അവസരങ്ങൾക്ക് പിന്നാലെ ഒരുപാട് അലഞ്ഞ് പിന്നീട് മലയാള സിനിമയുടെ തന്നെ നെടുതൂണായി മാറിയ നടനാണ് മമ്മൂട്ടി. പ്രായം തളർത്താത്ത നടനെന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്. ചിട്ടയായ ജീവിത ശൈലിയിലൂടെ ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട് എന്നതാണ് വാസ്തവം. മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോഴിതാ മമ്മൂട്ടിക്ക് തന്റെ കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ എ. കബീർ. സഫാരി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് കബീറിന്റെ തുറന്ന് പറച്ചിൽ. മമ്മൂട്ടിയുടെ ശബ്ദവും പേരും കൊള്ളില്ലെന്ന് സംവിധായകൻ അടക്കമുള്ളവർ പറഞ്ഞു എന്നാണ് കബീറിന്റെ തുറന്ന് പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
സ്‌ഫോടനം എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മദ്രാസിൽ ചെന്നു. സംവിധായകൻ വിശ്വംബരൻ സ്ഥലത്തില്ല. സംഘട്ടനം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കാണാൻ രാജസ്ഥാനിൽ പോയിരിക്കുകയായിരുന്നു. ഡബ്ബിങിന്റെ ചാർജ്, കഥാകൃത്തായ ആലപ്പി ഷെരീഫിന് ആയിരുന്നു. അദ്ദേഹം മദ്രാസിലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് മമ്മുക്കയുടെ ശബ്ദം പോരെന്ന് പറഞ്ഞു. മമ്മൂക്കയെ മാറ്റി അന്തിക്കാട് മണി എന്ന ഒരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു’,
മമ്മൂക്ക വളരെ വേദനയോടെ നിർമാതാവിനെ വിളിച്ചു. എന്റെ ശബ്ദം മാറ്റിയിരിക്കുന്നു. എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് അദ്ദേഹം വിഷമത്തോടെ നിർമാതാവിനോട് പറഞ്ഞു. അദ്ദേഹം ഷെറീഫ് ഇക്കയോട് റിക്വസ്റ്റ് ചെയ്തു മമ്മൂക്കയെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിക്കണമെന്ന്. ഇല്ല ഞാൻ ഡബ്ബ് ചെയ്യിച്ചതാ അയാളുടെ ശബ്ദം കൊള്ളില്ല എന്ന് നിർമാതാവിനോട് ഷെരീഫിക്ക പറഞ്ഞു. അങ്ങനെ മമ്മൂക്കയുടെ ശബ്ദം ആ സിനിമയിൽ ഉപയോഗിച്ചില്ല,’
‘ഇത് കൂടാതെ, സ്‌ഫോടനത്തിൽ മമ്മൂക്കയെ ഫിക്‌സ് ചെയ്യുന്നതിന് മുൻപ് സംവിധായകൻ വിശ്വംബരൻ പറഞ്ഞു മമ്മൂട്ടി എന്ന പേര് കൊള്ളില്ലെന്ന്. അങ്ങനെ വിശ്വംബരൻ മമ്മൂക്കയുടെ പേര് ‘സജിൻ’ എന്നാക്കി മാറ്റി. ആ സിനിമ കണ്ടാൽ അറിയാം അതിൽ സജിൻ എഴുതിയിട്ട് ബ്രാക്കറ്റിലാണ് മമ്മൂട്ടി എന്ന് കൊടുത്തിരിക്കുന്നത്.’ എ കബീർ പറഞ്ഞു.
യവനിക എന്ന സിനിമയിൽ അഭിനയിക്കുമ്‌ബോൾ മമ്മൂട്ടിക്ക് സംഭവിച്ച അപകടത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് യവനിക. ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങൾക്കിടയിലാണ് മമ്മൂട്ടിക്ക് അപകടം സംഭവിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സുകുമാരന് ഡ്യൂപിന്റെ സഹായം നൽകിയിരുന്നു. എന്നാൽ മമ്മൂട്ടിക്ക് സംവിധായകൻ ഡ്യൂപ്പിനെ വെച്ചിരുന്നില്ലെന്ന് കബീർ പറയുന്നു.