ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും, ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും, ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട: ഷംനയുടെ കിടിലന്‍ കുറിപ്പ് വൈറല്‍

64

രണ്ട് കൊല്ലം മുന്‍പ് ശ്രീശങ്കരാചാര്യയില്‍ പഠിക്കുമ്പോള്‍ വളാഞ്ചേരി പരിസരത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നൊരു തെരുവു നാടകം നടത്തി. ആണ്‍ പെണ്‍ സൗഹൃദം, സ്ത്രീ സൗഹൃദ സമൂഹം ഒക്കെയായിരുന്നു പ്രമേയം. ഒട്ടും സ്വീകാര്യത ഉണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു.

അലറി വിളിച്ച പെണ്‍കുട്ടികളെയും കൂട്ടത്തില്‍ തട്ടമിട്ട പെണ്ണിനേയും ഒരിക്കലും നെഞ്ചിലേക്കടുപ്പിക്കാന്‍ തയ്യാറുണ്ടായിരുന്നില്ല അന്നവിടെ കൂടിയവര്‍. ‘നിനക്കൊക്കെ പറ്റിയ പണി വേറെയാ ടീ’ എന്നലറി അവര്‍. ‘ഇവളെയൊക്കെ കയറൂരി വിട്ടതാണോ’ എന്നൊക്കെ വിളിച്ചു കൂവിയ ചേട്ടന്മാരെ ഓര്‍ക്കുന്നുണ്ട്. തിരിച്ചൊന്നും പറയാതെ പോന്നതില്‍ ഇന്ന് ഖേദമുണ്ട്. നാടകം തിരൂര്‍ സ്റ്റാന്റിലും നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അസഭ്യവര്‍ഷങ്ങള്‍ കാരണം വേണ്ടെന്ന് വെച്ച് മടങ്ങുകയായിരുന്നു.

Advertisements

എത്ര സുന്ദരമായിട്ടാണന്നറിയോ ഞങ്ങള്‍ അന്നത് അവതരിപ്പിച്ചത്. വളരെ ചുരുക്കം പേരാണെങ്കിലും കാണികളില്‍ ചിലര്‍ പ്രമേയത്തെയും അവതരണത്തെയും കുറിച്ച് നല്ല രീതിയില്‍ പ്രതികരിച്ചിരുന്നു.ഇനി ഫ്‌ളാഷ് മോബിലേക്ക് വരാം.അന്നവിടെ മോശം രീതിയില്‍ ആക്രോശിച്ച ആള്‍ക്കാരാരില്‍ നിന്നും ഇപ്പറയുന്ന ആള്‍ക്കാരിലും ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. എന്ത് സുന്ദരമായിട്ടാണ് ആ പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തത്.മലപ്പുറത്തിന്റെ ഒത്ത നടുക്കല്ല, അതിരു കെട്ടി വിലക്കിയിട്ട് സംരക്ഷിക്കുന്ന അനേകായിരം പെണ്‍ മനസുകളിലാണവര്‍ തുള്ളിക്കളിച്ചത്.

ആ ഒരൊറ്റ ഡാന്‍സുകൊണ്ട് അവര്‍ നരകത്തില്‍ പോവുമെങ്കില്‍ ഒന്ന് ചോദിക്കട്ടെ, ഇക്കണ്ട കാലമത്രയും പെണ്ണുങ്ങളെ സ്വര്‍ഗത്തില്‍ കേറ്റാനുള്ള തത്രപ്പാടിനിടയില്‍ നിങ്ങള്‍ (മനപൂര്‍വ്വം)ചിലരെ വിട്ടു പോയി. കള്ളുകുടിക്കണ, പെണ്ണുപിടിക്കുന്ന, പലിശ വാങ്ങുന്ന, പലിശ കൊടുക്കുന്ന, അക്രമം കാണിക്കുന്ന, മാതാപിതാക്കളെ അനുസരിക്കാത്ത അവരെ സംരക്ഷിക്കാത്ത അനേകായിരം ആള്‍ക്കാര്‍ ഈ ഭൂമിയിലുണ്ട്. ഇവരെയൊന്നും നേരെയാക്കാതെ പെണ്ണുങ്ങള്‍ ഒന്ന് പുറത്തിറങ്ങിയാല്‍, ഒന്ന് ആടിയാല്‍ അങ്ങ് ചീത്തയാവുമെന്നും നേരെ നരകത്തിലെത്തുമെന്ന് ഭയം കാണിക്കുന്നതിലെയും ലോജിക്ക് എന്തെന്ന് മനസിലായില്ല.

ഒട്ടുമിക്ക പെണ്‍കുട്ടികളും ഇത്തരം പരിഹാസങ്ങളും അവഗണനയും കണ്ടും കേട്ടും തന്നെയാണ് വളര്‍ന്നു വരുന്നത്. ഒന്നാലോചിച്ചു നോക്കു. നിങ്ങളുടെ ഒരൊറ്റ നോട്ടം കൊണ്ട്, വാക്കു കൊണ്ട് എത്രയെത്ര ഊര്‍ജസ്വലരായ പെണ്‍കുഞ്ഞുങ്ങളെയാണ് നിങ്ങള്‍ നശിപ്പിച്ചു കളഞ്ഞത്. അതു വഴി അവളുടെ എത്ര മോഹങ്ങളാണ് നിങ്ങള്‍ തല്ലിക്കെടുത്തിയത്. പെണ്ണിനെ കുഴിച്ചുമൂടിയ ജാഹിലീയ കാലത്തേക്ക് മടങ്ങണമെന്നാണോ നിങ്ങളീ കവല തോറും നടന്ന് സംസാരിക്കുന്നത്?

പൂത്തിരി പോലെ കത്തി നിന്ന് ചിരിക്കണ പെങ്കുട്ട്യോളെ കണ്ടിട്ടുണ്ടോ നിങ്ങള്‍? മനസില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ച് ചുറ്റും പ്രകാശം പരത്തുന്ന ചിലരെ. ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്ന് സമൂഹത്തെ പടുത്തുയര്‍ത്തുന്ന സ്ത്രീകളെ. തന്നിലെ കഴിവിനെ വളര്‍ത്തി നാടിനുപകരിക്കുന്ന രീതിയില്‍ മാറ്റിയെടുക്കുന്ന പെണ്ണിനെ. ഇതാ കണ്ടോളൂ. നരകത്തിലേക്കെന്ന് നിങ്ങള്‍ പറഞ്ഞ ആ പെണ്‍കുട്ടികള്‍ തന്നെയായിരിക്കും നാളെയുടെ ഭാവി. അവര്‍ക്ക് പിന്നില്‍ വരുന്ന ഒരായിരം പെണ്‍മക്കള്‍ക്ക് ഊര്‍ജം പകരാന്‍ അവര്‍ക്കിപ്പോഴേകഴിഞ്ഞു. പിന്നെ, പുറമെ മതം നന്നാക്കലും അകത്ത് ഉഗ്രന്‍ വിഷവുമായി നടക്കുന്ന മത ഭ്രാന്തന്മാരുടെ സ്ഥാനം ഇപ്പറയുന്ന നരകത്തില്‍ തന്നെയാവും.

പെണ്ണിനെതിരെ മതം പറഞ്ഞ് ഇതുപോലുള്ള ആയിരം ആള്‍ക്കാരെ സൃഷ്ടിക്കുന്നതിലും വലിയ തിന്മ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ..!

Advertisement