പെരിയാറിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതും പരിഷ്‌കരണവാദിയായ നവോത്ഥാന നായകനെ ജാതിപ്പേര് വിളിച്ചതും തീര്‍ത്തും അപലപനീയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

48

വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സാധാരണക്കാരെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കുന്ന കൃഷ്ണയെ വിദ്വേഷവും ഗൂഢലക്ഷ്യങ്ങളും കൊണ്ട് ഒരു വിഭാഗം ആളുകള്‍ വിമര്‍ശിക്കുന്നത് ഖേദകരമാണെന്നും , ഇത് അദ്ദേഹത്തിന്റെ പുരോഗമന രാഷ്ട്രീയം കാരണമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.

Advertisements

സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് മ്യൂസിക് അക്കാദമി ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ‘സംഗീത കലാനിധി’ അവാര്‍ഡിനെ ചില കര്‍ണാടക സംഗീതജ്ഞര്‍ എതിര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍ രംഗത്ത് എത്തിയത്.

കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്ത ചില സംഗീതജ്ഞര്‍ പെരിയാര്‍ ഇ വി രാമസാമിയെ വിമര്‍ശിച്ചിരുന്നു. ഇതും അത്തരം സംഗീതജ്ഞരുടെ പേര് പറയാതെ തന്നെ സ്റ്റാലിന്‍ പരാമര്‍ശിക്കുന്നുണ്ട്. പെരിയാറിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതും പരിഷ്‌കരണവാദിയായ നവോത്ഥാന നായകനെ ജാതിപ്പേര് വിളിച്ചതും തീര്‍ത്തും അപലപനീയമാണെന്ന് സ്റ്റാലിന്‍ പറയുന്നു.

കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കിയ മ്യൂസിക് അക്കാദമി ഭാരവാഹികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പുരസ്‌കാരം നേടിയ ഗായകന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. കൃഷ്ണയുടെ കഴിവിനെ ഒരു വ്യക്തിക്കും തിരസ്‌കരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സ്റ്റാലിന്‍. മതവിശ്വാസത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുന്നത് പോലെ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം സംഗീതത്തില്‍ കലര്‍ത്തരുത് എന്നും പറഞ്ഞു.

 

Advertisement