കെവിന്‍ വധം: നാളെ ഹര്‍ത്താല്‍

7

കോട്ടയം: നവവരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാന്‍ എന്നയാളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

Advertisements

മരിച്ച കെവിന്റെ ബന്ധുക്കള്‍ ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. കെവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നു ബിജെപി നേതാവ് എം.ടി. രമേശും ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണ് കോട്ടയത്ത് യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നുരാവിലെ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisement