ആർത്തുല്ലസിച്ച് ചിരിക്കാൻ മനോഹരമായൊരു യമണ്ടൻ പ്രേമകഥ: ഫഖ്‌റുദ്ധീൻ പന്താവൂർ എഴുതുന്നു

40

-ഫഖ്‌റുദ്ധീൻ പന്താവൂർ

നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥ കുടുംബമൊന്നിച്ച് ആർത്തുല്ലസിച്ച് ചിരിക്കാവുന്ന മനോഹരമായൊരു ചിത്രമാണ്. യുവ താരം ദുൽഖർ സൽമാൻ നായകനായ ഒരു കമ്പ്‌ലീറ്റ് കോമഡി എന്റെർറ്റൈനെറാണ് ഈ ചിത്രം.

Advertisements

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തിയ ദുൽഖർ സൽമാന് ആരാധകർ വമ്പൻ വരവേൽപ്പ് ആണ് നൽകുന്നത്. കയ്യടികളും ആർപ്പു വിളികളും ആയി ആരാധകർ ഏറ്റെടുക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം സംയുക്ത മേനോൻ, നിഖില വിമൽ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ലല്ലു എന്ന ചെറുപ്പക്കാരന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പേരുകേട്ട കുടുംബത്തിൽ ജനിച്ചിട്ടും ലോക്കൽസിനൊപ്പം പെയിന്റ് പണിക്കു പോകുന്ന ലല്ലുവിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായതും ആവേശകരമായതുമായ സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.

വളരെ രസകരമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബി സി നൗഫൽ എന്ന നവാഗത സംവിധായകന്റെ വിജയം. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് നിറഞ്ഞ ഒരു തിരക്കഥയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ഈ ചിത്രത്തിനായി ഒരുക്കിയത്.

അമർ അക്ബർ അന്തോണിയും കട്ടപ്പനയും നൽകിയ എഴുത്തുകാരിൽ നിന്നും അതിനൊപ്പമോ അതിനു മുകളിലോ നിർത്താവുന്ന ഒരു യമണ്ടൻ എന്റെർറ്റൈനെർ തന്നെ ആണ് യമണ്ടൻ പ്രേമകഥ. ദുൽഖർ സൽമാൻ എന്ന താരത്തെ ഇത് വരെ കാണാത്ത ഒരു ശൈലിയിൽ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകന്റെ മുന്നിൽ എത്തുന്നത്.

നായികമാരായി എത്തിയ സംയുക്ത മേനോനും നിഖില വിമലിനും കാര്യമായി യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
സലിം കുമാർ, സൗബിൻ ഷാഹിർ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഇവരെ പോലെ തന്നെ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുരാജ് , സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്.

പി സുകുമാർ ഒരുക്കിയുടെ ദൃശ്യങ്ങൾ മനോഹരമായപ്പോൾ ജോൺകുട്ടി തന്റെ മികച്ച എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് നല്ല ഒഴുക്ക് നൽകിയിട്ടുണ്ട്. സാങ്കേതികമായും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞ ഈ ചിത്രത്തിന് നാദിർഷ ഈണം പകർന്ന രസകരമായ ഗാനങ്ങളും മുതൽക്കൂട്ടായി.

പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും കഥാന്തരീക്ഷത്തോടും ഏറെ യോജിച്ചു തന്നെയാണ് മുന്നോട്ടു പോയത്.ഈ അവധിക്കാലത്ത് കുടുംബമൊന്നിച്ച് ആർത്തുല്ലസിച്ച് ചിരിച്ച് ചിരിച്ച് കാണാവുന്ന നല്ലൊരു ചിത്രമാണ് യമണ്ടൻ പ്രേമകഥ.

Advertisement