ദൃശ്യം 3 ന് വേണ്ടിയുളള ഗംഭീര ക്ലൈമാക്സ് തന്റെ കൈയ്യിലുണ്ട്: വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

51

മോഹൻലാലിനെ നായകനാക്കി ജീത്തുജോസഫ് ഒരുക്കിയ ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബിലെത്തിയ ചിത്രമായിരുന്നു. കഴിഞ്ഞയാഴ്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2ന്റെ വലിയ വിജയത്തിന് പിന്നാലെ ഇതിന്റെ മൂന്നാം ഭാഗത്തിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേ സമയം മികച്ച വരവേൽപ്പാണ് ദൃശ്യം 2ന് ലാകമെമ്പാടുമുളള സിനിമാ പ്രേമികളിൽ നിന്നും ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ ഗംഭിരമാണ് രണ്ടാം ഭാഗമെന്നാണ് പൊതുവേയുള്ള അഭിപ്രായം, ജീത്തു ജോസഫിന്റെ തിരക്കഥയും മോഹൻലാൽ ഉൾപ്പെടെയുളള താരങ്ങളുടെ പ്രകടനവും സിനിമയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ചു.

Advertisements

ആമസോൺ പ്രൈം വഴിയാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സിനിമ ഒടിടിയിലൂടെ കണ്ടത്. ദൃശ്യം 2 വമ്പൻ വിജയമായതിന് പിന്നാലെയാണ് സിനിമയുടെ മൂന്നാം ഭാഗവും വരുമെന്ന സൂചനകൾ അണിയറ പ്രവർത്തകർ നൽകിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയായിരുന്നു ഇതേകുറിച്ച് ആദ്യം പ്രതികരിച്ചത്.

ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫും ദൃശ്യം 3യെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ജീത്തു ജോസഫ് സംസാരിച്ചത്. ദൃശ്യം 3യ്ക്ക് വേണ്ടിയുളള ഗംഭീര ക്ലൈമാക്സ് തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഇത് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു.

അവർക്കും ഇഷ്ടമായിട്ടുണ്ട്. എന്നാൽ സിനിമ ഉടനെ ഉണ്ടാകില്ല. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കഴിഞ്ഞേ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകൂ. ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും സംവിധായകൻ പറഞ്ഞു. അതേസമയം പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേകുറിച്ച് ആലോചിക്കുമെന്നും സംവിധായകൻ പറഞ്ഞു. ദൃശ്യം 2വിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ സന്തോഷമുണ്ടെന്നും ജീത്തു പറയുന്നു.

ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളാണ് ആളുകൾ കണ്ടെത്തുന്നത്. ദൃശ്യം 2വിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ബോധപൂർവ്വമായിരുന്നു. കഴിവുളള ഒരുപാട് കലാകാരൻമാർ മലയാളത്തിൽ ഉണ്ട്. എന്നാൽ ഇവരെ പലരും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താറില്ല.

പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് എന്റെ നിലപാട്. എന്നാൽ ഇപ്പോഴും പുതുമുഖങ്ങളെ വെച്ച് മാത്രം ഒരു സിനിമ ഉണ്ടാക്കാനുളള ധൈര്യമില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

Advertisement