വിവാഹരാത്രിയിൽ ഒരു പെണ്ണും സ്വന്തം ഭർത്താവിൽ നിന്നും കേൾക്കാനാഗ്രഹിക്കാത്ത കാര്യമാണ് തന്റെ ഭർത്താവിൽ നിന്നും കേട്ടത്, കുറിപ്പ്

83

“നിന്നോടൊന്നും മറച്ചുവെക്കണമെന്ന് ഞാൻ മനപ്പൂർവം വിചാരിച്ചതല്ല,.. പക്ഷേ,… ” അയാൾ കുറ്റബോധം കൊണ്ട് തല താഴ്ത്തി,…

എന്റെ മിഴികൾ നിറഞ്ഞൊഴുകിയത് അയാളുടെ പാപഭാരം ഇരട്ടിപ്പിച്ചുവെന്ന് തോന്നി,…

Advertisements

“അനു പ്ലീസ്,. നീയിങ്ങനെ കരയല്ലേ,.. എല്ലാം തന്റെ അമ്മാവന്റെ അടുത്ത് ഞാൻ തുറന്നു പറഞ്ഞതാ,.. എല്ലാം അറിഞ്ഞിട്ടാണ് കല്യാണത്തിന് നീ സമ്മതിച്ചതെന്ന് തന്നെയാണ് ഞാൻ ഈ നിമിഷം വരെ വിചാരിച്ചിരുന്നതും,.. എന്നാൽ,… ”

അപ്പോൾ എല്ലാവരും കൂടെ തന്നെ ചതിക്കുകയായിരുന്നു,…
“അതറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും നിങ്ങളുമായുള്ള ഈ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല,.. ”

അയാൾക്ക്‌ ഉത്തരം നഷ്ടപ്പെട്ടത് പോലെ തോന്നി,… പിന്നെ ഒരു ദീർഘനിശ്വാസത്തിന് ശേഷം അയാൾ പറഞ്ഞു,…

“എനിക്ക് പ്രിയയെ ജീവനായിരുന്നു,.. അവൾക്കും,.. വീട്ടുകാർ എതിർത്തപ്പോഴാണ് ഒളിച്ചോട്ടമല്ലാതെ മറ്റുവഴിയില്ലെന്ന് കരുതിയത്,.. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു,.. നാളെ സ്വന്തം ഭാര്യ ആവേണ്ട പെണ്ണല്ലേ എന്ന് കരുതിയാണ് ആ രാത്രി ഞങ്ങൾ… ” അയാൾ ഒന്ന് നിർത്തി,. അപമാനഭാരം എന്നെ ചുട്ടുപൊള്ളിക്കുകയായിരുന്നു,..

“പക്ഷേ വിധി മറ്റൊന്നായിരുന്നു,. വിവാഹം നടന്നില്ല,.. അവളുടെ വീട്ടുകാർ അറിഞ്ഞ് ആകെ പ്രശ്നമായി,. പോലീസ് കേസ് ആയി,.. ഒടുവിൽ സ്റ്റേഷനിൽ വെച്ച് എനിക്കെന്റെ വീട്ടുകാരെ മതിയെന്നും പറഞ്ഞ് അവർക്കൊപ്പം പോയപ്പോൾ ഞാൻ ഒന്നുമല്ലാതായി അനു,… അവൾക്ക് ഞാൻ ആരുമല്ലാതായി,… ” അയാളുടെ ശബ്ദം ഇടറിയിരുന്നു,…

എനിക്കയാളോട് ഒട്ടും അലിവ് തോന്നിയില്ല,.. ഇപ്പോഴും അയാളുടെ മനസ്സിൽ അവൾ ബാക്കിയുണ്ടെന്നതിന്,. അയാളുടെ ആ നഷ്ടബോധം നിറഞ്ഞ വാക്കുകൾ എനിക്ക് ധാരാളമായിരുന്നു,…

“ഇനി ജീവിതത്തിൽ മറ്റൊരു പെണ്ണിനേയും സ്നേഹിക്കില്ലെന്ന് തീരുമാനമെടുത്തതാ ഞാൻ,. അമ്മയുടെ കണ്ണുനീർ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു,. താനുമായുള്ള വിവാഹം പോലും അമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു,… ”

അയാൾ എന്നെ പെണ്ണ് കാണാൻ കൂടെ വന്നിരുന്നില്ല,. അതിനപ്പോൾ കാരണം ഇതായിരുന്നു,. ഒരുപക്ഷേ എന്നോടെല്ലാം തുറന്നു പറഞ്ഞാൽ വിവാഹം നടക്കാതിരിക്കുമോ എന്ന പേടി,. അതുമല്ലെങ്കിൽ തന്നെ മനസ്സിൽ പ്രതിഷ്ഠിക്കാനുള്ള ബുദ്ധിമുട്ട്,.. എങ്കിലും അമ്മാവന്റെ ഉറപ്പിന്റെ പേരിൽ കെട്ടാൻ പോകുന്നവന്റെ ഫോട്ടോ മാത്രം കണ്ട് തൃപ്തിയടയേണ്ടി വന്നു തനിക്ക്,.. താലി കെട്ടാൻ നേരം പോലും അയാളുടെ കണ്ണിൽ ഒരിറ്റ് സ്നേഹമോ സന്തോഷമോ പോലും താൻ കണ്ടിരുന്നില്ല,… ഒരു അകൽച്ച,…

“സോറി പറഞ്ഞാൽ തീരില്ല എന്നെനിക്കറിയാം,.. എല്ലാം ചതിയായിട്ടേ നിനക്ക് തോന്നുകയുള്ളൂ,.. എനിക്കൊരു പ്രണയമുണ്ടെന്ന കാര്യം തന്റെ അമ്മാവന്റെ അടുത്ത് ഞാൻ സൂചിപ്പിച്ചതാ,.. അപ്പോൾ അദ്ദേഹം പറഞ്ഞത് പ്രണയമില്ലാത്തവരായി ആരുണ്ട് ഈ ലോകത്തെന്നാണ്,… ”

“പ്രണയമുണ്ടായിരുന്നു എന്ന് മാത്രമല്ലേ പറഞ്ഞത് ? മറ്റൊന്നും പറഞ്ഞുകാണില്ലല്ലോ ?”
അയാൾ കുറ്റബോധത്താൽ തല താഴ്ത്തി,.. ഞാനാണ് മണ്ടിയായത്,. ഒരാണിന്റെ മുഖത്ത് പോലും നോക്കരുതെന്ന് ചട്ടം കെട്ടിയാണെന്നേ വളർത്തിയത്,. വിവാഹം കഴിക്കുന്നവന് വേണ്ടി നീ പരിശുദ്ധയായിരിക്കണം എന്ന അമ്മയുടെ ലോജിക് ഹൃദയത്തിലേറ്റുമ്പോൾ എനിക്കതിൽ തെറ്റൊന്നും തോന്നിയില്ല,. എന്നാൽ അവൻ പരിശുദ്ധനായിരിക്കുമോ ? ഞാനവനോട് ചെയ്യുന്ന അതേ ആത്മാർത്ഥത അവനെന്നോട് തിരിച്ചും കാണിക്കുമോ എന്ന് അന്ന് ചിന്തിച്ചില്ല,.. മണ്ടിയായിപ്പോയില്ലേ ഞാൻ,…..

“ഒരു തവണത്തേക്ക് നീയെന്നോട് ക്ഷമിക്ക്,.. എല്ലാം മറന്നു നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം,. അതിന് ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു,..

“എനിക്കാരുടെയും ഔധാര്യം വേണ്ട,… ” എടുത്തടിച്ചപോലെയുള്ള എന്റെ മറുപടിയിൽ അയാളൊന്ന് ഉലഞ്ഞുപോയിരിക്കണം,.. എങ്കിലും അയാൾ സംയമനം പാലിക്കാൻ ശ്രമിച്ചു,..

“ഓക്കേ ഐ കാൻ അണ്ടർസ്റ്റാൻഡ് ,.. നിന്റെ മനസിലാകാവസ്ഥ എന്തായിരിക്കുമെന്ന്,.. നീ ആലോചിച്ചു പതിയെ തീരുമാനിച്ചാൽ മതി,.. നിനക്ക് വല്ലാതെ ക്ഷീണമുണ്ട് കിടന്നോ !” അയാൾ തലയണയുമെടുത്ത് സോഫയുടെ സമീപത്തേക്ക് നീങ്ങിയതും എന്റെ നിയന്ത്രണം വിട്ടതുമെല്ലാം ഒരുമിച്ചായിരുന്നു,…

“ആർ യൂ സീരിയസ് ???” കട്ടിലിൽ നിന്നും എഴുന്നേറ്റ് അയാൾക്കരികിലേക്ക് നടക്കുമ്പോഴും അയാൾ എന്നിൽ നിന്നും എന്തൊക്കെയോ അലിവ് പ്രതീക്ഷിക്കുന്നുവെന്ന് അയാളുടെ മുഖം വിളിച്ചു പറഞ്ഞു,..

“എനിക്കിപ്പോൾ എന്റെ വീട്ടിൽ പോണം,… ” അയാൾ അമ്പരപ്പിൽ എന്നെത്തന്നെ നോക്കി നിന്നു,…

” ഈ രാത്രിയോ ?അനു നേരം ഒരുപാടായി,.. ബന്ധുക്കളൊക്കെ എന്ത് വിചാരിക്കും ???”

“അതോർത്ത് നിങ്ങൾക്ക് പേടി തോന്നുന്നുണ്ടല്ലേ ? എത്ര കൂൾ ആയിട്ടാ എല്ലാം എന്നോട് തുറന്നു പറഞ്ഞത്,.. എന്നിട്ട് മാന്യനാണെന്ന് കാണിക്കാൻ പില്ലോയും എടുത്തു സോഫയ്ക്ക് അരികിലേക്ക് പോയാൽ എല്ലാം തീരുമെന്നാണോ കരുതിയത് ? നിങ്ങൾ എന്താ എന്നെക്കുറിച്ച് വിചാരിച്ചത്… നിങ്ങൾ ഈ പറഞ്ഞതെല്ലാം കേട്ട് എനിക്ക് നിങ്ങളോട് സഹതാപം തോന്നുമെന്നോ ?? അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്ന് കരുതി നിങ്ങൾക്കൊപ്പം എല്ലാം മറന്നു ജീവിക്കാൻ തയ്യാറാകുമെന്നോ ? ” അയാൾക്ക്‌ ഉത്തരമില്ലായിരുന്നു,…

“ഞാൻ അത്ര ഗതികെട്ടവളല്ല മറ്റൊരു പെണ്ണിനൊപ്പം ഒരു രാത്രി പങ്കിട്ടവനൊപ്പം കഴിയാൻ,… ”

“അനു പ്ലീസ് ഒന്ന് പതുക്കെ,… ”

“നിങ്ങൾക്ക് ഒരു വാക്കെന്നോട് പറയാമായിരുന്നു,.. എങ്കിൽ ഇത് ഇവിടെ വരെയൊന്നും എത്തില്ലായിരുന്നു,.. പകരം എല്ലാവരും കൂടെയെന്നെ,… ”

അയാൾ ആശ്വസിപ്പിക്കാനെന്ന വണ്ണം എന്റെ ചുമലിൽ കൈ വെച്ചു,…
“തൊടരുതെന്നെ ! നിങ്ങൾക്ക് അതിനുള്ള അവകാശം ഇല്ല,.. അത് നിങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു… എന്തായാലും വൈകിയാണെങ്കിലും നിങ്ങൾ ഇത്രയും സത്യസന്ധത പാലിച്ചത് നന്നായി,.. ” ദേഷ്യമടക്കാൻ ഞാൻ പാടുപെട്ടു,..

” ഈ വിർജിനിറ്റി എന്ന് പറയണത് പെണ്ണിന് മാത്രം പറഞ്ഞിട്ടുള്ളതാണോ ? ആണുങ്ങൾക്ക് അതൊട്ടും ബാധകം അല്ലേ ? നിങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണുങ്ങളുമായി ഫ്ലെർട്ട് ചെയ്യാം,.. ആരും ചോദിക്കില്ല,.. കാരണം ചോദിച്ചാൽ പറയും നിങ്ങൾ അവളെ പ്രണയിച്ചിരുന്നു,.. അതേ സ്ഥാനത്ത് ഒരു പെണ്ണിന്റെ അവസ്ഥ എന്താ ? പിന്നെ അവളെ സമൂഹത്തിൽ വിലകുറഞ്ഞവളായി താഴ്ത്തികെട്ടും, കണ്ട ചെക്കന്മാരുടെ കൂടെ കറങ്ങി നടന്നവളാ,.. ഇനി നിങ്ങൾക്ക് സംഭവിച്ചപോലെ എന്തെങ്കിലും അബദ്ധം സംഭവിച്ചു എന്ന് തന്നെയിരിക്കട്ടെ,. അവളുടെ സ്വഭാവശുദ്ധിയെക്കുറിച്ചുള്ള ചോദ്യങ്ങളായി അടുത്തത്,. എങ്കിലും നിങ്ങൾക്ക് പെണ്ണുങ്ങളെ കിട്ടാതിരിക്കുന്നൊന്നും ഇല്ല,. സഹതാപം തോന്നിപ്പോലും നിങ്ങളെ പ്രണയിക്കാൻ വീണ്ടും ആളുകൾ വരും അല്ലെങ്കിൽ ഇതുപോലുള്ള ചതിപ്രയോഗത്തിലൂടെ വിവാഹം കഴിക്കും എത്ര പേർ തുറന്നു പറയുന്നുണ്ട് ? അതേ സ്ഥാനത്ത് ഒരു പെണ്ണാണെങ്കിലോ ? ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ, പാതിരാത്രിയാണെന്ന് പോലും നോക്കാതെ ഇറക്കിവിടും ശരിയല്ലേ ? അല്ലാതെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഒന്നും നിൽക്കില്ലല്ലോ ! എന്തിന് ആദ്യരാത്രി കന്യാചർമം പൊട്ടി രക്തം വന്നില്ല, അത്കൊണ്ട് അവൾ കന്യകയല്ല എന്ന് പറഞ്ഞുപോലും ദാമ്പത്യബന്ധം അവസാനിപ്പിക്കുന്ന പുരുഷന്മാർ ഇല്ലേ ?
അയാൾക്ക്‌ ഉത്തരമില്ലായിരുന്നു,..

“വിവാഹത്തിന് മുൻപ് സ്ത്രീ കന്യകയാണോ എന്നറിയാൻ കന്യകാത്വപരിശോധന പോലും നടത്തുന്ന നമ്മുടെ നാട്ടിൽ പുരുഷൻ കന്യകനാണോ എന്നറിയാൻ എന്ത് ടെസ്റ്റ്‌ ആണുള്ളത്,.. എന്തിന് കന്യകൻ എന്ന വാക്കുപോലും ഡിക്ഷനറിയിൽ ഇല്ല,… ”

“നീ പറഞ്ഞതെല്ലാം ശരിയാണ്,. എന്നിരുന്നാലും ഈ രാത്രി ഞാനുമായുള്ള ബന്ധമവസാനിപ്പിച്ചു നീയിവിടന്നിറങ്ങിപ്പോയാലും നിനക്ക് വേറൊരു നല്ല ജീവിതം കിട്ടുമെന്ന് എന്തുറപ്പാണുള്ളത് ? നമുക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞാലും ആരെങ്കിലും വിശ്വസിക്കുമോ ? ഒരു രണ്ടാം തരക്കാരിയായി മാത്രമേ സമൂഹം നിന്നെ കാണൂ,.. അപ്പോഴും നമ്മൾ ഇരുവരും തുല്യരാവില്ലേ ?”

അയാൾ പറഞ്ഞത് ശരിയാണ്,.. ഈ ലോകത്ത് ഓരോ പെണ്ണും അനുഭവിക്കേണ്ടി വരുന്ന നിസ്സഹായതയെ സമൂഹം നിസ്സാരവൽക്കരിക്കുന്ന ക്രൂരത,.. ഇത്ര വലിയ അപമാനം എന്നെസംബന്ധിച്ചിടത്തോളം മറ്റെന്താണ് ഉള്ളത്,.. ഫെമിനിസം എന്ന് പറഞ്ഞയാൾ എന്റെ ചിന്തകളെ പുശ്ചിച്ചു തള്ളിയേക്കാം സമൂഹം,.. എന്നാലും സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ഈ സാമൂഹിക അസമത്വത്തെക്കുറിച്ചു ആരും ചർച്ച ചെയ്യാറില്ല,..
മറ്റൊരുത്തന്റെ വിഴുപ്പ് ചുമക്കേണ്ട ആവശ്യം എനിക്കില്ലെന്ന് പുരുഷൻ പറയുന്നത് പോലെ,. മറ്റൊരു പെണ്ണിന്റെ വിഴുപ്പ് ചുമക്കേണ്ട ഉത്തരവാദിത്തം എനിക്കുമില്ലെന്ന് പറയണമെന്നുണ്ടായിരുന്നു,.. എന്നാൽ നാളേക്ക് മറ്റൊരുത്തനും അതേ കാര്യം എന്റെ മുഖത്ത് നോക്കി ചോദിക്കില്ലേ എന്നൊരു ഭയം എന്നെ നിശ്ശബ്ദയാക്കിക്കളഞ്ഞു,..

*****—-******
“അനൂ,.. എന്തൊരു ഉറക്കമാടി ഇത്,.. ഇന്നാ നിന്നെ പെണ്ണുകാണാൻ അവർ വരുമെന്ന് പറഞ്ഞ ദിവസം,.. ”

അന്തം വിട്ടിരിക്കുന്ന എന്നെ കണ്ട് ചേച്ചി ചോദിച്ചു,..

“എന്താടി ?”

“അപ്പോൾ എന്റെ കല്ല്യാണം കഴിഞ്ഞില്ലാരുന്നോ ?”

“ഹേ ഞങ്ങളറിയാതെ നീ കല്ല്യാണവും കഴിച്ചോ ?”
അപ്പോൾ സ്വപ്നം കണ്ടതാണ്,.. ഹരിശങ്കർ എന്ന ചെറുപ്പക്കാരൻ ഇന്ന് തന്നെ പെണ്ണുകാണാൻ വരുന്നതേ ഉള്ളൂ,..
“അനൂ,… ”

“സ്വപ്നം കണ്ടതാ ചേച്ചി,… ”

“എന്താ കണ്ടേ ഫസ്റ്റ് നൈറ്റ് ആണോ ?”
ചേച്ചിയുടെ കണ്ണുകളിൽ കുസൃതി,..

“ആ എനിക്കോർമ്മയില്ല,.. ”

“അല്ല ചെക്കൻ അമേരിക്കയിൽ എഞ്ചിനീയർ അല്ലേ,. കാണാൻ ആണെങ്കിൽ സുമുഖൻ,.. സുന്ദരൻ,.. ഒന്നും നോക്കേണ്ട,. നീ കണ്ണും പൂട്ടി ഓക്കേ പറഞ്ഞോട്ടോ,.. നിന്റെ സ്വപ്നം സത്യമാവട്ടെ,.. ഞാൻ പ്രാർത്ഥിക്കാട്ടോ ”

ദുഷ്ട,.. കണ്ടത് ദുസ്വപ്നം ആണെന്ന് ഇവളോട് എങ്ങനെ പറഞ്ഞു മനസിലാക്കാനാ, സത്യമാവാൻ പ്രാർത്ഥിക്കാം അത്രേ,…

അല്ലേലും അമേരിക്ക, ലണ്ടൻ എന്നൊക്കെ കേൾക്കുമ്പോൾ നിന്റെ കണ്ണു തള്ളുമല്ലോ,. അനീഷേട്ടനും നല്ല ആളായിരുന്നു,.. സുമുഖനും ,..

“അത് പിന്നെ,. നമ്മുടെ ഭാവി നമ്മളും നോക്കണ്ടേ,.. ”

ഇവളെപ്പോലത്തെ പെണ്ണുങ്ങൾ ആണല്ലോ ദൈവമേ എന്നെപ്പോലുള്ളവരുടെ ഭാവി ഇരുട്ടിലാക്കുന്നത് !
********
“ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം,.. ” അമ്മാവന്റെ നിർദേശപ്രകാരം അയാൾ എനിക്കൊപ്പം ടെറസിലേക്ക് വന്നു,.. അയാൾ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു,.. ഞാനതിന് മറുപടി കൊടുത്തു,..

“തനിക്കെന്നോടൊന്നും ചോദിക്കാനില്ലേ ?”
ഞാൻ അയാളെക്കുറിച്ചു ഒന്നും ചോദിക്കാതിരുന്നത് നാണം കൊണ്ടാണെന്ന് കരുതിക്കാണുമോ ? എന്റെ മനസ്സിൽ കിടന്നു പുകയുന്ന കാര്യം എനിക്കല്ലേ അറിയൂ,..
“ഉണ്ട്‌,… ” ഞാൻ പെട്ടന്ന് പറഞ്ഞു,..

“എങ്കിൽ ചോദിച്ചോളൂ !”അയാൾ പുഞ്ചിരിയോടെ എന്നെ നോക്കി നിന്നു,..

പതിയെ മുഖമുയർത്തി ഞാൻ ചോദിച്ചു “ആർ യൂ എ വിർജിൻ ???”

അയാളുടെ മുഖത്തെ പുഞ്ചിരി ശരവേഗത്തിലാണ് ഇല്ലാതായത്,.. ആകെ അന്ധാളിച്ചൊരു നിൽപ്പ്,…

തെറ്റായെന്തെങ്കിലും ചോദിച്ചോ എന്ന എന്റെ മുഖഭാവത്തിന് നേരെ ആർട്ടിഫിഷ്യൽ ആയൊരു പുഞ്ചിരിയും നൽകി കക്ഷി സ്ഥലം വിട്ടു,….

#അനുശ്രീ

Note: കന്യകാത്വവും, പാതിവൃത്യവും പെണ്ണിന് മാത്രം അളവുകോലാകുമ്പോൾ പുരുഷന് അതൊന്നും ബാധകമല്ലെന്ന് ചിന്തിക്കുന്ന സമൂഹത്തിന് വേണ്ടി,…..

Advertisement