മൊഹാലിയില്‍ ഇന്ത്യന്‍ വെടിക്കെട്ട്: ധവാന് പിന്നാലെ രോഹിതിനും അര്‍ദ്ധ സെഞ്ചുറി; ഹിറ്റ്മാന് ചരിത്ര നേട്ടം

20

മൊഹാലി: മൊഹാലി ഏകദിനത്തില്‍ ശിഖര്‍ ധവാന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും അര്‍ദ്ധ സെഞ്ചുറി. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 61 പന്തിലാണ് ഹിറ്റ്മാന്‍ അമ്പതിലെത്തിയത്.

Advertisements

രോഹിതിന്‍റെ 40-ാം അര്‍ദ്ധ സെഞ്ചുറിയാണ് മൊഹാലിയില്‍ പിറന്നത്. വ്യക്തിഗത സ്‌കോര്‍ 52 പിന്നിട്ടതോടെ ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം ഇന്ത്യന്‍ താരമെന്ന നേട്ടവും ഹിറ്റ്‌മാന്‍ സ്വന്തമാക്കി.

23 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 136 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ധവാന്‍ 73 പന്തില്‍ 80റണ്‍സെടുത്തിട്ടുണ്ട്.

ധവാന്‍ തകര്‍ച്ചടിച്ച് തുടങ്ങിയപ്പോള്‍ രോഹിത് ക്ഷമയോടെയാണ് ബാറ്റിംഗാരംഭിച്ചത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. 15-ാം തവണയാണ് രോഹിതും ധവാനും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്.

നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി.

ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ജയം ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കണം.

അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 30 ഓവറില്‍ 180 റണ്‍സ് എന്ന നിലയില്‍ ആണ്. രോഹിത് 91 റണ്‍സും ധവാന്‍ 89 റണ്‍സും എടുത്ത് ബാറ്റ് ചെയ്യുന്നു.

Advertisement