അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ അവതാരകനുമാറിയ താരമാണ് മിഥുൻ രമേശ്. സിനിമയിൽ ഡബ്ബിംഗ് ആർടിസ്റ്റായി എത്തിയ പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുൻ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.
ദുബായിയിൽ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇതിനിടെ, താരം ബെൽസ് പാൾസി രോഗബാധിതനായെന്നും അറിയിച്ചിരുന്നു. മുഖം ഒരു വശത്തേക്ക് താൽക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. പിന്നീട് രോഗം ഭേദമായി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് മിഥുൻ രമേശ്.
ഇപ്പോഴിതാ തനിക്ക് സിനിമയിലെ താരങ്ങളോടുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുൻ. താൻ ലാലേട്ടന്റെ കട്ട ഫാനാണെന്നാണ് മിഥുൻ പറയുന്നത്. അദ്ദേഹത്തിനൊപ്പം ഒന്നിച്ച് സമയം ചെലവഴിക്കാനുമൊക്കെ കഴിഞ്ഞിട്ടുണ്ടെന്നും ആരെങ്കിലും ലാലേട്ടനെ മോശം പറഞ്ഞാൽ താൻ ഇന്നും വഴക്കുണ്ടാക്കുമെന്നും മിഥുൻ പറയുന്നു.
അങ്ങനെയൊക്കെ ഉള്ളൊരു ലാലേട്ടൻ ഫാൻ ബോയ്, അതാണ് താൻ. വേറൊരു ലെവലിൽ ലൈഫ് കൊണ്ടുപോവുന്നത് പോലെ തോന്നിയിട്ടുണ്ട്. ചില നെഗറ്റിവിറ്റിയൊന്നും എടുക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ, മമ്മൂക്കയെ കുറിച്ചും താരം പറയുന്നുണ്ട്.
എന്തെങ്കിലും നമ്മുടെ കാര്യങ്ങളിൽ പ്രശ്നമുണ്ട് എന്നറിഞ്ഞാൽ ആദ്യം വരുന്ന കോൾ മമ്മൂക്കയുടേതായിരിക്കും. അത് താൻ നേരിട്ട് അനുഭവിച്ച കാര്യമാണെന്നും നമ്മളെക്കുറിച്ച് പലരോടും അന്വേഷിക്കുന്നത് പുള്ളിയാണെന്നും മിഥുൻ പറയുന്നു. എല്ലാവരുടെയും വല്യേട്ടൻ എന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയാണ്. തനിക്ക് പലപ്പോഴും അങ്ങനെ തന്നെയാണ് തോന്നിയിട്ടുള്ളതെന്നും വ്യയാത്ത സമയത്ത് തന്നെ അദ്ദേഹം വിളിച്ചിരുന്നെന്നും മിഥുൻ വെളിപ്പെടുത്തി.
യുവതാരങ്ങളിൽ പ്രശസ്തനായ ഫഹദ് ഫാസിലിനെ ഡയമണ്ട് നെക്ലേസിന്റെ സമയത്താണ് പരിചയപ്പെട്ടതെന്നും മിഥുൻ പറഞ്ഞു. ഡയറക്ടർ എന്തെങ്കിലും സജഷൻ പറഞ്ഞാൽ ഇത് ഇങ്ങനെ ചെയ്താൽ നല്ലതായിരിക്കുമെന്ന് അങ്ങോട്ട് പറയാനുള്ള കോൺഫിഡൻസുണ്ട് ഫഹദിനെന്നാണ് താരം പറയുന്നത്.
കൂടാതെ, തനിക്ക് ദിലീപേട്ടനൊപ്പം അഭിനയിക്കുന്നത് നല്ല രസമായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് ദിലീപിനെക്കുറിച്ച് ചോദിച്ചപ്പോൾ മിഥുൻ പറഞ്ഞു. ദിലീപേട്ടൻ തനിക്ക് ബ്രദറിനെപ്പോലെയാണ്. ദുബായിൽ വരുമ്പോൾ എപ്പോഴും വിളിക്കാറുണ്ട്. ചില ഷോകൾക്ക് വരുമ്പോൾ അവനെ വിളിക്ക് എന്ന് തന്നെ പറയാറുണ്ട്. വെട്ടവും റൺവേയും അവതാരവും ഒരുമിച്ച് അഭിനയിച്ച ചിത്രമാണെന്നും മിഥുൻ രമേശ് പറയുന്നു.