വിദ്യാ ബാലന്‍ തന്നെ മതിയായിരുന്നു, മാധവിക്കുട്ടി ജീവിച്ചിരിപ്പില്ലാത്തത് കമലിന്റെ ഭാഗ്യം: മഞ്ജു വാര്യരുടെ ആമിയിലെ അഭിനയം പോരെന്ന് ആരാധകര്‍

29

കമല്‍ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ആമി, പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കാത്തിരിപ്പായിരുന്നു. ബോളിവുഡ് താരം വിദ്യാബാലനെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഘപരിവാറിന്റെ മുഖ്യ ശത്രുവായ കമലിന്റെ സിനിമയില്‍ അഭിനയക്കരുതെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യ ബാലന്‍ പിന്മാറി. വിദ്യ മാറി മഞ്ജുവാര്യരാണ് ആമിയാകുന്നതെന്ന് അറിഞ്ഞപ്പോള്‍ ആകാംഷയേക്കാളേറെ ആശങ്കയായിരുന്നു. വിദ്യാബാലനോളം തന്നെ അഭിനയപാടവമുള്ള മികച്ച അഭിനയേത്രി തന്നെയാണ് മഞ്ജു വാര്യര്‍. എങ്കിലും ആമിയാകാന്‍ മഞ്ജു വാര്യര്‍ക്ക് സാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു എല്ലാവര്‍ക്കും.

Advertisements

കാരണം അവള്‍ ഉന്മാദിനിയാണ്, കവയത്രിയാണ്, കഥാകാരിയാണ് പോരാത്തതിന് പ്രണയിനിയും. മനസില്‍ ഒരുപാട് തട്ടുകളുള്ള ഓരോ തട്ടുകളെക്കുറിച്ചും തുറന്നെഴുതിയ എന്നാല്‍ നിഗൂഢതകള്‍ സൂക്ഷിച്ച കടലാഴങ്ങളായിരുന്നു മാധവിക്കുട്ടി എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി. എന്നാല്‍ ആമിയുടെ ട്രെയിലറില്‍ കണ്ട മഞ്ജു വാര്യര്‍ പ്രണയം പ്രതിഫലിപ്പിക്കുമ്പോള്‍ പലയിടത്തും ശ്വാസംമുട്ടി അഭിനയിക്കുന്നതുപോലെ തോന്നി.

ഭാഷയിലെ മുത്തുമണികിലുക്കം കേവലം തൃശൂര്‍ ഭാഷയുടെ അനുകരണം മാത്രമായി ഒതുങ്ങി. പ്രണയം കത്തുന്ന സ്വപ്നങ്ങള്‍കൊണ്ട് പാതിയടഞ്ഞ കണ്ണുകള്‍ക്കും പകരം കണ്ടത് മഞ്ജുവിന്റെ കരുണനിറഞ്ഞ കണ്ണുകളായിരുന്നു. രാജാവിന്റെ കാമുകിയായി ആമിയെ കണ്ടതേയില്ല, മഞ്ജുവിനെ മാത്രമാണ് കണ്ടത്. പട്ടുസാരിയണിഞ്ഞെത്തുന്ന നാലപ്പാട്ടെ അധികം നിറമില്ലെന്ന് സങ്കടപ്പെട്ട മാധവികുട്ടിയുടെ മാദകത്വത്തിന്റെ നിഴല്‍പോലും മഞ്ജുവില്‍ കണ്ടില്ലെന്ന് നിരാശയോടെയെ പറയാന്‍ സാധിക്കൂ.

മഞ്ജുവിനെ ആമിയാക്കിയെടുക്കാനുള്ള ശ്രമമല്ല, മഞ്ജുവിലൂടെ കഥ പറയാനുള്ള ശ്രമമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നിരുന്നാല്‍ പോലും അറിയാതെയൊരു താരതമ്യം തോന്നിപ്പോകുന്നതിനെ കുറ്റംപറയാനാകില്ല.

Advertisement