റജിസ്റ്റർ കഴിഞ്ഞു ഷഫ്‌ന അവളുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പോയി. പതിയെ വീട്ടിൽ വിവരം അറിയിക്കാം എന്നായിരുന്നു ഞങ്ങൾ കരുതിയത്.

എന്നാൽ ഷഫ്‌ന അന്നേ അറിയപ്പെട്ടിരുന്ന താരമായിരുന്നു. അതുകൊണ്ട് വിവാഹം റജിസ്റ്റർ ചെയ്തപ്പോൾതന്നെ ആരൊക്കെയോ അവളുടെ വീട്ടിൽ വിളിച്ച് വിവരം അറിയിച്ചു. അവളുടെ വീട്ടിൽ പ്രശ്‌നമുണ്ടായി. ഞാൻ അവളുടെ ബാപ്പയെ വിളിച്ചു സംസാരിച്ചു. അവർ എന്നോടോ ഷഫ്‌നയോടോ മോശമായൊന്നും പെരുമാറിയില്ല. എന്നാൽ ഷഫ്‌നയെ പറഞ്ഞു മനസ്സ് മാറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ 12 ദിവസങ്ങൾ ഞങ്ങൾ അനുഭവിച്ച മാനസിക പ്രയാസം ചെറുതല്ല.

അവർ അവളുടെ മൊബൈൽ പിടിച്ചു വാങ്ങിവച്ചിരുന്നില്ല. അതുകൊണ്ടു ആ ദിവസങ്ങളിലും ഫോണിലൂടെ സംസാരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ആ പന്ത്രണ്ടു ദിവസങ്ങളെക്കുറിച്ച് ഇപ്പോൾ വളരെ ലാഘവത്തോടെ പറയുന്നുണ്ടെങ്കിലും അന്ന് അനുഭവിച്ച വിഷമങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല. മിക്ക ദിവസവും ഞാൻ തിരുവനന്തപുരത്തേക്ക് വരും. അവളെ കാണാൻ ശ്രമിക്കും. അതിനു സാധിക്കാതെ തിരികെ വരും. ഒടുവിൽ എന്റെ വീട്ടുകാരോടൊപ്പം വന്ന് അവളെ കൂട്ടികൊണ്ടുപോയി.

ALSO READ
പ്രായം തീരെ കുറഞ്ഞ നായികമാരോട് ഒപ്പം താൻ സ്ഥിരം അഭിനയിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി കമൽ ഹാസൻ

ഷഫ്‌ന വന്നതുതന്നെ ജീവിതം മാറ്റിമറിച്ചുകൊണ്ടാണ്. വിവാഹതിനാകുമ്പോൾ എനിക്ക് 24 വയസ്സ്. അവൾക്ക് 23 ഉം. ഞാൻ സിനിമയിലേക്ക് കൂടുതൽ അവസരങ്ങൾ തേടി നടക്കുന്ന സമയം. വിവാഹശേഷം ഒഡിഷനു പോകുന്നതൊക്കെ അവസാനിപ്പിച്ച് മെഡിക്കൽ റപ്രസെന്റേറ്റീവ് ആയി ജീവിതം തുടങ്ങി. എന്റെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. എനിക്ക് തരക്കേടില്ലാത്ത വരുമാനം ഉണ്ടായിരുന്നു. പ്രണയിക്കുമ്പോഴുള്ള ജീവിതം ആയിരിക്കില്ല വിവാഹശേഷം.

പൂർണ്ണമനസ്സോടെ എല്ലാ പ്രശ്‌നങ്ങളും നേരിട്ട്, ഒത്തൊരുമിച്ച് മുന്നോട്ടു പോകാൻ രണ്ടു പേർക്കും കഴിയണം. എങ്കിലേ പ്രണയം നിലനിർത്താനാവൂ. ഞങ്ങളുടെ കാര്യത്തിൽ അങ്ങനെ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഞങ്ങൾ പരസ്പരം പിന്തുണയേകി എപ്പോഴും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുവർഷം വീട്ടിലിരുന്ന് മടുത്തപ്പോൾ അവൾ അഭിനയത്തിലേക്ക് തിരിച്ചു വന്നു. ജീവിതം ഒരുവിധം സ്ഥിരത കൈവരിച്ചപ്പോൾ എന്റെ അഭിനയമോഹം വീണ്ടും തലപൊക്കി. ഞാനും ഒഡിഷനുകൾക്ക് പോകാൻ തുടങ്ങി.

എനിക്കിപ്പോൾ സാന്ത്വനത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതും അവളുടെ പിന്തുണ കൊണ്ടാണ്. അത് എന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചു. സാന്ത്വനം എന്റെ മറ്റൊരു കുടുംബം കൂടിയാണ്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും ആദിത്യൻ സാറും തരുന്ന പിന്തുണ ചെറുതല്ല. മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത നേടാനും സാന്ത്വനം കാരണമായി.

കുടുംബമാണ് എനിക്ക് എല്ലാം. ഷൂട്ടിങ് കഴിഞ്ഞാൽ ഓടി വീട്ടിൽ എത്താനാണ് ആഗ്രഹം. പക്ഷേ ജോലിയും പ്രധാനമാണല്ലോ. ഷഫ്‌ന തെലുങ്കിലും മലയാളത്തിലും ഓരോ സീരിയൽ വീതം ചെയ്യുന്നുണ്ട്. മലയാളം ചെയ്തു കഴിഞ്ഞാൽ തെലുങ്ക് സീരിയിലിന്റെ ഷൂട്ടിനായി 15 ദിവസം ഹൈദരാബാദിലേക്ക് പോകേണ്ടി വരും. തിരുവനന്തപുരത്ത് ഷൂട്ടിങ് ഉള്ളപ്പോൾ അവൾ അവളുടെ വീട്ടിൽപോയി നിൽക്കും.

ഇപ്പോൾ എല്ലാവരും സ്‌നേഹത്തോടെയാണ് ജീവിക്കുന്നത്. ഞാനും ഷഫ്‌നയുടെ വീട്ടിൽ പോകുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ എനിക്ക് തിരുവനന്തപുരത്താണ് ഷൂട്ടിങ്. ഷഫ്‌നക്ക് ഷൂട്ടിങ് ഇല്ലാത്ത സമയവും. അതുകൊണ്ടു നിലവിൽ തിരുവനന്തപുരത്തെ ഒരു അപ്പാർട്ട്‌മെന്റിലാണ് ഞങ്ങളുടെ താമസം.

ALSO READ
നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോകൾ കണ്ടോ, കിടുക്കാച്ചിയെന്ന് ആരാധകർ

പ്രണയിക്കാൻ അങ്ങനെ പ്രത്യേകിച്ച് ഒരു ദിനം വേണമെന്നൊന്നും ഇല്ല. ജീവിതം മുഴുവൻ പ്രണയമല്ലേ. ഷഫ്‌നയാണ് ദിവസങ്ങൾ ഓർത്തു വയ്ക്കുക. അവൾ ഒപ്പമുണ്ടെങ്കിൽ എല്ലാ സ്‌പെഷൽ ദിവസവും എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്യും. ജോലിയുടെ തിരക്കുള്ളതുകൊണ്ടു മുൻകൂട്ടി ഒന്നും തീരുമാനിക്കാറില്ല. യാത്ര ചെയ്യാൻ ഞങ്ങൾ രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമാണ്.

അതുകൊണ്ടു ഒഴിവു കിട്ടുമ്പോൾ യാത്ര ചെയ്യും. വാലെന്റൈൻസ് ഡേയ്ക്ക് ഷൂട്ട് ഉണ്ട്. അതുകൊണ്ട് സെറ്റിൽതന്നെ ആയിരിക്കും. ഷഫ്‌ന ഒപ്പമുണ്ടാകും. അതുകൊണ്ട് അപ്പോൾ തോന്നുന്നതുപോലെ എന്തെങ്കിലും ചെയ്യും. അതല്ലാതെ പ്രണയദിനത്തിൽ പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ല എന്നും സജിൻ പറഞ്ഞു.

ആരെയും ഉപദേശിക്കാനുള്ള പരിചയസമ്പത്തൊന്നും എനിക്കില്ല. ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതേയുള്ളൂ. ഇഷ്ടമുള്ളവരെ സ്വന്തമാക്കുക തന്നെ വേണം. അത് വീട്ടുകാരുടെ ആശീർവാദത്തോടെ ആണെങ്കിൽ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകില്ല. ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ എന്തു പ്രതിസന്ധി ഉണ്ടായാലും ആ ഇഷ്ടം നിലനിർത്തിക്കൊണ്ടു പോകുന്നിടത്താണ് നമ്മുടെ വിജയം.

 

Advertisement