മലയാളത്തിലെ യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രസസ്ത നടൻ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാൻ ഒരുങ്ങി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തിൽ നിന്നും നീക്കിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നടന് എതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹൻലാൽ വാക്കാൽ സമ്മതം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. വിജയ് ബാബുവിന് എതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകൾ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വിഷയത്തിൽ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം വിജയ് ബാബു മുൻകൂർ ജാമ്യത്തിനായി കേരള ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനും സിനിമയിൽ കൂടുതൽ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.
താൻ നിർമ്മിച്ച ഒരു ചിത്രത്തിൽ നേരിട്ട് അവസരം ചോദിച്ചപ്പോൾ ഓഡിഷനിൽ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിർദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതൽ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചെന്നും ജാമ്യ ഹർജിയിൽ വിജയ് ബാബു പറയുന്നു.

പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകൾ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് അവർക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാൻ പരാതിക്കാരി നിരന്തരം പ്രയത്‌നിച്ച് കൊണ്ടിരുന്നു എന്നു വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
അതേ സമയം വിജയ് ബാബു ഇപ്പോൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്. ഇയാൾ ദുബായിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read
ഊള ബാബുവിനെ പോലെ ആവരുത്, തുറന്നടിച്ച് റിമാ കല്ലിങ്കൽ, പിന്തുണയുമായി ആരാധകർ









