തങ്ങളുടെ ഗുരുതര സുരക്ഷാപിഴവ് കണ്ടെത്തിയ വടകര സ്വദേശിക്ക് സ്വപ്‌നജോലി നൽകി ഫേസ്ബുക്ക്

354

ഇന്നത്തെ യുവതലമുറ കിട്ടാവുന്ന സമയമത്രയും ഫേസ്ബുക്കിൽ ചിലവഴിക്കുന്നവരാണ്. ഫേസ്ബുക്ക് ഇല്ലാത്തൊരു ജീവിതം ചിന്തിക്കാൻപോലും ഇന്നുള്ളവരിൽ ഭൂരിഭാഗം പേർക്കും കഴിയില്ല. എന്നാൽ ഇഷ്ടപ്പെട്ട സ്ഥലത്ത് താൽപ്പര്യമുള്ള മേഖലയിൽ ഫേസ്ബുക്കിനൊപ്പം ആരും സ്വപ്നം കാണുന്ന ജോലി ലഭിച്ചാലോ? സമൂഹ മാധ്യമമായ ഫേസ്ബുക്കിന്റെ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത യുവാവിനാണ് ഫേസ്ബുക്ക് സ്വപ്നജോലി നൽകിയത്.

നീരജ് ഗോപാൽ എന്ന വടകര മണിയൂർ സ്വദേശിയാണ് ഫേസ്ബുക്ക് തെരഞ്ഞെടുത്ത ആ യുവഎഞ്ചിനിയർ. ഫേസ്ബുക്ക് ലണ്ടനിൽ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്മെന്റ്സ് ആൻഡ് അനാലിസിസ് വിഭാഗത്തിൽ സെക്യൂരിറ്റി അനലിസ്റ്റ് ഫോർ വൈറ്റ് ഹാറ്റ് എന്ന പദവിയിലാണ് നീരജിന് നിയമനം ലഭിച്ചത്. കഴിഞ്ഞ നാല് വർഷമായി സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്കിൻറെ ഗുരുതര സെക്യൂരിറ്റി പിഴവുകൾ കണ്ടെത്തി അത് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് നീരജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

Advertisements

പിന്നീട് ഫേസ്ബുക്കിൽ നിന്നും ഇന്റർവ്യൂവിനുള്ള വിളിയെത്തി. 5 റൗണ്ടുകളായിരുന്നു ഇൻറർവ്യൂവിന് ഉണ്ടായിരുന്നത്. അത് ക്ലിയർ ചെയ്തു.ജോലി ലഭിച്ചു. തന്റെ സ്വപ്ന നേട്ടത്തെക്കുറിച്ച് നീരജ് പറയുന്നത് ഇങ്ങനെ: ഇതുവരെയും സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഒരു കോഴ്‌സും ചെയ്തിട്ടില്ല. ഒരു സർട്ടിഫിക്കറ്റുമില്ല. ഗൂഗിളിൽ സേർച്ച് ചെയ്തും ഫേസ്ബുക്കിൻറെ സെക്യൂരിറ്റി പിഴവുകളെക്കുറിച്ചുള്ള ബ്ലോഗുകൾ വായിച്ചുമാണ് ഞാൻ ഇവിടെ വരെയുമെത്തിയത്.

പത്താം ക്ലാസിൽ കംമ്പ്യൂട്ടറിന് നല്ല മാർക്കുണ്ടായിരുന്നു. അതിന് ശേഷമാണ് വീട്ടിൽ കമ്പൂട്ടർ വാങ്ങിത്തരുന്നത്. ഇവിടെ വരെയെത്തിയതിന് കാരണം അച്ഛനാണ്. ആദ്യമെല്ലാം ഗെയിം കളിക്കാൻ മാത്രമാണ് കമ്പൂട്ടർ ഉപയോഗിച്ചത്. പിന്നീട് പ്ലസ് ടു പൂർത്തിയാക്കിയ ശേഷം ഐടിയിൽ ഡിപ്ലോമ കോഴ്‌സ് ചെയ്തു. അതിന് ശേഷമാണ് ക്യാമ്പസ് സെലക്ഷൻ വഴി വിപ്രോയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഫേസ്ബുക്കിനോടും ആ ഐഡിയയോടും വലിയ താൽപര്യമുണ്ടായിരുന്നു. നല്ല താൽപര്യവും അതിന് വേണ്ടി അധ്വാനിക്കാനുള്ള മനസുമുണ്ടാകണം’.

എങ്കിൽ ആർക്കും ഇതുപോലെ ഉയർന്ന ജോലി നേടാൻ സാധിക്കുമെന്നും നീരജ് പറയുന്നു. ബാംഗ്ലൂരിൽ വിപ്രോയിലായിരുന്നു നേരത്തെ ജോലി നീരജ് ചെയ്തത്. ജോലിക്ക് ഒപ്പം തന്നെ സിസ്റ്റംസ് എഞ്ചിനിയറിംഗിൽ എംഎസ് ചെയ്തു. ആ സമയത്താണ് ഫേസ്ബുക്കിന്റെ ബഗ്ഗ് ഹണ്ടിങ് ആരംഭിക്കുന്നത്. 2016 ലായിരുന്നു ഇത്. തുടർന്ന് 2019 വരെയുള്ള വർഷങ്ങളിൽ നീരജ് ഫേസ്ബുക് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി.

കണ്ടുപിടിക്കുന്ന സെക്യൂരിറ്റി പിഴവ് എത്രത്തോളം ഗൗരവം ഏറിയതാണെന്നതും റിപ്പോർട്‌സിന്റെ ക്വാളിറ്റിയെയും അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്കിൻറെ ഹാൾ ഓഫ് ഫെയിം റാങ്കിംഗ് നടത്തുന്നത്. എല്ലാ വർഷങ്ങളിലും ഹാൾ ഓഫ് ഫെയിമിൽ റാങ്കിംഗിൽ ആദ്യ 15 -ൽ ഇടം പിടിച്ചിരുന്നു നീരജ്. മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഫേസ്ബുക് അവരുടെ എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്സുകൾക്കും പ്രൈവറ്റ് ബഗ്ഗ് ബൗണ്ട്ടി മീറ്റിംഗുകൾക്കും നീരജിനെ സ്പോണ്സർഷിപ്പോടു കൂടി ക്ഷണിക്കാൻ ആരംഭിച്ചത്.

2018, 2019 വർഷങ്ങളിൽ ലണ്ടനിലും സിങ്കപ്പൂരിലും നടന്ന പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു. പിന്നീട് 2019 ൽ ഫേസ്ബുക്കിൽ നിന്നും ഇന്റർവ്യൂവിനുള്ള വിളിയുമെത്തി. അഞ്ച് റൗണ്ടുകളായിരുന്നു ഇൻറർവ്യൂവിന് ഉണ്ടായിരുന്നത്. അത് ക്ലിയർ ചെയ്തു. വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റിയിലെ സാധ്യതകളെക്കുറിച്ചും താൻ കണ്ടെത്തിയ ബഗ്ഗുകളിൽ ചിലതിനെകുറിച്ചും നീരജ് ബ്ലോഗും എഴുതിയിട്ടുണ്ട്.

ഇതുപോലുള്ള ബ്ലോഗുകൾ വായിച്ചാണ് ഞാൻ പഠിച്ചതും ഫേസ്ബുക്കിൽ എനിക്ക് ജോലി ലഭിച്ചതും. എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഉപകാരപ്പെടണമെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ബ്ലോഗ് എഴുതാൻ തുടങ്ങിയത്. ബ്ലോഗ് എഴുതുന്നതിനെക്കുറിച്ച് നീരജ് പറയുന്നു. വടകര മണിയൂർ തുറശ്ശേരിക്കടവ് സ്വദേശിയായ നീരജ് റിട്ടയർഡ് അധ്യാപകരായ പികെ ഗോപാലൻ മാസ്റ്ററുടേയും നിർമ്മല ടീച്ചറുടേയും മകനാണ്. ആയുർവേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ.

Advertisement