ഏറെ നാളായി പിണങ്ങികഴിഞ്ഞ് വിവാഹമോചനത്തിന് നിന്നവര്‍ വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു, സംസാരിച്ച് നില്‍ക്കുന്നതിനിടെ വീണ്ടും വഴക്കായി, സജീര്‍ ഭാര്യയെ കുത്തിമലര്‍ത്തി: കൊച്ചി നഗരമദ്ധ്യത്തില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ

28

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി നഗരമദ്ധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് ഇരുവരും വീണ്ടും ഒന്നിക്കാനിരിക്കുന്നതിനിടയില്‍. ഏറെ നാളായി പിണങ്ങികഴിഞ്ഞ് വിവാഹമോചന ശ്രമങ്ങള്‍ തുടരുന്നതിനിടെ പിണക്കം മാറി ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ലോഡ്ജില്‍ താമസിച്ച ശേഷം ഇന്ന് ഒരുമിച്ച് മടങ്ങാനും തീരുമാനമെടുത്തിരുന്നു.

ഇതിന് പിന്നാലെ വീണ്ടും വഴക്കടിക്കുകയും നഗരമദ്ധ്യത്തിലിട്ട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യ(27) ആണു വയറില്‍ കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാട്ടുപറമ്പില്‍ സജീറി(32)നെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച സജീറിനെ പാലാരിവട്ടം വി മാര്‍ട്ടിന് സമീപത്തുനിന്നാണ് പിടികൂടിയത്.

Advertisements

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്എന്‍ഡിപി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു നഗരത്തെ നടുക്കിയ സംഭവം. പാലാരിവട്ടത്ത് ഒരു ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനാണ് സുമയ്യ. ഓട്ടോ ഡ്രൈവറാണ് സജീര്‍. ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയായിരുന്നു. ഇവര്‍ക്ക് നാലും ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ സജീറിനൊപ്പമാണ്.

ഇന്നലെ ഇവരെ കാണാനെത്തിയ സജീര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. പ്രദേശവാസികള്‍ സുമയ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജീറും സുമയ്യയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ചു നിന്നിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സുമയ്യ ഫോണില്‍ വിളിച്ചതനുസരിച്ചാണ് താന്‍ എറണാകുളത്തെത്തിയതെന്നു സജീര്‍ പോലീസിനോടു പറഞ്ഞു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുമയ്യ അപമാനിച്ചെന്നും തുടര്‍ന്നു സമീപത്തുള്ള കടയില്‍നിന്നു കത്തി സംഘടിപ്പിച്ച് തിരിച്ചെത്തി കുത്തുകയായിരുന്നുവെന്നും സജീര്‍ പോലീസിനോട് പറഞ്ഞു. വയറില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുത്തു.

Advertisement