കനത്ത മഴ, വെള്ളിയാഴ്ച വരെ തുള്ളിതോരാതെ പെയ്യും ; വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

23

കോട്ടയം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കേരളത്തില്‍ എല്ലായിടത്തും കനത്ത മഴയും വെള്ളപ്പൊക്കവും. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്
അതിനാല്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്.

മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Advertisements

ആലപ്പുഴ മുതല്‍ വടക്കോട്ട് ശക്തമായ മഴയുണ്ടാകുമെന്നും 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴ ശക്തമായതോടെ വയനാട്, ഇടുക്കി, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളില്‍ മലയോര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കം ബാധിച്ച ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വില്ലേജാഫീസര്‍മാര്‍ മുതല്‍ പോലീസ്, അഗ്‌നിശമനവിഭാഗം ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലകളില്‍ ബീച്ചില്‍ പോകരുതെന്നും കിഴക്കന്‍ പ്രദേശങ്ങളിലെ രാത്രി യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ ശക്തമായ മഴ നേരിയ ശമനത്തിന് ശേഷം ചൊവ്വാഴ്ച വീണ്ടും ശക്തമായി തന്നെ കേരളത്തില്‍ ഉടനീളം പെയ്യുകയാണ്. ഇന്ന് മുതല്‍ 24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴയാണെങ്കിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയാണ്.

ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ആദിവാസി മേഖലകള്‍ വെള്ളത്തിലായി. ഒറ്റപ്പെട്ട ഇവിടെ ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ റവന്യൂവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വയനാട്ടിലും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കല്‍പ്പറ്റയിലെ റോഡുകളിലെല്ലാം വെള്ളം കുത്തിയൊഴുകി സഞ്ചാരം പോലും തടസ്സപ്പെട്ട നിലയിലാണ്. 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ് പോലീസും റവന്യൂവകുപ്പും അഗ്‌നിശമനസേനയും രംഗത്തുണ്ട്. ഉരുള്‍പൊട്ടല്‍, മണിണിടിച്ചില്‍ സാധ്യതയുണ്ട്. നിരത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. മഴ ദുരിതം വിതച്ച സാഹചര്യം നില നില്‍ക്കുന്നതിനാല്‍ എല്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസര്‍മാര്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനും നിര്‍ദേശമുണ്ട്.

Advertisement