15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ബാബു ആന്റണിയെ വച്ച് വാരിയംകുന്നൻ ചെയ്യാമെന്ന് ഒമർ ലുലു

300

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറിയതിനുപിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇരുവരെയും പരിഹസിച്ച് ടി സിദ്ദിഖ് എംഎൽഎ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

‘വാരിയംകുന്നൻ’ വാർത്തകളിൽ ഇടം പിടിക്കുമ്പോൾ, സിനിമ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. നിർമ്മാതാവ് ഉണ്ടെങ്കിൽ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നൻ ചെയ്യാൻ തയ്യാറാണെന്ന് ഒമർ പറഞ്ഞു.

Advertisements

ALSO READ

വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിന്മാറി ആഷിക് അബുവും പൃഥ്വിരാജും ; രണ്ട് പേർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ച് ടി സിദ്ദിഖ് എംഎൽഎ

‘പ്രീ ബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും..’ ഒമർ ലുലു കുറിച്ചു.

അഭിനയിക്കാൻ ആളുണ്ടെങ്കിൽ സിനിമ നിർമ്മിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും മുന്നോട്ട് വന്നിരുന്നു.

സിനിമയുടെ പേരിൽ പൃഥ്വിരാജ് അടക്കമുള്ളവർ വലിയരീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

നിർമ്മാതാവുമായുള്ള തർക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു അറിയിച്ചു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ നിർമ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാർ പങ്കുവച്ചിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവിനും നിർമ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹർഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തന്റെ ചില മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റിൽ നിന്നും പിന്മാറിയിരുന്നു.

ALSO READ

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ? സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് , അല്ലാതെ നിലവാരം പരിശോധിക്കാനല്ല! ; ജൂറിയെ വിമർശിച്ച് ഹരീഷ് പേരടി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകൾ കൂടി പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നൻ, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നൻ, അലി അക്ബറിന്റെ ‘1921 പുഴ മുതൽ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകൾ.

ഇതിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്ബർ ചിത്രം മാത്രമാണ്. മമധർമ്മ എന്ന പേരിൽ രൂപീകരിച്ച പ്രൊഡക്ഷൻ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബർ ചിത്രമൊരുക്കുന്നത്. ആഷിക് അബുവിനേയും പൃഥ്വിരാജിനേയും കളിയാക്കിയുളള ടി സിദ്ദിക് എം എൽ എയുടെ പോസ്റ്റും ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

 

Advertisement