അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

8

കോട്ടയം : സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ഇന്നു രാവിലെ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് നിരക്കു വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകളെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു.
അഞ്ചാം ദിവസത്തിലേക്കു കടക്കുന്ന ബസ് സമരത്തെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നതോടെ തൊടുപുഴയിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകള്‍ തിങ്കളാഴ്ച സര്‍വീസ് നടത്തുകയും ചെയ്തു. തൃശൂരില്‍ നൂറോളം ടൂറിസ്റ്റ് ബസും ഇന്നലെ സര്‍വീസ് നടത്തി.

പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ ദിവസം ബസ് ഉടമകള്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതോടെ സമരവിഷയത്തില്‍ ബസ് ഉടമകളുടെ സംഘടനയില്‍ ഭിന്നതയും രൂക്ഷമായി. 12 സംഘടനകളുള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സമരം പെട്ടെന്നു തീര്‍ക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. സര്‍വീസ് നടത്താന്‍ തയാറാവുന്ന സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഇന്നലെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിക്കുകയും ചെയ്തു.

Advertisements

സമരം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ഇതിനു മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനും ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതോടെ സമരവുമായി മുന്നോട്ടുപോകാനാകാത്ത അവസ്ഥയില്‍ ബസ് ഉടമകള്‍ എത്തിച്ചേരുകയായിരുന്നു. ബസ് സമരം നേരിടാന്‍ എസ്മ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രയോഗിക്കാന്‍ അനുമതി തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഉടമകള്‍ പിന്‍മാറിയത്.

ബസ് നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരത്തിന് ഇറങ്ങിത്തിരിച്ചത്

Advertisement