ഇവർ മൂവരും ചേർന്ന് കായംകുളത്ത് ചെയ്ത് കൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

11

കായംകുളം: കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി പണം മാറ്റിയതുമായി ബന്ധപ്പെട്ട മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി വടക്ക് കൊച്ചുമുറിയിൽ സുരേഷ് ഭവനിൽ സുരേഷ്‌കുമാർ(41), ചേരാവള്ളി കൃഷ്ണവിലാസത്തിൽ വാടകയ്ക്ക് താമസിക്കുന്ന മുംതാസ്(45), ആറാട്ടുപുഴ വലിയഴീക്കൽ മണപറമ്പിൽ ബാബുക്കുട്ടൻ(33) എന്നിവരെയാണ് എസ്ഐ ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസം സുരേഷ്‌കുമാറും മുംതാസും ചേർന്ന് മുക്കട ജങ്ഷന് സമീപമുള്ള ഒരു കടയിൽ നിന്നും 200 രൂപയുടെ സാധനങ്ങൾ വാങ്ങി, 2,000 രൂപയുടെ നോട്ട് നൽകി ബാക്കി 1,800 രൂപ കൈപ്പറ്റി.

ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ നോട്ട് പരിശോധിച്ചപ്പോൾ കള്ളനോട്ടാണെന്ന് തിരിച്ചറിയുകയായിരുന്നു.

അപ്പോഴേക്കും ഇവർ പോയിക്കഴിഞ്ഞിരുന്നു. കടയുടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് സുരേഷ്‌കുമാറിനെ തിരിച്ചറിഞ്ഞു.

സുരേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുംതാസ് തനിക്ക് നൽകിയ പണമാണെന്ന് പറഞ്ഞു.

പിന്നീട് മുംതാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുംതാസിന് പണം നൽകിയത് മത്സ്യത്തൊഴിലാളിയായ ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് ബാബുക്കുട്ടനെ ചോദ്യം ചെയ്തപ്പോഴാണ് നീണ്ടകര ഹാർബറിൽ നിന്നും വ്യാപാരത്തിനായി നീണ്ടകരയിൽ എത്തിയപ്പോൾ തനിക്ക് കിട്ടിയ നോട്ടാണ് ഇതെന്നും കള്ളനോട്ടാണെന്ന് അറിഞ്ഞില്ലെന്നുമാണ് ഇയാൾ പറഞ്ഞത്.

തുടർന്ന് മൂവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നീണ്ടകര കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Advertisement