ലാലേട്ടന് ഒപ്പം വീണ്ടും ഏആർ റഹ്മാൻ, ഓസ്‌കാർ ജേതാവ് എത്തുന്നത് ആറാട്ടിൽ, ആവേശത്തിൽ ആരാധകർ

56

ഓസ്‌കർ ജോതാവായ ലോകസംഗീതഞ്ജൻ എആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന സിനിമയിലൂടെയാണ് ഏആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

എന്നാൽ സംഗീത സംവിധായകനായിട്ടല്ല അദ്ദേഹം എത്തുന്നത്, ഇക്കുറി അഭിനേതാവായാണ് റഹ്മാൻ ആറാട്ടിൽ എത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ 32 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ആറാട്ടിൽ ഒരു നിർണായക രംഗത്തിൽ എആർ റഹ്മാൻ അഭിനയിക്കുന്നുവെന്നാണ് പ്രമുഖ സിനിമാ പ്രസിദ്ധീകരനമായ നാന റിപ്പോർട്ട് ചെയ്യുന്നത്.

Advertisements

സംഗീത സംവിധായകൻ രാഹുൽ രാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നാനയുടെ ഈ വാർത്ത പങ്കുവെച്ചിട്ടുണ്ട്. നേരത്തെ വിജയ് നായകനായെത്തിയ തമിഴ് ചിത്രം ബിഗിലിലെ ഒരു ഗാനരംഗത്തിൽ എആർ റഹ്മാൻ എത്തിയിരുന്നു. മോഹൻലാൽ സംഗീത് ശിവൻ കൂട്ടുകെട്ടിൽ 1992ൽ പുറത്തിറങ്ങിയ യോദ്ധയാണ് ഏആർ റഹ്മാൻ സംഗീതം നിർവഹിച്ച ആദ്യ മലയാളം സിനിമ.

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആട് ജീവിതത്തിനും അദ്ദേഹം സംഗീതം നിർവഹിക്കുന്നുണ്ട്. ആട് ജീവിതത്തിന്റെ ചിത്രീകരണം പുരോഗമിക്കുകായാണ്. അതേസമയം ആറാട്ടിൽ മോഹൻലാലിന്റെ സീനുകളുടെ ചിത്രീകരണം പൂർത്തിയായി. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇനി ഒരു ദിവസത്തെ ഷൂട്ട് മാത്രമാണ് മോഹൻലാലിന് ബാക്കിയുള്ളത്. മാർച്ച് രണ്ടാം വാരത്തിൽ അത് പൂർത്തിയാക്കുമെന്നും ഉണ്ണികൃഷ്ണൻ കുറിച്ചു. കോമഡിക്ക് പ്രാധാന്യം നൽകുന്ന ഒരു ആക്ഷൻ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ട് എന്ന് ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

നെയ്യാറ്റിൻകര ഗോപൻ ചില കാരണങ്ങളാൽ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുകയാണ്. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റർ സമീർ മുഹമ്മദാണ്. രാഹുൽ രാജ് സംഗീതം നൽകും.

ജോസഫ് നെല്ലിക്കൽ കലാ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.
ശ്രദ്ധ ശ്രീനാഥാണ് ആറാട്ടിൽ മോഹൻലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

Advertisement