തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറിയുടെ 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിനാണ്. ഓട്ടോ ഡ്രൈവറായ ഈ 30 വയസ്സുകാരന്‍ ഭാര്യയും കുഞ്ഞും അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയാണ്.
ഇദ്ദേഹം പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. അവസാന നിമിഷമാണ് ടിക്കറ്റെടുക്കാനുള്ള പണം സ്വരൂപിച്ചത്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. ഇവരില്‍ നിന്നാണ് അനൂപ് ടിക്കറ്റെടുത്തത്.
അതേസമയം, 25 കോടിയാണ്ഒന്നാം സമ്മാനമെങ്കിലും വിജയിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.
അഞ്ചുകോടി രൂപ ഇത്തവണ രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെയുള്ള വില്‍പനയില്‍ വിറ്റത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിക്കുകയായിരുന്നു.