തൃശ്ശൂർ: യൗവനത്തിൽ തന്നെ ജീവനൊടുക്കേണ്ടിവന്ന ദിവ്യ ജോഷി ആൾദൈവ കച്ചവടത്തിലെ ദുരന്തനായികയാണ്.
ഭക്തർക്ക് ദർശനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത്, ഒടുവിൽ വഞ്ചനക്കേസിൽ അറസ്റ്റ് ഭയന്ന് അമ്മയോടൊപ്പം ജീവനൊടുക്കിയ വിവാദ സന്യാസിനിയുടെ ആഭിചാര കഥ പതിറ്റാണ്ടാവുമ്പോഴും ചർച്ചയാവുകയാണ്.
ആശ്രമവും വ്യാജ ചികിത്സയുമായി പണമുണ്ടാക്കി ദീർഘകാലം വിലസിയ ദിവ്യാജോഷി( 29)യും അമ്മ ഉഷയും സയനൈഡ് കഴിച്ചാണ് മരിച്ചത്. 2009 സെപ്റ്റംബർ 18നായിരുന്നു സംഭവം.
പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങിൽ രുദ്രത്ത് വിഷ്ണുമായ ക്ഷേത്രത്തിലെ മഠാധിപയായിരുന്നു ദിവ്യാജോഷി.
ഭർത്താവ് പുതുപ്പള്ളിപ്പറമ്പിൽ ജോഷി അറിയപ്പെടുന്ന ഗുണ്ടാനേതാവ്. ദിവ്യയുടെ അച്ഛൻ ചീരമ്പത്തു വീട്ടിൽ മോഹനനെ 2005ൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ ആൾദൈവ തട്ടിപ്പുകാരൻ സന്തോഷ് മാധവനെപ്പോലെ ജ്യോതിഷത്തിലും പ്രവചനത്തിലുമായിരുന്നു ദിവ്യയുടെ തുടക്കം.
മരിക്കുന്നതിന് മൂന്നുവർഷം മുമ്പാണ് തന്നിൽ വിഷ്ണുമായ കുടികൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച് ആശ്രമം തുടങ്ങിയത്.
ദിവ്യയെ ആൾദൈവമാക്കി മാറ്റിയ ഭർത്താവ് ജോഷി തട്ടിപ്പുകേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു. യുവതിയുടെ ദർശനം തേടി പ്രമാണിമാരും ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരും ഏറെ എത്തിയിരുന്നു.
ബിജെപിയുടെ മുതിർന്ന നേതാവും ദിവ്യയുടെ ആശ്രമം സന്ദർശിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പക്ഷേ, കേസിൽ കുടുങ്ങുകയും ഭക്തർ തട്ടിപ്പ് തിരിച്ചറിയുകയും ചെയ്തപ്പോൾ ജീവനൊടുക്കുകയേ ആൾദൈവത്തിന് മാർഗമുണ്ടായിരുന്നുള്ളൂ.
കുന്നംകുളം സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ 500 കോടിയുടെ നിധിയുണ്ടെന്ന് പറഞ്ഞതോടെയാണ് ദിവ്യയുടെ കഷ്ടകാലം തുടങ്ങിയത്.
നിധി കണ്ടെത്താൻ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കാൻ 90 ലക്ഷം രൂപ പ്രവാസിയിൽനിന്ന് ദിവ്യജോഷി തട്ടിയെടുത്തു. നിധി കിട്ടാതായപ്പോൾ പ്രവാസി പരാതി നൽകി.
ഈ കേസിൽ പുതുക്കാട് പൊലീസ് ഭർത്താവ് ജോഷിയെ അറസ്റ്റ് ചെയ്തു. പിടിയിലായി മൂന്നുമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീടിനുള്ളിൽ ദിവ്യയേയും അമ്മ ഉഷയേയും വിഷം അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
പൂജക്കെന്ന പേരിൽ പണം വാങ്ങി കബളിപ്പിച്ചുവെന്ന് ദിവ്യക്കും ഭർത്താവിനുമെതിരെ മറ്റൊരു കേസുമുണ്ടായിരുന്നു.
സന്തോഷ് മാധവൻ സംഭവത്തെത്തുടർന്ന് പൊലീസ് ആൾദൈവ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്കിടെ ദിവ്യാജോഷി ഒരിക്കൽ അറസ്റ്റിലായതാണ്.
2008 ജൂൺ അഞ്ചിന് അറസ്റ്റിലായ ഇവർക്ക് ജൂൺ 18ന് ഹൈക്കോടതി ജാമ്യം നൽകി. പിന്നീട് ക്ഷേത്രം നടത്തിപ്പുമായി തുടരുകയായിരുന്നു.
വൻ സമ്പാദ്യമാണ് ഇവർ സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. വിഷ്ണുമായയാണെന്ന് സ്വയം പ്രഖ്യാപിച്ച് ഭാവി പ്രവചനവും രോഗശാന്തി വാഗ്ദാനവും നൽകിയാണ് ലക്ഷങ്ങൾ സമ്പാദിച്ചത്.
ഭർത്താവ് ജോഷിയായിരുന്നു ദിവ്യയുടെ ദിവ്യത്വത്തിന്റെ സ്രഷ്ടാവ്. ദിവ്യത്വം പ്രചരിപ്പിക്കാൻ വെബ്‌സൈറ്റും തുടങ്ങിയിരുന്നു.
ദിവ്യയുടെ മുത്തശ്ശി നൽകിയെന്ന് പറയുന്ന കല്ല് പ്രതിഷ്ഠിച്ചാണ്് ഇവർ ക്ഷേത്രം പണിതത്. കോഴി, നെയ്യ്, മദ്യം ഇവ ഉപയോഗിച്ചായിരുന്നു പൂജകൾ. കൂടുതൽ സമ്പാദ്യം വന്നപ്പോൾ ക്ഷേത്രവും വിപുലപ്പെടുത്തി.
അഞ്ച് ആനകൾ അണിനിരക്കുന്ന ഉത്സവവും നടത്തിയിരുന്നു. ദിവ്യക്കെതിരെ അതുവരെയുണ്ടായിരുന്ന മുറുമുറുപ്പുകൾ, സന്തോഷ് മാധവൻ പിടിയിലായതോടെ പരാതികളായി വരികയായിരുന്നു.
            








