മരപ്പണിയ്ക്കിടെ ക്ഷീണിച്ചിരുന്നപ്പോള്‍ പാടിയ പാട്ട് ജീവിതം തന്നെ മാറ്റി: സ്വപ്ന ഗായകനൊപ്പം വേദി പങ്കിട്ട് രാകേഷ്; വീഡിയോ വൈറല്‍

10

നൂറനാട്: തൊട്ടടുത്ത് പ്രിയഗായകന്‍ നില്‍ക്കുന്നു, അദ്ദേഹത്തിനൊപ്പം നിന്ന് പാടുകയാണ്. സ്വപ്‌നസമാനമായ ആ നിമിഷങ്ങളെ എങ്ങനെ വിവരിക്കണമെന്ന് രാകേഷ് ഉണ്ണി എന്ന ചെറുപ്പക്കാരന് അറിയില്ല. എന്തായാലും തന്റെ സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. തടിപ്പണിക്കിടയില്‍ ജോലിയുടെ ആയാസം മാറ്റാന്‍ വെറുതെ പാടിയ ഒരു പാട്ടാണ് ഇന്ന് രാകേഷിനെ ശങ്കര്‍ മഹാദേവന്‍ എന്ന ഗായകന്റെ തൊട്ടടുത്ത് നിര്‍ത്തിയിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലില്‍ വച്ച് നടന്ന സംഗീത പരിപാടിയിലാണ് ശങ്കര്‍ മഹാദേവന്‍ ഒപ്പം പാടാന്‍ രാകേഷിനെ വിളിച്ചത്.

”എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോള്‍ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.” രാകേഷ് പറയുന്നു. ജൂലൈ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചകളില്‍ രാകേഷായിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. വിശ്രമവേളയില്‍ പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാട്ട് കേട്ട് ആയിരക്കണക്കിന് ആളുകളാണ് ആരാണീ പാട്ടുകാരന്‍ എന്ന് അന്വേഷിച്ചത്. സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ തന്റെ അടുത്ത സിനിമയില്‍ ഈ ഗായകനുണ്ടാകും എന്ന് ഔദ്യോഗിക പേജില്‍ പ്രഖ്യാപിച്ചു. പിന്നീട് ഈ പാട്ടുകാരനൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ശങ്കര്‍ മഹാദേവന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ഗായകനായ പന്തളം ബാലന്‍ തന്റെ പേജില്‍ രാകേഷിന്റെ പാട്ടിനെ പരിചയപ്പെടുത്തി. അങ്ങനെ ഒന്നു കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് രാകേഷിന്റെ ജീവിതം മാറിമറിഞ്ഞു.

Advertisements

കമല്‍ഹാസന്‍ എഴുതി ശങ്കര്‍ മഹാദേവനും കമലും ചേര്‍ന്ന് പാടിയ പാട്ടായിരുന്നു വിശ്വരൂപത്തിലേത്. തന്റെ പാട്ട് പാടിയ കലാകാരനെ നേരിട്ട് കാണാന്‍ കമല്‍ഹാസന്‍ ആഗ്രഹം പ്രകടിച്ചു. അങ്ങനെ രാകേഷ് ചെന്നൈയിലെത്തി ഉലകനായകനെ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ മുന്നിലിരുന്ന് പാടി. തന്റെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരവും കമല്‍ വാഗ്ദാനം ചെയ്തു. ശങ്കര്‍ മഹാദേവന്റെ ശബ്ദത്തില്‍ പാടുന്ന മലയാളിയെ തമിഴ് മാധ്യമങ്ങളും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. മുരളി അപ്പാടത്തിന്റെ ഒരു തമിഴ്പാട്ടായിരുന്നു ആദ്യം രാകേഷിനെ തേടിയെത്തിയത്. അതിന് ശേഷം കൈനിറയെ പാട്ടുകള്‍.

ജിനോ കുന്നുംപുറത്തിന്റെ ക്രിസ്ത്യന്‍ ഭക്തിഗാനം പാടാനൊരുങ്ങുകയാണ് രാകേഷ് ഇപ്പോള്‍. പ്രസാദ് നൂറനാടിന്റെ ചിലപ്പോള്‍ പെണ്‍കുട്ടി എന്ന സിനിമയില്‍ അജയ് സരിഗമയുടെ സംഗീത സംവിധാനത്തില്‍ ഒരു പാട്ട് പാടി. വൈറല്‍ 2019 എന്ന സിനിമയില്‍ പാടാനും അവസരം ലഭിച്ചതായി രാകേഷ് പറയുന്നു. കമലിന്റെ വിശ്വരൂപം എന്ന സിനിമയിലെ ഉന്നെ കാണാതെ നാന്‍ ഇല്ലൈ എന്ന പാട്ടാണ് രാകേഷിനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്. വിനയം കൈവിടാതെ തന്നെത്തേടിയെത്തുന്ന പാട്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് നൂറനാട് സ്വദേശിയായ ഈ ഗായകന്‍.

Advertisement