രണ്ടാംമൂഴത്തിന് എംടിയെ അനുനയിപ്പിച്ചപ്പോൾ ബിആർ ഷെട്ടി കൈയ്യൊഴിഞ്ഞു; മോഹൻലാലിനെ നായകനാക്കി പിണറായിയുടെ ബയോപിക്ക് ഇറക്കാൻ നോക്കിയതും അവസാന നിമിഷം പാളി; ശ്രീകുമാർ മേനോൻ വീണ്ടും പ്രതിസന്ധിയിൽ

40

എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യം നിയമകുരുക്കിൽ പെട്ടതോടെ ഒടിയൻ സിനിമയുടെ നിർമ്മാതാവായ ശ്രീകുമാർ മേനോൻ കരുക്കൾ നീക്കിയത് സാക്ഷാൽ പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ! തുടക്കത്തിൽ പ്രോജക്ടിനോട് താൽപ്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ പദ്ധതിക്ക് നോ പറഞ്ഞു. ഗുണത്തേക്കാൾ ദോഷമാകും ഈ സിനിമ ചെയ്യുകയെന്ന ഉപദേശം കിട്ടിയതോടെയാണ് ശ്രീകുമാറിന്റെ ബയോപിക്കിന് മുഖ്യമന്ത്രി വിസമ്മതം അറിയിച്ചത്.

സിനിമയിൽ പിണറായി ആയി അഭിനയിക്കാൻ ശ്രീകുമാർ മേനോൻ മനസ്സിൽ കണ്ടത് മോഹൻലാലിനെയാണ്. ലാലും പദ്ധതിയുമായി സഹകരിക്കാനില്ലെന്ന് അപ്പോൾ തന്നെ ശ്രീകുമാർ മനോനെ അറിയിച്ചതായാണ് സൂചന. സാംസ്‌കാരിക മന്ത്രി കൂടിയായ എകെ ബാലൻ വഴിയാണ് സിനിമയുടെ ആശയം മുഖ്യമന്ത്രിയെ ശ്രീകുമാർ ധരിപ്പിച്ചത്. തുടർന്ന് ചർച്ചകളും നടന്നു.

Advertisements

ഒടിയൻ സിനിമയുടെ സംവിധായകനായ ശ്രീകുമാർ മേനോന് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നായിരന്നു ബാലൻ പിണറായിയെ അറിയിച്ചത്. അദ്ദേഹം അതിന്റെ വിശദാംശങ്ങൾ തിരിക്കിയില്ല. എന്നാൽ തന്റെ ജീവ ചരിത്രം ആയതു കൊണ്ട് തന്നെ പാർട്ടിയെ ഇക്കാര്യം പിണറായി അറിയിക്കുകയായിരുന്നു. വ്യക്തിപൂജാ വിവാദങ്ങൾ സിപിഎമ്മിനെ പിടിച്ചുലച്ചിരുന്നു. പി ജയരാജനുമായി ബന്ധപ്പെട്ട് കർശന തീരുമാനങ്ങൾ സിപിഎം എടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വ്യക്തിപൂജയായി സിനിമ വിലയിരുത്തുമെന്ന സംശയം പിണറായിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടിയെ അറിയിച്ചത്.

ഈ സമയം പാർട്ടി കാര്യങ്ങൾ തിരക്കി. സിനിമ വേണ്ടെന്ന പൊതു അഭിപ്രായമാണ് സിപിഎം അനുഭാവികളായ സിനിമാക്കാർ നൽകിയത്. ഇത് പലവിധ വിവാദമുണ്ടാകുമെന്നും വിശദീകരിച്ചു. ഒടിയൻ സിനിമ ബോക്‌സ് ഓഫീസിൽ വിജയമായെങ്കിലും അതുമായി ബന്ധപ്പെട്ടുയർന്ന പ്രേക്ഷകാഭിപ്രായങ്ങളും ചർച്ചയായി. അങ്ങനെ ശ്രീകുമാർ മേനോനുമായി സിനിമാ സഹകരണം വേണ്ടെന്ന നിലപാടിലാണ് സിപിഎം എത്തിയത്. ഇക്കാര്യം പിണറായിയെ കാര്യകാരണ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ശ്രീകുമാർ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതോടെ പിണറായിയുടെ കാതിലെത്തി. ഇതോടെയാണ് സിനിമ വേണ്ടെന്ന തീരുമാനം പിണറായി എടുത്തതും.

സാസ്‌കാരിക മന്ത്രിക്കാണ് സിനിമയുടേയും ചുമതല. അതുകൊണ്ടാണ് ബാലൻ മന്ത്രി വഴി പിണറായിലേക്ക് ശ്രീകുമാർ എത്തിയത്. പാലക്കാടുകാരാണ് ഇരുവരും. സിനിമയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന സന്ദേശം ബാലനാണ് അതുകൊണ്ട് തന്നെ മുഖ്യമന്ത്രി നൽകിയത്. ഇത്തരം ആൾക്കാരെ ദയവ് ചെയ്ത് തന്റെ അടുത്തേക്ക് അയയ്ക്കരുതെന്നും പിണറായി നിർദ്ദേശിച്ചതായി സൂചനയുണ്ട്. ഏതായാലും ആദ്യം മോഹൻലാലും പിന്നീട് സാക്ഷാൽ പിണറായിയും സിനിമയോട് നോ പറഞ്ഞു. ഇതോടെയാണ് ശ്രീകുമാർ മേനോൻ നിരാശനായത്. എന്നാൽ ഇനിയും ശ്രീകുമാർ മേനോൻ പ്രതീക്ഷ കൈവിട്ടിട്ടില്ല.

സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ശ്രീകുമാർ മേനോൻ സജീവമാണ്. കഥയും തിരക്കഥയും എഴുതുകയാണ് ഇപ്പോഴെന്നും സൂചനയുണ്ട്. പിണറായിയുടെ അനുമതി കിട്ടിയില്ലെങ്കിൽ ഇരട്ടച്ചങ്കനെ കുറിച്ച് പിണറായി എന്ന പേരുപറയാതെ അതുമായി സാമ്യമുള്ള കഥാ പശ്ചാത്തലത്തിലൂടെ മറ്റൊരു സ്വതന്ത്ര സിനിമ ചെയ്യാനാണ് പദ്ധതി.

എന്നാൽ സിപിഎം ഈ സിനിമയോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സജീവമാണ്. അതുകൊണ്ട് ഇനി ശ്രീകുമാർ മേനോന്റെ പിണറായി പ്രോജക്ട് നടക്കില്ലെന്നാണ് സിനിമാക്കാർക്കിടയിലെ സംസാര വിഷയം. പിണറായിയെ കുറിച്ച് സിനിമയെടുക്കാൻ മറ്റ് ചിലരും ശ്രമം നടത്തുന്നുണ്ട്. എന്നാൽ ബയോപിക്കുകളോട് പിണറായി സഹകരിക്കില്ല.

Advertisement