ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം; പുല്‍വാമയുടെ വേദനയില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടിയും

19

പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ച് നടന്‍ മമ്മൂട്ടിയും. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വേദാനാജനകമായ സംഭവത്തെക്കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു.

Advertisements

‘ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു കൊള്ളുന്നു. പരുക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം.’

കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 39 സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ജീവന്‍ വെടിഞ്ഞ ജവാന്മാരുടെ കൂട്ടത്തില്‍ മലയാളി സൈനികന്‍ വിവി വസന്തകുമാറും ഉള്‍പ്പെടും.

അതേ സമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വിവി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന വസന്തകുറിന്റെ മൃതദേഹം ജില്ലാ കലക്ടറടങ്ങുന്ന സംഘം ഔദ്യോഗിക ബഹുമതികളോടെ എട്ടു വാങ്ങും. വയനാട് ലക്കിടി സ്വദേശിയാണ് വിവി വസന്തകുമാര്‍.

വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തൃക്കേപ്പറ്റ വഴക്കണ്ടിയിലെ കുടുംബശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ് നടക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടിപി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും.

പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വിവി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഇതിനിടെ നാട്ടില്‍ അവധിക്ക് വന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ബറ്റാലിയന്‍ മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്. പിന്നാലെ ബന്ധുക്കളെ തേടി എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു.

Advertisement