മഞ്ജു വാര്യര്‍ വിഷയം: ശ്രീ കുമാര്‍ മേനോന്‍ എതിരെ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍

25

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്ക്ക് ലഭിച്ച് നെഗറ്റീവ് റിപ്പോര്‍ട്ടിന് പിന്നാലെ നടി മഞ്ജു വാര്യര്‍ക്ക് നേരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച് നടി റിമ കല്ലിങ്കല്‍.

ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന ചോദ്യവുമായി റിമ രംഗത്ത് വന്നത്.

Advertisements

സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ലെങ്കില്‍ അഭിനേത്രിയെ പഴിക്കുന്ന രീതിയ്ക്ക് നേരെ വിമര്‍ശനവുമായാണ് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നത്.

ഒടിയന്‍ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യര്‍ പ്രതികരിക്കണമെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് താനായത് കൊണ്ടാണ് സിനിമ ഇങ്ങനെ അക്രമണം നേരിടേണ്ടി വന്നതെന്നും ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു.

ശ്രീകുമാര്‍ മേനോന്‍റെ വാക്കുകള്‍:

‘ഈയിടെ ഉണ്ടായിട്ടുള്ള പ്രവണതയാണ് ഈ സോഷ്യല്‍മീഡിയ ആക്രമണം. ഇത് ഭയനാകവും നിരാശാജനകവുമാണ്. കാരണം രണ്ടുവര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം റിലീസ് ചെയ്ത സിനിമ. ഈ സിനിമയുടെ ആദ്യ ഷോ തീരുന്നതിനു മുമ്പേ മോശം കമന്റുകള്‍.

നാലരമണിക്ക് ഷോ തുടങ്ങിയപ്പോള്‍ നാല് നാല്‍പത്തിയഞ്ചിന് ക്ലൈമാക്‌സിനെ പറ്റിയുള്ള കമന്റുകള്‍. മറ്റുള്ളവരുടെ സ്വപ്നങ്ങളും അധ്വാനവും മാത്രമല്ല മലയാള ഇന്‍ഡസ്ട്രിയെ തന്നെ തകര്‍ക്കുകയാണ് ഇക്കൂട്ടര്‍.’

ഒടിയനെതിരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്കു കിട്ടിയ സ്വീകാര്യതയും ഹൈപ്പും പലരെയും അസ്വസ്ഥരാക്കി കാണാം.

മലയാളസിനിമയുടെ ഈ ദുരന്തത്തിന് കാരണം ഇത്തരക്കാരാണ്. ആളുകള്‍ കണക്കുതീര്‍ക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും സിനിമയെ ഉപയോഗിക്കുമ്പോള്‍ തകരുന്നത് സിനിമാ ഇന്‍ഡസ്ട്രിയാണ്.’

‘ഒരു നല്ല സിനിമയെ കൂലിയെഴുത്തുകൊണ്ട് തോല്‍പിക്കാന്‍ കഴിയില്ലെന്ന് പണ്ട് തെളിയിച്ചിട്ടുണ്ട്. അത് സത്യമാണെന്ന് ഒടിയനിലൂടെ നിങ്ങള്‍ കാണും.

ഞാനൊരു തുടക്കക്കാരനാണ്. ഇനി സിനിമയില്‍ തുടരുമോയെന്നു പോലും എനിക്ക് അറിയില്ല. എന്റെ പ്രഫഷന്‍ പരസ്യമേഖലയാണ്.

‘എനിക്കെതിരെ കുറേക്കാലമായി നടക്കുന്ന മനഃപൂര്‍വമായ ആക്രമണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സിനിമയ്‌ക്കെതിരെ വരുന്നത്. ബുദ്ധിയുള്ള ആളുകള്‍ക്ക് അതറിയാം.

എനിക്ക് അവരോട് സഹതാപം മാത്രമാണ് ഉള്ളത്. ചിലപ്പോള്‍ അവരുടെ തെറ്റിദ്ധാരണയില്‍ ഇരയാക്കപ്പെട്ടതാകാം ഞാന്‍.’

’28 വര്‍ഷമായി പരസ്യമേഖലയില്‍ ഉള്ള ആളാണ് ഞാന്‍. ഐശ്വര്യ റായി പോലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി.

മഞ്ജുവിന്റെ ബ്രാന്‍ഡ് കൈകാര്യം ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തുന്നു. ഒരുപാട് നടിനടന്മാരുടെ ടാലന്റുകള്‍ മാനേജ് ചെയ്യുന്ന ഡിവിഷന്‍ എന്റെ കമ്പനിക്കുണ്ട്.

എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ.

കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് ‘മഞ്ജു എന്ന ബ്രാന്‍ഡ്’ ആണ്.

അതിനെ എങ്ങനെയൊക്കെ വേര്‍തിരിക്കാം എന്നതാണ് ഞാന്‍ ആലോചിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ ആദരവ് ഉണ്ടാകണം, നല്ലൊരു തുടക്കമുണ്ടാകണം, പുതുമ വേണം.

ഇതൊക്കെയായിരുന്നു എന്റെ ആശങ്കകളും ചിന്തകളും. എന്റെയൊരു ക്ലൈന്റ് എന്ന നിലയ്ക്കും സുഹൃത്ത് എന്ന നിലയ്ക്കും ആത്മാര്‍ത്ഥമായി ചെയ്തിട്ടുണ്ട്. അത് അവരുടെ കരിയറില്‍ പോസീറ്റിവ് ആയ കാര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം.’

‘പക്ഷേ അതൊരിക്കലും മഞ്ജു വാരിയര്‍ എന്ന നടിയുടെ കഴിവിനെ കുറച്ച് കാണിക്കാന്‍ വേണ്ടിയാകരുത്. മലയാളസിനിമയില്‍ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണ് മഞ്ജു.

അവര്‍ക്ക് അവരുടേതായ കഴിവ് ഉണ്ട്. നമ്മള്‍ അവരെ പ്രഫഷനല്‍ രീതിയില്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. അതിലൂടെ നടി എന്നതിലുപരി മഞ്ജു സമൂഹത്തില്‍ തന്നെ പ്രസ്‌കതയായി മാറി.’

‘പരസ്യമേഖലയില്‍ ചെയ്യുന്നതുപോലെ തന്നെയാണ് ഇവിടെയും ഞാന്‍ ജോലി ചെയ്തത്. അതൊരു വ്യക്തിക്ക് ആകുമ്പോള്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം. അതുകൂടി ഇതിന്റെ ഭാഗമാണെന്ന് അറിയാമായിരുന്നു.

മഞ്ജു വാരിയര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേല്‍വരുമെന്നും എനിക്ക് ഉറപ്പായിരുന്നു.

ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതില്‍ ഖേദമില്ല, പരാതിയില്ല. ഇതിന്റെ പേരില്‍ ഞാന്‍ ഇപ്പോഴും ക്രൂശിക്കപ്പെട്ടാലും എനിക്ക് നിരാശയുമില്ല.’

‘എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാ പൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്.’-ശ്രീകുമാര്‍ ചോദിക്കുന്നു.

Advertisement