ആരോടും ഒരു പകയും വിദ്വേഷവും ഇല്ലാത്ത കുട്ടി ഇത്രയും വേദനിച്ചതിന്റെ കാരണക്കാരനായ വ്യക്തി ആരായാലും ശിക്ഷിക്കപ്പെടണം: തുറന്നടിച്ച് മല്ലികാ സുകുമാരൻ

3140

കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് പ്രതിയായ സംഭവത്തിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ രംഗത്ത്. തെറ്റ് ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടണം എന്നായിരുന്നു മല്ലികാ സുകുമാരൻ പറഞ്ഞത്.

ആരോടും ഒരു പകയും വിദ്വേഷവും ചെയ്യാത്ത കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണെന്നും അതിന് പിന്നിലാരാണെന്നും കണ്ടുപിടിക്കാൻ ഇവിടുത്തെ നീതിന്യായ വകുപ്പ് ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മല്ലികാ സുകുമാരന്റെ തുറന്നു പറച്ചിൽ.

Advertisements

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ:

ഞങ്ങളൊക്കെ സിനിമയിൽ വരുന്ന സമയത്ത് തന്നെ സിനിമാ മേഖലയെ ചീത്തവിളിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. സിനിമാക്കാരി യെന്ന് വളരെ പുച്ഛത്തോടെ വിളിച്ചിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു ഇവിടെ. ആ കാലഘട്ടത്തിലാണ് ഞങ്ങൾ അഭിനയിക്കാൻ വന്നത്. അതിന്റേതായ പേടി ഞങ്ങൾക്കൊക്കെ ഉണ്ടായിരുന്നു. സിനിമ വേണ്ടെന്നൊക്കെ അന്ന് തോന്നിയിരുന്നു.

അപ്പോൾ സിനിമയുള്ളവർ ആദ്യം ശ്രദ്ധിക്കേണ്ടത് സിനിമയിൽ വേണം ഏറ്റവും മാന്യമായിട്ട് കാര്യങ്ങൾ നടക്കുന്നത് എന്ന് ജനങ്ങളുടെ മുൻപിൽ തെളിയിക്കുക എന്നതാണ്. നമ്മുടെ കടമ എന്ന് പറയുന്നത് അതാണ്. നൂറായിരം സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ല. സംഘടനയ്ക്ക് അകത്ത് നൂറ് പേരിൽ പത്ത് പേർക്ക് സ്വാർത്ഥമായ താത്പര്യമുണ്ടെങ്കിൽ സംഘടനയുടെ സുഖം അവിടെ തീർന്നു.

സംഘടന വേണം അത് നല്ല കാര്യമാണ്. പക്ഷേ നമ്മൾ ഒരു കുടുംബത്തിൽ നിൽക്കുന്നവർ തന്നെ തമ്മിലടി ആയാലോ. ആളുകളിൽ തന്നെ തെറ്റായ ധാരണ വരും. നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിൽ ആരാണ് എന്താണ് എന്നൊക്കെ കാലം തെളിയിക്കേണ്ട കാര്യമാണ്. ഇവിടുത്തെ ജുഡീഷ്യറയിൽ എനിക്ക് വിശ്വാസമാണ്.

Also Read
ഒന്നര മാസം ഗർഭിണി ആയിരുന്നപ്പോഴാണ് ആ സംഭവം, ആ ടെൻഷനിൽ അബോർഷനായി, അമ്മച്ചയും നഷ്ടമായി ചേച്ചിയുടെ മകനും പോയി അതോടെ തളർന്നുപോയി: ബീനാ ആന്റണിയും മനോജും പറയുന്നു

പണക്കാർക്കും പാവപ്പെട്ടവർക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല എനിക്കറിയില്ല. ചില കാര്യങ്ങൾ കേൾക്കുമ്പോൾ എന്തൊക്കെയാണ് കേൾക്കുന്നത് ഇതൊക്കെ സത്യമാണോ എന്നൊക്കെ തോന്നാറുണ്ട്. സിനിമയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് കഷ്ടമായെന്ന് തോന്നിയിട്ടുണ്ട്. ഇന്നേ വരെ ഇങ്ങനെയൊരു സംഭവം സിനിമയിൽ ഉണ്ടായിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് പ്രതികരിക്കാൻ പരിധി ഉണ്ട്.

അവിടെ രണ്ട് വിഭാഗങ്ങളായി മാറി ഒരു കൂട്ടർ ഒരു പക്ഷത്തെ പിടിച്ചുപറയുന്നു. മറ്റൊരു കൂട്ടർ മറ്റൊരു പക്ഷത്തേയും പിടിച്ച് സംസാരിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് ആര് എന്ത് സമാധാനം പറയും. ഇതിന്റെ ഉത്തരം മാത്രം കിട്ടിയാൽ മതി എന്നെപ്പോലുള്ള സ്ത്രീകൾക്ക്. അല്ലാതെ ഇത് ആര് പറഞ്ഞിട്ട് ഏത് വഴിയിൽ കൂടി പോയി അത് കള്ളത്തരമാണ് ഒട്ടിച്ചുവെച്ചതാണ് ഇതൊന്നും ഞങ്ങൾക്ക് അറിയണ്ട.

ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കിൽ പിന്നെ ആര് ഇതാണ് അറിയേണ്ടത്.
അല്ലാതെ രാത്രി 9 മണിക്ക് ചാനലിൽ വന്നിരുന്ന് ഘോരഘോരം പറയുകയാണ് ചിലർ. അതിജീവിതയുടെ ദു:ഖം കണ്ടിട്ടില്ലാത്ത അതിൽ പങ്കുചേരാത്തവരും ചെയ്‌തെന്ന് പറയുന്ന വീട്ടിലെ ആൾക്കാരും ചേർന്നുള്ള തർക്കവും ഭാഗം പിടിക്കലും എനിക്ക് കേൾക്കണ്ട.

ഇത് മുഴുവൻ കള്ളത്തരമാണെന്ന് എനിക്കറിയാം. എനിക്ക് പറയാനുള്ള ഒറ്റ കാര്യമേയുള്ളൂ. സംഭവം നടന്നു അതറിയാം. ആരാണ് അതിന്റെ കാരണം ആരോടും ഒരു പകയും വിദ്വേഷവും ചെയ്യാത്ത കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണ്. അതിന്റെ പിന്നിലാര് അത് കണ്ടുപിടിക്കാൻ ഇവിടുത്തെ നീതിന്യായവകുപ്പ് ബാധ്യസ്ഥരാണ്. അവർ അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ പാടില്ല. ഇതൊക്കെ പാടെ തുടച്ചുനീക്കുന്ന രീതിയിലുള്ള ശിക്ഷാവിധികൾ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് നാളെ പെൺകുട്ടികളെ നമ്മൾ പുറത്തിറക്കി ഇറക്കിവിടുന്നത്. ഇങ്ങനെയൊരു സംഭവം മനപൂർവം ആരെങ്കിലും ചെയ്തതാണെങ്കിൽ തീർച്ചയായും അവർ ശിക്ഷിക്കപ്പെടണം എന്നും മല്ലികാ സുകുമാരൻ പറയുന്നു.

Also Read
ഊള ബാബുവിനെ പോലെ ആവരുത്, തുറന്നടിച്ച് റിമാ കല്ലിങ്കൽ, പിന്തുണയുമായി ആരാധകർ

Advertisement