ആധാര്‍: പ്രവാസികള്‍ ഇനി ടെന്‍ഷന്‍ഫ്രീ

19

ജിദ്ദ: ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ പിരിമുറുക്കത്തില്‍ കഴിയുന്ന വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടും എന്ന റിസര്‍വ് ബാങ്ക് അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം.

ജിദ്ദ കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ പ്രവാസികള്‍ക്ക് ഒരു സര്‍ക്കാര്‍ സേവനവും നിഷേധിക്കില്ല. ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹരല്ലാത്തവര്‍ യാതൊരു സര്‍ക്കാര്‍ സേവനത്തിനും അത് നിബന്ധനയോ നിര്‍ബന്ധമോ ആക്കില്ലെന്ന് ആധാര്‍ അതോറിറ്റിയായ കേന്ദ്ര സര്‍ക്കാരിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നവംബറില്‍ ഗവണ്‍മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചിരുന്ന കാര്യവും കോണ്‍സുലേറ്റ് പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

Advertisements

2016 ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. ആധാര്‍ നിയമപ്രകാരം ആധാറിന് അര്‍ഹരായവരില്‍നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും സബ്സിഡികള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ. ആധാര്‍ നമ്പര്‍ ഇല്ലാത്തവരില്‍നിന്ന് സബ്സിഡിക്കും സേവനങ്ങള്‍ക്കും മറ്റു തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാമെന്നും ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പ് വ്യക്തമാക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു.

വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ പൂരിപ്പിക്കണമെന്ന നിബന്ധന എന്‍ ആര്‍ ഐക്കാര്‍ക്ക് ബാധകമല്ലെന്ന് യൂണീക് ഐഡന്റിറ്റി സൈറ്റില്‍ സംശയദൂരീകരണമായി ചേര്‍ത്തിട്ടുണ്ട്.

Advertisement