യുവ നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കർ കൂറുമാറി

46

കൊച്ചിയിൽ മലയാളത്തിലെ യുവ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ ബിന്ദു പണിക്കർ മൊഴി മാറ്റി. പൊലീസിന് മുൻപ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കർ കോടതിയിൽ മാറ്റി പറഞ്ഞത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ തന്നെ ക്രോസ് വിസ്താരവും നടത്തി. നേരത്തെ ഇടവേള ബാബുവും കേസിൽ കൂറുമാറിയിരുന്നു. ഇന്ന് കേസിൽ സാക്ഷിവിസ്താരത്തിനായി നടൻ കുഞ്ചാക്കോ ബോബനടക്കമുള്ളവരാണ് ഹാജരായിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സാക്ഷികളെ കോടതി വിസ്തരിക്കുന്നത്.

Advertisements

അതേസമയം നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനിൽ കുമാർ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി.നടിയെ ആക്രമിച്ച കേസിനൊപ്പം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ, സനൽ, വിഷ്ണു എന്നിങ്ങനെ മൂന്ന് പേർ ചേർന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നകാര്യം കൂടി ഉൾപ്പെടുത്തിയിരുന്നത്.

ഈ കുറ്റപത്രം കോടതി അംഗീകരിച്ച ശേഷം നടന്ന വിചാരണ ഘട്ടത്തിലാണ് ദിലീപ്, തന്നെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികൾക്കൊപ്പം നിന്ന് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകം പരിഗണിച്ച് അതിൽ പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിനൊപ്പം ഇതിൽ വിചാരണ നടത്തരുതെന്നും ഇത് രണ്ടും രണ്ടായി പരിഗണിച്ച് വിചാരണ വേണമെന്നുമായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. ഇത് രണ്ടും രണ്ടല്ലെന്നും ഒറ്റസംഭവത്തിന്റെ തുടർച്ച മാത്രമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

പണത്തിന് വേണ്ടി ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തി എന്ന കാര്യം കുറ്റപത്രത്തിൽ വന്നത് പ്രോസിക്യൂഷന് സംഭവിച്ച പിഴവാണെന്നും അത് തിരുത്താൻ പ്രോസിക്യൂഷൻ കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദം പരിഗണിച്ചാണ് ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ നപടികൾ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്.

Advertisement