നടന്‍ മമ്മൂട്ടി ഇന്നലെ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പറഞ്ഞതാണ് “പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം.
ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ?” എന്ന്
കേരളത്തിന്റെ നിലവിലുള്ള സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങളോടുള്ള ആശങ്കയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്.
ഷൂട്ടിംഗിന്റെ ഇടവേളയില്‍ മമ്മൂട്ടി തന്നോട് ഇക്കാര്യം പറയുകയായിരുന്നുവെന്ന് ചുള്ളിക്കാട് സുഹൃത്തു കൂടിയായ എഴുത്തുകാരന്‍ എസ് ഗോപാലകൃഷ്ണനോട് പങ്കുവച്ചു.
എസ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ.
ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി.
എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:
“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?” “അതെ.” ഞാൻ ഭാരപ്പെട്ട് പറഞ്ഞു. ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.
കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കു നോക്കി.
ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനു കീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.
എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു: ” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം.
ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?” – ബാലചന്ദ്രൻ ചുള്ളിക്കാട്
            








