അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല; ഉണ്ടയിലെ പൊലീസുകാർ പറയുന്നത് ഇങ്ങനെ, കാണു

14

സൂപ്പർഹിറ്റായിരുന്ന അനുരാഗ കരിക്കിൻ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഉണ്ട’.

പേര് പ്രഖ്യാപിച്ചത് മുതലേ ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. പൊലീസ് കഥാപാത്രമാകുന്ന നൻമച്ചിത്രങ്ങളും പൊലീസുകാർ പ്രതിയാകുന്ന ചിത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.

Advertisements

എന്നാൽ ഇതിൽനിന്നെല്ലാം ഏറെ വ്യത്യസതമായൊരു കഥയാണ് ഇവിടെ സംവിധായകൻ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്.

ഹർഷദ് തിരക്കഥയെഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയം.

ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. മമ്മൂട്ടി ഉൾപ്പെടെ ഒൻപത് പൊലീസുകാരാണ് ഉണ്ടയിൽ ഉള്ളത്.

ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകളും അണിയറക്കാർ പുറത്തു വിട്ടിരുന്നു. ഗോകുൽ, അഭിറാം, ലുക്മാൻ, നൗഷാദ്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ തുടങ്ങിയവരെല്ലാം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഒരു പൊലീസ് കോൺസ്റ്റബിളിനെയാണ് ഗോകുലൻ ബാലചന്ദ്രൻ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമൊത്തുള്ള രസകരമായ അനുഭവങ്ങൾ പങ്കിവയ്ക്കുകയാണ് ഇദ്ദേഹം.

ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം സെറ്റിലെത്തുന്ന മമ്മൂട്ടിയെ ആശങ്കയോടെയാണ് തങ്ങൾ കാത്തിരുന്നതെന്ന് അദ്ദേഹം പറയുന്നു.

‘ഞങ്ങളെല്ലാവരും ടെൻഷനിൽ ആയിരുന്നു. പക്ഷേ, കേട്ടറിഞ്ഞ ആൾ ആയിരുന്നില്ല അദ്ദേഹം. പെട്ടെന്ന് തന്നെ ഞങ്ങളെല്ലാം അദ്ദേഹത്തോട് ഏറെ അടുത്തു.

ആരോടും ഏറ്റക്കുറച്ചിലില്ലാതെ ഒരുപോലെയാണ് അദ്ദേഹം പെരുമാറിയത്. ഡയലോഗ് പറയാനും മറ്റുമെല്ലാം അദ്ദേഹം ഞങ്ങളെ നന്നായി സഹായിച്ചിരുന്നു ഗോകുലൻ പറഞ്ഞു.

പത്തേമാരി, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളിൽ ഗോകുലൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

പറവ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയും നടനായും പ്രവർത്തിച്ച അഭിറാം രാധാകൃഷ്ണനാണ് ഉണ്ടയിലെ മറ്റൊരു പൊലീസുകാരൻ.

പൊലീസ് കോൺസ്റ്റബിൾ ഉണ്ണികൃഷ്ണനായെത്തുന്ന അദ്ദേഹത്തിനും സിനിമയെക്കുറിച്ച് ചിലത് പറയാനുണ്ട്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രധാനമാണെന്നാണ് അഭിറാം പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള പേടിയും അടുത്തറിഞ്ഞപ്പോഴുണ്ടായ സന്തോഷവും അഭിറാമും പങ്കുവെച്ചു.

ചിത്രീകരണത്തിന്റെ ഭാഗമായി നടൻമാരെല്ലാം പൊലീസുകാരോട് അടുത്തിടപെഴകിയിരുന്നു. അതോടെ തങ്ങൾക്ക് പൊലീസിനോടുള്ള മനോഭാവം മാറിമറഞ്ഞു എന്നാണ് അഭിറാം പറയുന്നത്.

മാത്രമല്ല, പൊലീസുകാരോട് സഹാനുഭൂതിയുണ്ടായെന്നും ഇവർ പറയുന്നു.

Advertisement