ജനങ്ങൾക്ക് വേണ്ടിയായിരിക്കണം നിയമം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാസ്റ്റർ ഓഡിയോ ലോഞ്ച് വേദിയിൽ ആഞ്ഞടിച്ച് വിജയ്

23

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാസ്റ്റർ ഓഡിയോ ലോഞ്ച് വേദിയിൽ ആഞ്ഞടിച്ച് നടൻ വിജയ്. ‘നിയമം ജനങ്ങൾക്ക് വേണ്ടിയായിരിക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമ്മാണം നടത്തേണ്ടതെന്ന് വിജയ് തുറന്നടിച്ചു.

സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്നും വിജയ് പറഞ്ഞു. അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടും. സത്യത്തിനായി നിലകൊള്ളാൻ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി വരുമെന്നും വിജയ് പറഞ്ഞു.

Advertisements

പരോക്ഷമായി റെയ്ഡിനെ പരിഹസിക്കാനും താരം മറന്നില്ല. ഇപ്പോഴത്തെ ദളപതി വിജയ് ഇരുപത് വർഷം മുമ്പത്തെ ഇളയ ദളപതി വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് അന്ന് ജീവിച്ചിരുന്ന ജീവിതമായിരിക്കും ആവശ്യപ്പെടുകയെന്നായിരുന്നു വിജയ് പറഞ്ഞത് അന്ന് സമാധത്തോടെയായിരുന്നു ഇരുന്നത്. റെയ്ഡുകളൊന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞു.

ജീവിതത്തിൽ നമ്മൾ പുഴ പോലെയായിരിക്കണം പുഴ സാധാരണ പോലെ ഒഴുകും, ഇഷ്ടമുള്ള ചിലർ പുഴയിലേക്ക് പൂക്കൾ എറിയും ഇഷ്ടമില്ലാത്ത ചിലർ പുഴയിലേക്ക് കല്ലെറിയും രണ്ടായാലും പുഴ ഒഴുകി കൊണ്ടിരിക്കുമെന്നും വിജയ് പറഞ്ഞു.

ബിഗിൽ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ. ഇതിന്റെ രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം.

അതേസമയം, പ്രതിഫലത്തുകയുടെ കാര്യത്തിൽ നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ നടന് എതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാതാരങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടൻ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായനികുതി വകുപ്പ്.

Advertisement