നിതീഷ് റാണയുടെ അര്‍ദ്ധ ശതകത്തിന് പിന്നാലെ കളിമാറ്റിമറിച്ച് ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം

20

വെടിക്കെട്ട് പ്രകടനവുമായി ആന്‍ഡ്രേ റസ്സലും അര്‍ദ്ധ ശതകവുമായി നിതീഷ് റാണയും ഫോമിലെത്തിയപ്പോള്‍ വിജയം കൈക്കലാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

അവസാന മൂന്നോവറില്‍ ജയിക്കുവാന്‍ 53 റണ്‍സ് വേണ്ടയിടത്ത് നിന്ന് ലക്ഷ്യം ഒരോവറില്‍ 13 റണ്‍സായി ആന്‍ഡ്രേ റസ്സല്‍ മാറ്റി മറിക്കുകയായിരുന്നു.

Advertisements

സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 റണ്‍സുമാണ് കൊല്‍ക്കത്തയ്ക്കായി റസ്സല്‍ നേടിയത്.

അതില്‍ ഒരു റണ്‍സ് മാത്രം ശുഭ്മന്‍ ഗില്ലിന്റെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ സിക്‌സര്‍ നേടി ഗില്ലും ഒപ്പം കൂടിയപ്പോള്‍ ലക്ഷ്യം അവസാന മൂന്ന് പന്തില്‍ മൂന്നായി മാറി.

നാലാം പന്തിലും ഷാക്കിബിനെ സിക്‌സര്‍ പറത്തി ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു.

19 പന്തില്‍ 49 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലും പത്ത് പന്തില്‍ 18 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി അഞ്ചാം വിക്കറ്റില്‍ കൊല്‍ക്കത്തയെ രണ്ട് പന്ത് അവശേഷിക്കെ 6 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകകയായിരുന്നു.

നേരത്തെ നിതീഷ് റാണയുടെ അര്‍ദ്ധ ശതകമാണ് കൊല്‍ക്കത്തയുടെ അടിത്തറയായി മാറിയത്. 47 പന്തില്‍ നിന്ന് റാണ 68 റണ്‍സ് നേടുകയായിരുന്നു. റോബിന്‍ ഉത്തപ്പ 35 റണ്‍സ് നേടി.

മത്സരത്തില്‍ ഇടയ്ക്ക് ഫ്‌ലെഡ് ലൈറ്റുകള്‍ കണ്ണടച്ച ശേഷം കളി പുനരാരംഭിച്ചപ്പോളാണ് റാണയുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഡേവിഡ് വാര്‍ണറുടെ ഐപിഎലിലെ മടങ്ങി വരവ് താരം ആഘോഷമാക്കിയപ്പോള്‍ 181 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ഒന്നാം വിക്കറ്റില്‍ 118 റണ്‍സ് നേടിയ ശേഷം പിയൂഷ് ചൗളയാണ് സണ്‍റൈസേഴ്സിനു ആദ്യ പ്രഹരം നല്‍കിയത്. 39 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയാണ് ടീമിനു ആദ്യം നഷ്ടമായത്.

മോശം ഫീല്‍ഡിംഗാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. മൂന്നിലധികം അവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ ഓപ്പണര്‍മാരുടെ മാത്രം കൈവിട്ടത്.

53 പന്തില്‍ നിന്ന് 85 റണ്‍സ് നേടി വാര്‍ണര്‍ രണ്ടാം വിക്കറ്റായി മടങ്ങുകയായിരുന്നു. 9 ഫോറും 3 സിക്സും അടക്കമായിരുന്നു ഓസീസ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

വാര്‍ണര്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് കുതിപ്പിനു ഒരു പരിധി വരെ തടയിടുവാന്‍ കൊല്‍ക്കത്തയ്ക്കായി.

വാര്‍ണറുടെയും യൂസഫ് പത്താന്റെയും വിക്കറ്റുകള്‍ നേടി ആന്‍ഡ്രേ റസ്സലാണ് ഇന്നിംഗ്സിന്റെ അവസാനത്തോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയത്.

നിര്‍ണ്ണായകമായ 40 റണ്‍സ് നേടി വിജയ് ശങ്കറും ടീമിനു മികച്ച സംഭാവന നല്‍കി.

Advertisement