ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ കെല്പ്പുള്ള വ്യക്തി കൂടിയാണ് റിമ. സംവിധായകൻ ആഷിഖ് അബുവിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഒരിക്കൽ റിമ പറഞ്ഞ നിലപാടുക്കൊണ്ട് തന്നെ അവർക്കെതിരെയുള്ള ട്രോളുകളും വർദ്ധിച്ചിരുന്നു. സ്ത്രീ പുരുഷ വിവേചനം പറയാനായി റിമ പറഞ്ഞ ഉദ്ദാഹരണമാണ് ചർച്ചകൾക്ക് വഴിവെച്ചത്.
ഇപ്പോഴിതാ ധന്യാ വർമ്മക്ക് നല്കിയ അഭിമുഖത്തിൽ അന്ന് നടത്തിയ പ്രസ്താവനയെ കുറിച്ചും, തുടർന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒരുപാട് പേരാണ് ഫിഷ് ഫ്രൈയുടെ കാര്യത്തിൽ എന്നെ ട്രോളിയത്. ഞാനിത് പറയണമെന്ന് ഒരുപാട് വിചാരിച്ചതാണ്. നാല് പേർ ഒരു ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മൂന്ന് കഷണം മീൻ പൊരിച്ചത് ആണ് ഉള്ളതെങ്കിൽ അത് പകുത്ത് നാല് പേരും തുല്യമായിട്ട് കഴിക്കുന്ന വീടാണ് എന്റേത്. സ്ഥിരമായി കിട്ടുന്നില്ലെങ്കിൽ ഞാൻ കണ്ടീഷന്ഡ് ആണ്, എനിക്കറിയില്ലല്ലോ കിട്ടണം എന്ന്. കിട്ടില്ല എന്നല്ലേ വിചാരിക്കൂ.
ഞാൻ വളർന്ന സാഹചര്യം വ്യത്യസ്തമാണ്. അനീതിയാണെന്ന് തോന്നിയാൽ തുറന്ന് പറയാൻ സാധിക്കുന്ന വീടാണ് എന്റേത്. എന്റെ അച്ഛനും അമ്മയും ഈ സമൂഹത്തിൽ, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളിൽ തന്നെയാണ് വളർന്നത്. പക്ഷെ ഇതിനകത്തായിരിക്കുമ്പോഴും അവർക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളർത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തിൽ ഞാൻ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മാതാപിതാക്കൾ പിന്തുണച്ചത് കൊണ്ടു കൂടിയാണ്. ഫിഷ് ഫ്രൈ വിവാദം അവർക്ക് വലിയ വേദനയായി.
അന്ന് ഞാൻ തന്നെ പറയുന്നുണ്ട്. ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല വന്നത്. തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും സാധിക്കാത്ത സ്ത്രീകൾക്ക് വേണ്ടി കൂടിയാണ് ഞാൻ സംസാരിക്കാൻ വന്നതെന്ന്. ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവർക്കും കൂടി വേണ്ടിയാണ് ഞാൻ സംസാരിക്കുന്നതെന്ന് ഞാനതിൽ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആർക്കും കേൾക്കണ്ടല്ലോ. ആൾക്കാർക്ക് ട്രോളാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ.
ഈ സംഭവത്തിൽ അച്ഛൻ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും, അച്ഛമ്മയാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞതെന്നുമാണ് അച്ഛൻ പറഞ്ഞത്. അച്ഛച്ഛൻ നേരത്തെ മരിച്ചതിനാൽ ഹെഡ് നേഴ്‌സായ അച്ഛമ്മയാണ് മൂന്ന് മക്കളെ വളർത്തിയത്. അവസാന സമയത്ത് കിടപ്പിലായപ്പോൾ അച്ചമ്മ കടുപ്പിച്ച് പറഞ്ഞാൽ അച്ഛനൊക്കെ മിണ്ടാതെ അനുസരിക്കുമായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങൾക്ക് ആദ്യം എന്ന് വിശ്വസിക്കാൻ തക്കതായ രീതിയിലാണ് അവർ കണ്ടീഷന്ഡ് ആയിരുന്നത്. എനിക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും തന്നിട്ടുണ്ട്. വിശ്വാസത്തിന്റെ കാര്യത്തിൽ പോലും. ഞാൻ വളരെ പണ്ടു തൊട്ടേ നിരീശ്വരവാദിയാണ്. അവർ ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. അത് വലിയൊരു കാര്യമാണെന്നും റിമ പറയുന്നുണ്ട്.