നടൻ ഷറഫുദ്ദീൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. പ്രേമം സിനിമയിലെ ഗിരിരാജൻ കോഴിയായി എത്തിയ ഷറഫുദ്ദീനെ തമാശ റോളുകളിലും വരത്തൻ സിനിമയിലെ വില്ലൻ റോളിലും ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.
ഇതിനിടെ സോളോ നായകനായും ഷറഫുദ്ദീൻ എത്തിയിരുന്നു. എല്ലാ വേഷങ്ങളിലും തിളങ്ങുന്ന ഷറഫുദ്ദീൻ ഇപ്പോഴിതാ തന്റെ ആദ്യകാലത്തെ കുറിച്ച് സംസാരിക്കുകയാണ്.
കൂട്ടുകാരുമൊത്ത് ആഗ്രഹിച്ചു പ്ലാൻ ചെയ്ത ഒരു ഷോർട്ട് ഫിലിമിനെ കുറിച്ചാണ് ഷറഫുദ്ദീൻ മനസ് തുറന്നത്. തങ്ങൾ കൂട്ടുകാർ സിനിമകളെക്കുറിച്ച് സ്ഥിരമായി ചർച്ച ചെയ്യാറുണ്ടെന്നും അന്ന് അൽഫോൺസ് ചെന്നൈയിൽ ആയിരുന്നു എന്നുമാണ് താരം പറഞ്ഞത്.
ഒരു ഷോർട്ട് ഫിലിമിനായി ചെയ്ത ഒരു കഥ അൽഫോൺസിന് ഇഷ്ടമാവുകയും അതൊരു വലിയ പ്രോജക്ടായി ചെയ്യുന്നതാണ് നല്ലതെന്ന് അൽഫോൺസ് പറയുകയുമായിരുന്നു. ഇതിനായി അതുവരെ നായകനായി കരുതിയിരുന്ന തനിക്ക് പകരം നിവിൻ പോളിയും സിജു വിൽസണും ആ വേഷത്തിലേക്ക് വരികയായിരുന്നു എന്നും താരം പറഞ്ഞു.
ഷോർട്ട് ഫിലിം ചെയ്യാൻ ആദ്യം പ്ലാൻ ഇട്ടിരുന്നപ്പോൾ അൽഫോൺസ് ചെന്നൈയിൽ ആയിരുന്നു. കൃഷ്ണ ശങ്കറാണ് ക്യാമറ ചെയ്യുന്നത്. സിജുവും നിവിനും ഒന്നും അന്ന് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നില്ലെന്ന് മൈൽസ്റ്റോൺ മേക്കേഴ്‌സിനോട് ഷറഫുദ്ദീൻ പറഞ്ഞു.
അങ്ങനെ ആ ഷോർട്ട് ഫിലിം സംവിധാനം ചെയ്യാൻ തീരുമാനിച്ചത് തന്റെ സുഹൃത്ത് മുഹ്‌സിനും ക്യാമറ കിച്ചുവും ആയിരുന്നു. സ്വാഭാവികമായും താൻ നായകൻ ആയി. 2008 ൽ ആണെന്ന് തോന്നുന്നു പ്ലാൻ ചെയ്തത്. ഒരു ദിവസം അൽഫോൺസ് ചാൻസ് ചോദിക്കാൻ ശ്രമിക്കണമെന്നും എന്നാൽ മാത്രമേ ചാൻസ് കിട്ടുള്ളുവെന്നും പറഞ്ഞിരുന്നു. പിന്നീട് ഞാൻ ഒരുപാട് അവസരമൊക്കെ ചോദിച്ച് പോയിരുന്നെന്നും ഷറഫുദ്ദീൻ പറഞ്ഞു.
പിന്നീട് അൽഫോൺസ് തിരിച്ച് നാട്ടിൽ വന്നപ്പോൾ മുഹസിൻ കഥ പറഞ്ഞു. അവന് അത് ഇഷ്ടപ്പെട്ടു. കുറച്ചുകൂടെ വലിയ പ്രൊജക്റ്റിലേക്ക് മാറാൻ തുടങ്ങിയതോടെ അതിൽ അഭിനയിക്കാനാണ് ശരിക്കും നിവിനും സിജുവും വന്നത്. ആ സമയം വരെ താൻ ആയിരുന്നു നായകൻ പക്ഷെ അപ്പോൾ തന്റെ റോൾ ചെറുതായെന്നും ഷറഫുദ്ദീൻ വെളിപ്പെടുത്തു.
പിന്നീട് ഓരോ കാരണം കൊണ്ട് ആ ഷോർട്ട് ഫിലിം നടന്നില്ല. പക്ഷെ അത് നടക്കാതെ പോയതിൽ തനിക്ക് വിഷമമൊന്നുമില്ല. കാരണം അത് കുറച്ചൂടെ വലിയ പ്രൊജക്റ്റായിട്ടാണ് ചെയ്യേണ്ടതെന്ന് ഉറപ്പായിരുന്നു.
പിന്നെ നിവിൻ വന്ന ദിവസം അൽഫോൺസ് തന്നോട് എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നു. താൻ കൊള്ളാമെന്ന് പറഞ്ഞു. പക്ഷെ നായകൻ വേഷം നഷ്ടമായപ്പോൾ വില്ലൻ വേഷമെങ്കിലും എനിക്ക് കിട്ടുമെന്ന് കരുതിയിരുന്നു. പക്ഷെ അത് സിജുവിനാണ് കിട്ടിയതെന്നും തമാശയായി ഷറഫുദ്ദീൻ പറഞ്ഞത്.